അക്ഷരാർത്ഥത്തിൽ അദ്ഭുതങ്ങളുടെ കലവറയാണ് പദ്മനാഭപുരം കൊട്ടാരം . തിരുവിതാംകൂറിന്റെ ആദ്യതലസ്ഥാനമായ പത്മനാഭപുരത്തെ 18-ാം നൂറ്റാണ്ടിലെ ദാരു നിര്‍മ്മിതമായ കൊട്ടാരം . 1592 മുതൽ 1609 വരെ വേണാടു ഭരിച്ച ഇരവി രവിവർമൻ എന്ന ഭരണാധികാരിയാണ് ഈ കൊട്ടാരം നിർമിച്ചത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുൾപ്പെട്ട കൽക്കുളം താലൂക്കിലാണിത്. തടിയിൽ തീർത്ത ഈ വിസ്മയത്തെ ഒട്ടേറെ വിദേശ സഞ്ചാരികൾ പ്രകീർത്തിച്ചിട്ടുണ്ട്. പിൽക്കാലത്ത് രൂപം കൊണ്ട പല കൊട്ടാരങ്ങൾക്കും ഈ സമുച്ചയം മാതൃകയായി. 1741 ല്‍ കുളച്ചല്‍ യുദ്ധത്തിനു ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ് ഇന്നു കാണുന്ന നിലയില്‍ കൊട്ടാരം പുതുക്കി പണിതത്. തന്റെ പരദേവനായ പദ്മനാഭ സ്വാമിക്ക് അതു സമർപ്പിച്ചതോടെ കൽക്കുളം വലിയ കോയിക്കൽ കൊട്ടാരം പദ്മനാഭപുരമായി അറിയപ്പെടാൻ തുടങ്ങി.
വേണാട് സ്വരൂപത്തിലെ തൃപ്പാപ്പൂർശാഖയാണു പിന്നീട് തിരുവിതാംകൂർ ആയി മാറിയത്. അവരുടെ ആദ്യകാല ആസ്ഥാനം ഇപ്പോഴത്തെ കന്യാകുമാരി ജില്ലയിലുൾപ്പെട്ട തിരുവിതാംകോട് ആയിരുന്നു. അവിടെ നിന്ന് അവർ ഇരണിയിൽ കൊട്ടാരത്തിലേക്കു മാറി. ആറര ഏക്കര്‍ വിസ്തൃതിയുണ്ട് ഇതിനു . പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വേണാടിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെ പത്മനാഭപുരത്തിന്റെ പ്രൗഢി കുറഞ്ഞു. കൊട്ടാരം നില്‍ക്കുന്നത് തമിഴ്‌നാട്ടിലാണെങ്കിലും കൊട്ടാരവും പരിസരങ്ങളും കേരളത്തിന്റെ സ്വന്തമാണ്. പൂമുഖത്തെ മച്ചില്‍ ശില്‍പാലംകൃതമായ കൊത്തുപണികള്‍ കാണാം. മുകളില്‍ രാജസഭ കൂടിയിരുന്ന ദര്‍ബാര്‍ ഹാള്‍. സമീപത്ത് ഇരുനിലകളിലായി ആയിരം പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഊട്ടുപുര.
400 കൊല്ലം പഴക്കമുള്ള തായ് കൊട്ടാരവും ഇതിനടുത്താണ്. വരിക്കപഌവിന്റെ തടിയില്‍ നിര്‍മിച്ച കന്നിത്തൂണിലും മച്ചിലും കമനീയമായ കൊത്തുപണികള്‍. മൂന്നു നിലകളുള്ള ഉപ്പിരിക്ക മാളിക, താഴെ ഖജനാവ്, മുകളില്‍ രാജാവിന്റെ ശയനഗൃഹം, ഏറ്റവും മുകളില്‍ തേവാരപ്പുര. കേരളത്തിലെ പുരാതനമായ ചുമര്‍ചിത്ര ശേഖരങ്ങള്‍ ഈ തേവാരപ്പുരയിലാണുള്ളത്. സുരക്ഷാകാരണങ്ങളാല്‍ ഉപ്പിരിക്ക മാളികയുടെ മുകള്‍നിലയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. നാലു നിലയുള്ള കെട്ടിടമാണിത്. താഴത്തെ നിലയിൽ ഖജനാവ് പ്രവർത്തിച്ചിരുന്നു. അക്കാലത്ത് നാഞ്ചിനാട്ടിലേക്ക് മധുര നായ്ക്കന്മാരുടെ ആക്രമണം പതിവായിരുന്നു. കൊയ്ത്തു കാലത്ത് പാടശേഖരങ്ങളിലേക്ക് അവരുടെ നിലപ്പട കപ്പം പിരിക്കാൻ ഇറങ്ങും. അതിനായി ഭൂതപ്പണ്ടിയിലും തിരുപ്പതി സാരത്തും വർ നിലയുറപ്പിച്ചിരുന്നു. അവരെ പ്രതിരോധിക്കാനാണ് കൽക്കുളത്തേക്ക് ആസ്ഥാനം മാറ്റാൻ തീരുമാനിച്ചത്.
ഈ പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളും അതിനു കാരണമായി. കിഴക്കുവശത്ത് വേളിമലയും തെക്കുവശത്ത് വള്ളിയാറും പ്രതിരോധമൊരുക്കുന്നുണ്ട് . പടിഞ്ഞാറും വടക്കും ഒരു കോട്ട കെട്ടിയാൽ സുരക്ഷിതമാകും. അങ്ങനെയാണ് കൽക്കുളത്തേക്കു രാജാക്കന്മാർ മാറിയത്. രാജാവിന്റെ സെക്രട്ടേറിയറ്റ് ഒന്നാം നിലയിലാണ്. രണ്ടാം നിലയിൽ രാജാവിന്റെ വിശ്രമ സ്ഥലം. അതിനു മുകളിൽ പ്രാർഥനാ മുറി. ഏകാന്തമായ പ്രാർഥനയ്ക്കായി സജ്ജീകരിച്ചിരിക്കുന്ന ഈ മുറിയിലെ സവിശേഷത പാരമ്പര്യ ശൈലിയിലെ ചുമർ ചിത്രങ്ങളാണ്. പദ്മനാഭപുരം കോട്ടയുടെ ശിൽപിയായ തൈക്കാട് നമ്പൂതിരിയും ശിഷ്യന്മാരുമായി ചേർന്നു വരച്ചതാകാം ഇവയെന്നു കരുതുന്നു. അനന്തശയനത്തിൽ പള്ളി കൊള്ളുന്ന പദ്മനാഭനാണ് അതിൽ ഏറ്റവും വലുത്. ചുറ്റിലും സൂര്യനും ചന്ദ്രനുമുണ്ട്. സൂര്യന് അനിഴം തിരുനാൾ മാർത്താണ്ഡവർമയോടും ചന്ദ്രന് യുവരാജാവ് കാർത്തിക തിരുനാൾ രാമവർമയോടും സാമ്യമുണ്ട്.
മാളികയോടു ചേര്‍ന്ന് രാജവധുക്കളുടെ അന്തപ്പുരം. തുടര്‍ന്ന് ഔദ്യോഗികാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തെക്കേ തെരുവ് മാളിക. രാജഭരണക്കാലത്ത് അതിഥിമന്ദിരമായി ഉപയോഗിച്ചിരുന്ന ഇന്ദ്രവിലാസം മാളിക കൊട്ടാരസമുച്ചയത്തില്‍ ഏറ്റവും ഒടുവിലത്തേതാണ്. യൂറോപ്യന്‍ മാതൃകയില്‍ നിര്‍മിച്ച ഈ ഉത്തുംഗ സൗധത്തില്‍ പോപ്പിന്റെ സന്ദേശവുമായി ഇന്ത്യയില്‍ ആദ്യമെത്തിയ ഫാ. പൗലിനോസ് ബര്‍ത്തലോമിയ എന്ന വിദേശമിഷണറി താമസിച്ചിട്ടുണ്ട്. ഏറ്റവും മനോഹരമായ മുറികളിലൊന്ന് കയറിച്ചെല്ലുമ്പോഴുള്ള മന്ത്രശാലയാണ്. ഇവിടെ ഗ്ലാസിനു പകരം മൈക്ക (അഭ്രപാളികൾ) കൊണ്ടുള്ള ഷീറ്റുകളാണുള്ളത്. അതിൽ അസ്തമയ രശ്മികൾ തട്ടുമ്പോഴുള്ള കാഴ്ച മനോഹരമാണ്. നാഴികയിലും വിനാഴികയിലുമാണു നേരത്തെ സമയം കണക്കാക്കിയിരുന്നത്. അത് മണിക്കൂറും സെക്കന്റും മിനിറ്റുമായി മാറിയത് ഇവിടെ നിന്നാണ്. അതു പാശ്ചാത്യരുടെ സ്വാധീനം കൊണ്ടാകാം. അവിടെ മണിമേടയിൽ ഒരു ക്ലോക്ക് സ്ഥാപിച്ചിട്ടുണ്ട്.
അരുളാനന്ദൻ മെയ്യപ്പൻ എന്ന ആശാരിയാണ് അതിന്റെ ശിൽപി. അദ്ദേഹം ഈ സാങ്കേതിക വിദ്യ ഡച്ചുകാരിൽ നിന്നു പഠിച്ചതാണ്. ഭാരക്കട്ടികൾ മുകളിലേക്കും താഴോട്ടും പോകുന്നതിനനുസരിച്ചു പൽച്ചക്രങ്ങൾ തിരിയും അതനുസരിച്ച് നാഴിക മണി അടിച്ചിരുന്നു. മാർത്താണ്ഡവർമയുടെ അവസാന കാലത്താണ് അതു നിലവിൽ വന്നത്. രാജഭരണകാലത്ത് നവരാത്രിപൂജയും നൃത്തസംഗീത സദസും നടത്തിയിരുന്ന നവരാത്രി മണ്ഡപം പൂര്‍ണമായും കരിങ്കല്ലില്‍ നിര്‍മിച്ചതാണ്. പ്രത്യേക മിശ്രിതം കൊണ്ട് നിര്‍മ്മിച്ച തറയില്‍ നോക്കി മുഖം മിനുക്കാം. നവരാത്രി മണ്ഡപം ഒഴികെ കൊട്ടാരസമുച്ചയത്തിലെ മറ്റ് കെട്ടിടങ്ങളെല്ലാം പൂര്‍ണമായും തടിയില്‍ നിര്‍മിച്ചവയാണ്. കേരള പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ് കൊട്ടാരം.
കരിങ്കൽ തൂണുകളും ശിൽപങ്ങളും കൊണ്ടലങ്കരിച്ച സരസ്വതീ മണ്ഡപത്തിലാണ് നൃത്തമുൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചിരുന്നത്. രാജാവ് ശയിച്ചിരുന്നത് 64 ഔഷധ വൃക്ഷങ്ങൾ ഉപയോഗിച്ചു നിർമിച്ചിരുന്ന ഔഷധക്കട്ടിലിലാണ്. ഡച്ചുകാർ സമ്മാനമായി നൽകിയതാണിത്. 1746 അടുപ്പിച്ച് മാർത്താണ്ഡ വർമയ്ക്ക് അരയ്ക്കു താഴെ തളർച്ചയുണ്ടായത്രേ. അതിനു ശേഷം ഈ കട്ടിലിൽ മെത്ത ഉപയോഗിക്കാതെയാണ് അദ്ദേഹം ശയിച്ചിരുന്നത്മ ഹാകവി കമ്പർ പൂജിച്ചിരുന്നതായി കരുതപ്പെടുന്ന ദിവ്യമായ സരസ്വതീ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവിടെയാണ്. എല്ലാ നവരാത്രിക്കാലത്തും ഇത് ആഘോഷമായി തിരുവനന്തപുരത്തേക്ക് എഴുന്നള്ളിക്കുന്നു