കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു വരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. ഇതില്‍ പ്രധാനപ്പെട്ടതാണ് കടമ്മനിട്ട കാവിലെ പടയണി. വിഷു നാളില്‍ ചൂട്ടുവച്ച് പച്ചത്തപ്പ് കൊട്ടി തുടങ്ങി പത്താമുദയ ദിവസം പകല്‍ പടയണിയോടെയാണ് ഇത് സമാപിക്കുക.വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തി വരുന്നത് എന്നതിനാൽ നാനാജാതി മതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. ദാരിക നിഗ്രഹത്തിന് ശേഷം കലി ശമിക്കാതിരുന്ന കാളിയെ ശാന്തയാക്കാനായി പരമശിവന്‍റെ ഭൂതഗണങ്ങളും വാദ്യമേളങ്ങളും തുള്ളലുകളും ഹാസ്യ സംവാദങ്ങളും നടത്തിയത്രെ.
കാളി ശാന്തയായതോടെ നാശത്തിന്‍റെ നടുക്കല്‍ നീങ്ങി സമൂഹത്തില്‍ നന്മയുടെ പ്രകാശം പരന്നു. കാലക്രമത്തില്‍ നന്മ കൊതിച്ച നാട്ടുകൂട്ടങ്ങള്‍ പച്ചത്തപ്പു കൊട്ടി ദേവിയെ വിളിച്ചിറക്കി കോലം കെട്ടി നൃത്തമാടി എന്നാണ് ചരിത്രം. അങ്ങനെ കരനാഥന്മാരുടെ തണലില്‍ പടയണി ഒരു അനുഷ്ഠാന കലാരൂപമായി മാറി.കാളി പ്രീതിക്കു വേണ്ടി നടത്തുന്ന ഒരു കലാരൂപമാണ് പടയണി എങ്കിലും ആത്യന്തികമായി അതിന്‍റെ ലക്‍ഷ്യം സമൂഹ നന്മയാണ്. ഇരുട്ടിന്‍റെ പ്രതീകമാണ് ദാരികന്‍. കാളി കാളുന്നവളാണ്. ഇരുട്ടിന്‍റെ മേല്‍ ആധിപത്യമുറപ്പിക്കുന്ന വെളിച്ചമാണ് പടയണിയുടെ ആന്തരിക ചൈതന്യം. പടയണിയുടെ രണ്ട് മൂന്ന് ദിവസം മുൻപ് തന്നെ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും .
കോലങ്ങൾ തയ്യാറാക്കാനുള്ള വസ്തുക്കൾ നാട്ടുകാർ തന്നെ ശേഖരിക്കുന്നു . കമുകിൻ പാള , പച്ചയീർക്കിൽ , പ്ലാവില , കമുകിൻ വാരികൾ , കുരുത്തോല എന്നിവയാണ് ഇതിനായി ഒരുക്കുന്നത് . ചെങ്കല്ല് അരച്ചെടുക്കുന്ന ചുവപ്പും , പച്ച മാവില വെയിലത്ത് വാട്ടി അരച്ചെടുക്കുന്ന കറുപ്പും , മഞ്ഞൾ അരച്ചെടുക്കുന്നതാണ് മഞ്ഞ നിറം . പടയണി കോലത്തിലെ പഞ്ചവർണ്ണങ്ങളെ ആകാശം,ഭൂമി, ജലം ,വായു , അഗ്നി അങ്ങനെ പഞ്ചഭൂതങ്ങളായാണ് കാണുന്നത് .ഗണപതിക്കോലം, മറുത ,യക്ഷി ,മാടൻ , കാലൻ , രക്ത ചാമുണ്ഡി,ഗന്ധർവൻ ,പക്ഷി,ഭൈരവൻ എന്നിങ്ങനെയാണ് പടയണികോലങ്ങൾ . തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി.
കുംഭം, മീനം മാസങ്ങളിലാണ് പടയണി നടക്കാറ്. പന്ത്രണ്ട് ദിവസത്തോളം നീണ്ടു നിൽക്കുന്ന പടയണിയുടെ ഒന്നാം ദിവസത്തെ ചടങ്ങ് ചൂട്ടുവെപ്പോടുകൂടി ആരംഭിക്കുന്നു. പടയണി നടക്കുന്നു എന്ന വിവരമറിയിയ്ക്കാൻ നടത്തുന്ന വാദ്യമേളമാണ് കാച്ചിക്കെട്ട്. ചിലയിടങ്ങളിൽ ഇതിനെ തപ്പുമേളം എന്നും പറയും. ചൂട്ടുക്കറ്റയിലാണ് ശ്രീകോവിലിൽ നിന്നും അഗ്നി സ്വരൂപിണിയായ അമ്മയെ ആവാഹിക്കുന്നത്. അങ്ങനെ ആവാഹിച്ചെടുത്ത അഗ്നി യഥാസ്ഥാനം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ ചടങ്ങുകൾ തീരുന്നതുവരെ അണയാതെ എരിഞ്ഞു കൊണ്ടു തന്നെ നിൽക്കണം….പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തിൽ, കാവുകളിൽ എന്നിവിടങ്ങളിൽ ആണ് പടയണി നടക്കുന്നത്. മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും പടയണി നടത്താറുണ്ട്.