Entertainment

അവൾക്കെതിരെ വീഡിയോ വരുമ്പോഴും അച്ഛൻ അതിനെ പ്രോത്സാഹിപ്പിക്കുകയോ സന്തോഷിക്കുകയോ ഇല്ല: എന്തിനാണ് ആൾക്കാർ ആ കുട്ടിയെ ഇങ്ങനെ ചെയ്യുന്നത് ?

നിമിഷയ്ക്ക് ചിലപ്പോൾ അന്ന് അത് പറഞ്ഞപ്പോൾ സന്തോഷം ഉണ്ടായിരിക്കാം

ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് നടി സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് നിയന്ത്രണം ഏർപ്പെടുത്തി. നാലുവർഷം മുൻപ് നിമിഷ പറഞ്ഞ ഒരു പ്രസ്താവനയാണ് സംഘപരിവാർ പ്രവർത്തകരെ ചൊടിപ്പിച്ചത്.

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയൻ പങ്കെടുത്തിരുന്നു. ആ റാലിയിൽ നിമിഷ സജയൻ പറഞ്ഞ വാക്കുകൾ വീണ്ടും കുത്തി പൊക്കിയാണ് സംഘപരിവാർ അണികളുടെ വിമർശനം. ‘‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’’ എന്നായിരുന്നു നിമിഷ പറയുന്നത്.

തൃശൂര് തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്നും വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ എന്നുമൊക്കെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ. ഇതിനു പുറമെ ഒരുപാട് ട്രോൾ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പറയുകയായിരുന്നു നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്. മന്ദാകിനി എന്ന സിനിമയുടെ റിലീസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം.

‘നിമിഷ ഇത് പറഞ്ഞ സമയത്ത് അന്ന് മീഡിയ ഇത് വൈറൽ ആക്കിയതും ഞാൻ അന്ന് കണ്ടിരുന്നു. മീഡിയക്കാരുടെ വൈറൽ ആക്കാനുള്ള പ്രയത്‌നവും അന്ന് കണ്ടിരുന്നു. തിരിച്ചും അതു പോലെ നടക്കുന്നു. എനിക്ക് ഒട്ടും സുഖം തോന്നുന്നില്ല, നിമിഷ ഇത് കാരണം വിഷമിക്കുന്നുണ്ടെങ്കിൽ എനിക്കോ അച്ഛനോ അത് ഒട്ടും സന്തോഷം കൂടുതൽ തരുന്ന കാര്യമല്ല,’ എന്നും ഗോകുൽ പറയുന്നു.

നിമിഷയ്ക്ക് ചിലപ്പോൾ അന്ന് അത് പറഞ്ഞപ്പോൾ സന്തോഷം ഉണ്ടായിരിക്കാം. അത് രണ്ട് വ്യക്തികളുടെ വ്യത്യസ്തമായ കാഴ്ചപ്പാടും മനസും ഒക്കെയാണ്. എന്റെ അച്ഛൻ അതുകൊണ്ട് നിമിഷയെ വെറുക്കുകയോ മോശം പറയുകയോ ഒന്നും ചെയ്തിട്ടില്ല. നിമിഷയ്ക്ക് അന്ന് അങ്ങനെ പറയാൻ തോന്നിയെന്നും ഗോകുൽ പറയുന്നു.

തിരിച്ച് നിമിഷയ്‌ക്കെതിരെ വീഡിയോ വരുമ്പോഴും അച്ഛൻ അതിനെ പ്രോത്സാഹിപ്പിക്കുന്നതോ അത് കണ്ടതുകൊണ്ട് സന്തോഷിക്കുന്നതോ ഇല്ല. ശരിക്ക് എന്തിനാ ആൾക്കാർ ആ കുട്ടിയെ കൂടി ഇങ്ങനെ ചെയ്യുന്നത് എന്നാണ് അച്ഛൻ ചോദിക്കുന്നത് എന്നും ഗോകുൽ സുരേഷ് പറഞ്ഞു.

‘രാഷ്ട്രീയം എന്ന് പറയുന്നത് ഇങ്ങനെ തന്നെയാണ്. അത്ര ആധികാരികമായി പറയാനുള്ള രാഷ്ട്രീയ അറിവൊന്നും എനിക്ക് ഇല്ല. ഇന്ന് ജയിച്ച് വന്നിട്ടുള്ള എത്രയോ പേർ തോറ്റിട്ട് തന്നെയാണ് എത്തിയിട്ടുള്ളത്. എന്റെ അച്ഛൻ 30-40 കൊല്ലമായിട്ട് ജനങ്ങൾക്ക് ഇടയിൽ ഇത്രയും ജനപ്രീതി ഉള്ള ആളും അറിയാവുന്ന ആളായിട്ട് കൂടിയും അച്ഛനെ അറിഞ്ഞുകൂട എന്ന മട്ടിലായിരുന്നു കഴിഞ്ഞ ഒരു ആറോ എട്ടോ കൊല്ലമായിട്ട്,’ ഗോകുൽ പറഞ്ഞു.

‘അച്ഛൻ ബിജെപിയിൽ വന്നപ്പോൾ എന്തോ ആയി. വലിയ നെഗറ്റീവ് ആയിരിക്കും. ഒരു മത വിഭാഗത്തെ അടിച്ച് ഈ രാജ്യത്ത് നിന്ന് കളയും തുടങ്ങിയ കാര്യങ്ങൾ നടക്കുകയാണ്. ഇവർ ഒന്നും ഇരുന്ന് ആലോചിക്കാത്തതുകൊണ്ടാണ്. എന്നിട്ടും പുള്ളി ജയിച്ചല്ലോ. അതിന് ജനങ്ങളോട് നന്ദി.

‘ഞങ്ങൾക്ക് അച്ഛനെ കുറച്ചു കൂടി നഷ്ടപ്പെട്ടു. പക്ഷെ നിങ്ങൾക്ക് അച്ഛനെ കുറച്ചു കൂടി കിട്ടി. പെട്ടെന്ന് തന്നെ ഇപ്പോൾ ഒരു കിരീടത്തിന്റെ വിഷയമോ അല്ലെങ്കിൽ ബീഫിന്റെ വിഷയമോ ഒരു പോണ്ടിച്ചേരി രജിസ്‌ട്രേഷന്റെ വിഷയമോ എട്ടോ ഒൻപതോ വർഷം ഞങ്ങളുടെ കൈയ്യിൽ ഇരുന്ന ഒരു വണ്ടി, ഒൻപതാമത്തെ കൊല്ലം ടാക്‌സ് വെട്ടിച്ച വണ്ടിയായി മാറി. ഇങ്ങനൊക്കെ ഉള്ള കുറേ പരിപാടികൾ കറങ്ങുന്നുണ്ട്’- ഗോകുൽ പറഞ്ഞു.