തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാൻ വിളിച്ച ഇടതുമുന്നണി യോഗത്തിൽ ആര്‍ജെഡി സീറ്റ് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം അറിയിച്ചു. രാജ്യസഭാ സീറ്റ് എപ്പോഴും സിപിഐക്ക് നൽകുന്നതിലായിരുന്നു പ്രതിഷേധം. മുന്നണി യോഗത്തിൽ ആര്‍ജെഡിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വർഗീസ് ജോർജാണ് മുന്നണി നേതൃത്വത്തിൻ്റെ നിലപാടിനെ വിമര്‍ശിച്ചു.
എംവി ശ്രേയാംസ് കുമാറിന്റെ കാലാവധി കഴിഞ്ഞപ്പോഴും സീറ്റ് നൽകിയത് സിപിഐക്കാണെന്ന് വര്‍ഗീസ് ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. രാജ്യസഭയിലേക്ക് എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍ജെഡിയെ പിന്തുണച്ചും അനുനയിപ്പിച്ചും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. ആര്‍ജെഡിയുടെ വാദം ശരിയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. പിന്നീട് രാജ്യസഭാ സീറ്റിലേക്ക് ഇനി സംസ്ഥാനത്തെ മുന്നണിയിൽ റൊട്ടേഷൻ വ്യവസ്ഥ കൊണ്ടുവരാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇത് മുന്നണി യോഗം യോഗം അംഗീകരിച്ചു. രണ്ട് സീറ്റ് ഒഴിവു വരുമ്പോൾ ഒഴിവുവരുന്ന രണ്ടാമത്തെ സീറ്റ് മുന്നണിയിലെ കക്ഷികൾക്ക് റൊട്ടേഷൻ വ്യവസ്ഥയിൽ നൽകാമെന്നാണ് നിലപാട് അറിയിച്ചത്. ഇത്തരത്തിൽ രാജ്യസഭാ സീറ്റിൻ്റെ മാനദണ്ഡം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കാനും യോഗം ധാരണയിലെത്തി.
അതേസമയം, ഒഴിവുവരുന്ന രണ്ട് സീറ്റുകളിൽ സി.പി.ഐയും കേരള കോൺഗ്രസ് എമ്മും മത്സരിക്കും. എൽ.ഡി.എഫ്. മുന്നണിയോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തിൽ തർക്കത്തിനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സിപിഐഎം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്.
നേരത്തെ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്നം അവസാനിപ്പിക്കാന്‍ തയ്യാറായത്.