Kerala

തൃശൂര്‍ ഡിസിസി ഓഫീസിലെ സംഘർഷം; സജീവൻ കുരിയച്ചിറക്ക് എതിരെ കേസ്

തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയ്ക്ക് പിന്നാലെ ഡിസിസി കമ്മിറ്റി ഓഫീസിലുണ്ടായ കൂട്ടത്തല്ലില്‍ ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറക്കെതിരെ കേസ് എടുത്ത് ഈസ്റ്റ് പൊലീസ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ , യൂത്ത് കോൺഗ്രസ്സ് നേതാവ് പഞ്ചു തോമസ് എന്നിവർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. സജീവന് പുറമെ ഏഴ് പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഡിസിസി ഓഫീസിൽ വച്ച് മർദ്ദിക്കുകയും, ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഡിസിസി പ്രസിഡണ്ടിനും 20 പേർക്കും എതിരെ രാവിലെ കേസെടുത്തിരുന്നു. അന്യായമായി സംഘം ചേരല്‍, മര്‍ദനം, തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ നേതാക്കള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.