Celebrities

അവതാരകന്റെ മുഖത്തടിച്ച വില്‍ സ്മിത്തിനെ ന്യായീകരിച്ച കങ്കണയുടെ പഴയ പോസ്റ്റ്, വീണ്ടും ചർച്ചയാകുന്നു

അവതാരകന്‍ ക്രിസ് റോക്കിനെ അടിച്ച സംഭവത്തില്‍ താരത്തെ ന്യായീകരിച്ചുകൊണ്ട് കങ്കണ രംഗത്തെത്തിയിരുന്നു

മുംബൈ : നടിയും നിയുക്ത ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന് ഛത്തീസ്‍ഗഡ് വിമാനത്താവളത്തില്‍ വച്ച് കരണത്തടിയേറ്റ സംഭവം ചര്‍ച്ചയായിരുന്നു. സിഐഎസ്എഫ് കോണ്‍സ്റ്റബിളായ കുല്‍വിന്ദര്‍ കൗറാണ് നടിയുടെ മുഖത്തടിച്ചത്. കരണത്തടി സംഭവം സംഭവം ചര്‍ച്ചയാകുമ്പോള്‍ കങ്കണയുടെ പഴയൊരു പോസ്റ്റാണ് നെറ്റിസണ്‍സ് കുത്തിപ്പൊക്കിയിരിക്കുന്നത്.

2022ലെ ഓസ്കര്‍ പുരസ്കാരച്ചടങ്ങില്‍ വച്ച് നടന്‍ വില്‍ സ്മിത്ത് അവതാരകന്‍ ക്രിസ് റോക്കിനെ അടിച്ച സംഭവത്തില്‍ താരത്തെ ന്യായീകരിച്ചുകൊണ്ട് കങ്കണ രംഗത്തെത്തിയിരുന്നു. “ഒരു കൂട്ടം വിഡ്ഢികളെ ചിരിപ്പിക്കാൻ ഏതെങ്കിലും വിഡ്ഢികൾ എൻ്റെ അമ്മയുടെയോ സഹോദരിയുടെയോ അസുഖം ഉപയോഗിച്ചാൽ വിൽസ്മിത്ത് ചെയ്തതുപോലെ ഞാൻ അവനെ തല്ലും,” എന്നായിരുന്നു കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിനിടെയാണ് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്ത് വിൽ സ്മിത്ത് അടിച്ചത് .ഭാര്യ ജെയ്ഡ പിങ്കറ്റിനെ കളിയാക്കിയതിനായിരുന്നു വിൽ കരണത്തടിച്ചത്.അലോപേഷ്യ എന്ന രോഗം കാരണം തല മൊട്ടയടിച്ചായിരുന്നു ജാഡ ചടങ്ങിനെത്തിയിരുന്നത് . ഇവരുടെ മൊട്ടയടിച്ച തലയെക്കുറിച്ചായിരുന്നു ക്രിസ് റോക്കിന്‍റെ പരാമര്‍ശം. ഇതില്‍ പ്രകോപിതനായ വില്‍ സ്മിത്ത് വേദിയിലെത്തി ക്രിസിന്‍റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. സംഭവം വലിയ വിവാദമാവുകയും അക്കാദമി അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഓസ്കറിൽ നിന്നും അക്കാദമിയുടെ മുഴുവൻ പരിപാടികളിൽ നിന്നും പത്ത് വർഷത്തേക്ക് നടന് വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് വില്‍ സ്മിത്ത് ക്രിസ് റോക്കിനോട് മാപ്പ് പറയുകയും ചെയ്തിരുന്നു.

അതേസമയം കങ്കണയുടെ കരത്തടിച്ച കുല്‍വിന്ദര്‍ കൗറിനെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ചണ്ഡീഗഡ് വിമാനത്താവളത്തിലെ സുരക്ഷാപരിശോധനക്കിടെയാണ് കങ്കണക്ക് അടിയേറ്റത്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മുൻപ് കങ്കണ നടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. കങ്കണ ബോര്‍ഡിങ് ഏരിയയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.പഞ്ചാബില്‍ തീവ്രാവാദം വര്‍ധിക്കുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നായിരുന്നു പിന്നീട് കങ്കണ പ്രതികരിച്ചത്. 100 രൂപ കൊടുത്തല്‍ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ തയ്യാറെണന്ന് കങ്കണ പറയുമ്പോള്‍ തന്‍റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്ന് കുല്‍വിന്ദര്‍ കൗര്‍ പറഞ്ഞിരുന്നു.