ബംഗളൂരു: കോടികളുടെ അനധികൃത പണമിടപാട് കേസിൽ പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ കർണാടക പട്ടികവർഗ, പട്ടികക്ഷേമ വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. സംഭവത്തിൽ ബി.ജെ.പിയുടെ പ്രതിഷേധം സംസ്ഥാനത്ത് തുടരുന്നതിനിടെയാണ് രാജിക്കത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നാഗേന്ദ്ര കൈമാറിയത്.
കർണാടക മഹർഷി വാത്മീകി പട്ടികവർഗ വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേരും ഉൾപ്പെട്ടത്. ഗോത്രവികസനത്തിനായി രൂപീകരിച്ച കോർപറേഷന് കീഴിലുള്ള 187 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് തിരിമറി നടത്തി എന്നാണ് കേസ്. കോർപറേഷൻ അക്കൗണ്ട്സ് സൂപ്രണ്ട് ചന്ദ്രശേഖറിനെ മേയ് 26ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
തിരിമറി നടന്നത് മന്ത്രി കൂടി അറിഞ്ഞാണെന്ന് ഉദ്യോഗസ്ഥൻ ആത്മഹത്യ കുറിപ്പും എഴുതി വച്ചിരുന്നു. കേസിൽ കോർപ്പറേഷൻ എംഡിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി.
അതേസമയം ഹൈക്കമാൻഡുമായി ആലോചിച്ച് രാജിയിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആരോപണങ്ങൾ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സർക്കാരിനെ സമ്മർദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയടേതായിരിക്കുമെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചു.