ഡ്രൈവിംഗ് പരിഷ്‌കരണ ഉത്തരവ് തിരുത്തിയില്ലെങ്കില്‍ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്നാണ് സി.ഐ.ടി.യു വിന്റെ പുതിയ വെല്ലുവിളി ഗണേഷ് കുമാര്‍ ഏറ്റെടുക്കുമോ എന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ പ്രശ്‌നം. നിയമസഭാ സമ്മേളനം കൂടി ആരംഭിച്ച സാഹചര്യത്തില്‍ സി.ഐ.ടി.യു നിയമസഭയിലേക്ക് മാര്‍ച്ച് ചെയ്യാനും സാദ്യതയുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയ ശേഷം പ്രത്യേകിച്ചൊരു പണിയുമില്ലാതെ തണുത്തിരുന്ന സംഘടനയാണ് സി.ഐ.ടി.യു. എന്നാല്‍, ഗണേഷ്‌കുമാര്‍ വന്നതോടെ ഇവര്‍ ഉഷാറായിരിക്കുകയാണ്.
പ്രതിപക്ഷത്തിനെതിരേ നിയമസഭയിലും, പുറത്തും വാക്കുകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതല്ലാതെ നല്ലൊരു സമരം ചെയ്തിട്ട് കാലംകുറേയായെന്ന വിഷമവും സഖാക്കള്‍ക്കുണ്ട്. ഇതെല്ലാം പരിഹരിക്കാനായിട്ടാണ് ഡ്രൈവിംഗ് പരിഷ്‌ക്കരണത്തില്‍ കട്ടക്ക് പിടിച്ചിരിക്കുന്നത്. സി.ഐ.ടി.യു പിടിച്ചതു പോലെ തന്നെയാണ് മന്തരി ഗണേഷ്‌കുമാറും പിടിച്ചിരിക്കുന്നത്. ആര് പിടിച്ച മുയലിനാണ് കൊമ്പുള്ളതെന്നറിഞ്ഞാല്‍ മാത്രം മതി. ചുളുവിനെ ഒപ്പിക്കുന്ന ലൈസന്‍സുമായി നിരത്തിലിറങ്ങുന്നവരാണ് അപകടങ്ങള്‍ക്കു കാരണമെന്ന് മന്ത്രി തെളിവുകള്‍ നിരത്തി പറയുമ്പോള്‍, അതെല്ലാം ചെന്നു തറയ്ക്കുന്നത് ഡ്രൈവിംഗ് സ്‌കൂളുകാരിലാണ്.
ഇവരില്‍ ഭൂരിഭാഗം പേരും സി.ഐ.ടി.യു യൂണിയന്റെ ഭാഗവും. അപ്പോള്‍ മന്ത്രി പറയുന്നത് അംഗീകരിച്ചു കൊടുക്കാനൊക്കുമോ. അതുകൊണ്ടാണ് പരിഷ്‌ക്കരണം തിരുത്തണമെന്ന വെല്ലുവിളിയും പുറത്തിറങ്ങില്ലെന്നത് ഭീഷണിയായും ഉയര്‍ത്തിയിരിക്കുന്നത്. എന്തായാലും നിലപാട് കടുപ്പിച്ചിരിക്കുകയാമ് സി.ഐടി.യു. ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണ്. ഡ്രൈവിംഗ് പരിഷ്‌ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കില്‍ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്ന് ഉറപ്പിട്ടു പറയുകയും ചെയ്തു കഴിഞ്ഞിരിക്കുകയാണ് സിഐടിയു നേതൃത്വം.
മറ്റ് മന്ത്രിസഭകളില്‍ ഇരുന്ന എക്‌സ്പീരിയന്‍സ് വച്ച് എല്‍.ഡി.എഫ് സര്‍ക്കാരില്‍ ഭരിക്കാന്‍ വന്നാല്‍ തിരുത്താന്‍ സി.ഐ.ടി.യുവിനറിയാമെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റും സി.പി.എം നേതാവുമായ കെ.കെ ദിവാകരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സി.ഐ.ടി.യു അംഗീകരിച്ച ശേഷമാണ് പുതിയ സര്‍ക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇന്‍സ്ട്രക്ടര്‍ വേണമെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി അനില്‍കുമാറും വ്യക്തമാക്കിയിട്ടുണ്ട്.
ഡ്രൈവിംഗ് പരിഷ്‌ക്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡ്രൈവിംഗ് സ്‌കൂള്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റും സി.പി.എം നേതാവുമായ കെ.കെ ദിവാകരന്‍. ടെസ്റ്റ് നടത്താന്‍ ഇന്‍സ്ട്രക്ടര്‍മാരെ നിര്‍ബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്നാണ് സി.ഐ.ടി.യു ആവശ്യപ്പെടുന്നത്. രണ്ടര ലക്ഷം പേരാണ് ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. വന്‍കിട മുതലാളിമാര്‍ക്ക് വേണ്ടിയാണ് മന്ത്രി പ്രവര്‍ത്തിക്കുന്നതെന്നും സ്വയം തൊഴില്‍ കണ്ടെത്തിയവരെ പട്ടിണിക്കിട്ടുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും സി.ഐ.ടി.യു നേതൃത്വം കുറ്റപ്പെടുത്തി.