സുമതി വളവിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? കാമുകന്റെ ചതിയില്‍ ജീവനും ജീവിതവും പൊലിഞ്ഞ ഒരു പെണ്ണുണ്ടവിടെ, സുമതി. സുമതിയെ അറിയാതെ എങ്ങനെ സുമതി വളവിനെ കുറിച്ചറിയും ? ജോലി ചെയ്യുന്ന വീട്ടിലെ മുതലാളിയുടെ മകനുമായുള്ളപ്രണയത്തിൽ അവൾക്ക് നൽകേണ്ടി വന്നത് സ്വന്തം ജീവനും വയറ്റിലെ ആ കുഞ്ഞുജീവനുമായിരുന്നു. 71 വർഷങ്ങൾക്ക് ഇപ്പുറവും അവൾ ഗതി കിട്ടാതെ പ്രതികാര ദാഹിയായി രക്തം ചിന്തി മരിച്ചയിടത്ത് അലയുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ?
ഒരു ദരിദ്ര കുടുംബത്തിലാണ് സുമതി ജനിച്ചത്. സുമതിയുടെ അമ്മ ഒരു അരി കച്ചവടക്കാരി ആയിരുന്നു. വളരെ ദരിദ്രമായ അവസ്ഥയിലും അരിവിറ്റ് അവളുടെ അമ്മ അവളെ നോക്കി. താണുമുതലാളിയുടെ വീട്ടില്‍ വേലക്കാരിയായി അവയലെത്തി. വീട്ടില്‍ അടുക്കള ജോലിക്കിടയിലും പഠിക്കാന്‍ അവള്‍ സമയം കണ്ടെത്തി. താണുമുതലാളിക്ക് രത്‌നാകരന്‍ എന്നൊരു മകനുണ്ടായിരുന്നു. ആ ഇരുപത്തിനാലുകാരനുമായി അവള്‍ പ്രണയത്തിലായി.
1953 ജനുവരി 27 ചെവ്വാഴ്ച രാത്രിയാണ് സംഭവം. സമയം രാത്രി 10 മണി. പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം നടക്കുന്നു. ഉത്സവം കാണിക്കാമെന്ന് പറഞ്ഞാണ് രത്‌നാകരന്‍ തന്റെ അംബാസിഡര്‍ കാറില്‍ സുമതിയെയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങുന്നത്. തമിഴ്‌നാട്ടിലെവിടെയെങ്കിലും പോയി വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞാണ് അവളെക്കൂട്ടി ഇറങ്ങിയതെന്നും ഒരു കഥയുണ്ട്.
എന്തായാലും കുറച്ച് കാര്‍ ദൂരം പിന്നിട്ടപ്പോള്‍ സുഹൃത്ത് രവീന്ദ്രനെയും രത്‌നാകരന്‍ കാറില്‍ കയറ്റി. എന്നാല്‍ കാര്‍ പങ്ങോട് എത്തി ക്ഷേത്രത്തിലേക്ക് പോകുന്നതിനു പകരം നേരെ പാലോടേക്കു തിരിഞ്ഞു. മൈലമൂട് പാലത്തിന് സമീപം വനാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാര്‍ കാട്ടിനുള്ളിലേക്ക് കയറ്റി നിര്‍ത്തി. വഴി നിശ്ചയമില്ലാതിരുന്ന സുമതിയോട് അമ്പലത്തിലേക്ക് ഇതിലെ കുറുക്കുവഴിയുണ്ടെന്ന് പറഞ്ഞ് ധരിപ്പിച്ചു. ഇത് വിശ്വസിച്ച സുമതി ഇവര്‍ക്ക് ഒപ്പം നടന്നു. സുമതിയെ സൂത്രത്തില്‍ ഉള്‍വനത്തിലെത്തിച്ച് കൊല നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ കാമുകന്റെയും കൂട്ടുകാരന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ സുമതിക്ക് താന്‍ ചതിക്കപ്പെട്ടെന്ന് മനസിലായി. അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ആ കൊടുങ്കാട്ടില്‍ അവളുടെ നിലവിളി ആരു കേള്‍ക്കാന്‍?
അവളെ പിന്തുടര്‍ന്നു പിടിച്ച ശേഷം കാട്ടുവള്ളികള്‍ കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി വനത്തിലുള്ളിലൂടെ വലിച്ചിഴച്ച് രത്‌നാകരനും കൂട്ടുകാരനും നടന്നു.പക്ഷേ അവര്‍ക്ക് ഒരു അബദ്ധം പറ്റി. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡ് തിരിഞ്ഞു മറിഞ്ഞ് വീണ്ടും അവരുടെ അരികിലെത്തി ദിശതെറ്റിയ ഇരുവരും ഉള്‍വനമെന്ന് ധരിച്ച് നടന്നെത്തിയത് റോഡരികിലേക്കായിരുന്നു. കല്ലറ പാലോട് റോഡില്‍ ഇപ്പോള്‍ സുമതിയെ കൊന്ന റോഡ് എന്നറിയപ്പെടുന്ന എസ്സ് വളവിന് സമീപത്തായിരുന്നു അവരെത്തിയത്.
പിന്നെ നടന്നത് കൊടുംക്രൂരത. രത്‌നാകരന്‍ സുമതിയുടെ മുടിയില്‍ ചുറ്റിപ്പിടിച്ച് കഴുത്ത് മലര്‍ത്തി വച്ചു. വയറ്റില്‍ വളരുന്ന കുഞ്ഞിനെ ഓര്‍ത്തെങ്കിലും തന്നെ കൊല്ലല്ലേയെന്നും എവിടെയെങ്കിലും ഉപേക്ഷിച്ചോളൂ ഒരിക്കലും തിരിച്ചുവരില്ലെന്നും അവള്‍ കരഞ്ഞു പറഞ്ഞത്രേ. പക്ഷേ കഴുത്തില്‍ കത്തി താഴ്ന്നു. ചീറ്റിയൊഴുകിയ രക്തം കണ്ട് ഇരുവരും ഞെട്ടി. കഴുത്ത് അറ്റുമാറാറായ നിലയില്‍ അവളെ അവിടെ ഉപേക്ഷിച്ച് അവര്‍ ഓടി. ഇവിടെ ഏതോ മരത്തില്‍ ചാരിവച്ച നിലയിലായിരുന്നു ഈറ്റവെട്ടാനെത്തിയ ആദിവാസികളായ കാണിക്കാര്‍ ദിവസങ്ങള്‍ക്കു ശേഷം അവളുടെ മൃതദേഹം കാണുന്നത്. അന്നുമുതലാണ് ഇവിടം സുമതിയെ കൊന്ന വളവാകുന്നത്
ഈ വളവിനെപ്പറ്റി ദിനംപ്രതി ഒരുപാട് കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ ഈ വഴിയിലൂടെ ആളുകൾക്ക് സഞ്ചരിക്കാൻ ഭയമാണ്. രാത്രികാലങ്ങളിൽ സുമിതയുടെ പ്രേതത്തെ ഇവിടെ കാണാം എന്നാണ് വിശ്വാസം. ഇവിടെ വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ എഞ്ചിൻ ഓഫ് ആവുകയും ബൈക്ക് യാത്രക്കാർ മറിഞ്ഞുവീഴുകയും ചെയ്യുന്നു എന്നാണ് പറയപ്പെടുന്നത്.
രാത്രി രണ്ടുമണിക്ക് താനീ വഴിയിൽ കിടന്നുറങ്ങിയിട്ടുണ്ടെന്നും പ്രചരിക്കുന്നതെല്ലാം വ്യാജമാണെന്നും ആണ് നാട്ടുകാരിൽ ഒരാൾ പറയുന്നത്. ഭയം മുതലെടുത്ത് പിടിച്ചു പറിക്കാനുള്ള ലക്ഷ്യമാണ് ഇതിന് പിന്നിൽ എന്നാണ് അദ്ദേഹം പറയുന്നത്. ജനവാസ മേഖലയില്ലാത്ത പ്രദേശമാണിത്.
സുമതിയുടെ കുടുംബത്തിൽപ്പെട്ട ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് അറിവില്ല. ഏത് പാതിരാത്രി വേണമെങ്കിലും ഞാൻ ഈ വഴിയിലൂടെ സഞ്ചരിക്കും. ഇവിടെ പറയത്തക്ക കുഴപ്പങ്ങളൊന്നുമില്ല. സുമതി ഞാൻ കണ്ടിട്ടുമില്ലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
നിരവധി സഞ്ചാരികൾ ഇന്ന് സുമതി വളവും തേടി മൈലുംമൂട്ടിലെത്തുന്നുണ്ടെന്ന് ഓട്ടോറിക്ഷത്തൊഴിലാളികളും മറ്റും സാക്ഷ്യപ്പെടുത്തുന്നു. പഴയ പാട്ടുപുസ്തക കഥകൾ ബ്ലോഗെഴുത്തുകളിലേക്കും ചാനൽ ഷോകളിലേക്കും ഹ്രസ്വചിത്രങ്ങളിലേക്കുമൊക്കെ ചേക്കേറിയതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇങ്ങോട്ട്. അടുത്ത കാലത്ത് ഒരു കൂട്ടം ചെറുപ്പക്കാർ സുമതിയെ കാണാൻ അർദ്ധരാത്രിയിൽ ഈ കാട്ടിൽക്കയറി ഒളിച്ചിരുന്നുവത്രെ. പിറ്റേന്ന് നിരാശരായി മടങ്ങിയ ഇവരുടെ കഥ പറയുമ്പോൾ നാട്ടുകാരിൽ പലരുടെ മുഖങ്ങളിലും ചിരി.
സുമതിയുടെ പ്രേതത്തിന്റെ മറവിൽ ഒരുകാലത്ത് ഇവിടം സാമൂഹിക വിരുദ്ധർ കേന്ദ്രമാക്കിയിരുന്നുവെന്ന് പൊലീസും നാട്ടുകാരും പറയുന്നു. രാത്രി കാലങ്ങളിൽ വെളുത്ത വസ്ത്രം ധരിച്ച് റോഡിൽ പ്രത്യക്ഷപ്പെട്ട് യാത്രക്കാരെ ഭയപ്പെടത്തി പണവും വിലപിടുപ്പുള്ള വസ്തുക്കളും അപഹരിച്ചെടുക്കലായിരുന്നു ഇവരുടെ രീതി. റോഡിൽ അള്ള് വച്ച് ടയർ പഞ്ചറാക്കിയും റോഡിനു കുറുകെ കമ്പിവലിച്ചു കെട്ടി ബൈക്ക് യാത്രികരെ വീഴ്ത്തിയുമൊക്കെയായിരുന്നു കൊള്ള. ഇരകളിൽ ഭൂരിഭാഗവും നാണക്കേട് ഭയന്ന് സംഭവം പുറത്ത് പറയുകയോ പോലീസിൽ പരാതിപ്പെടുകയോ ചെയ്തിരുന്നില്ല.
സുമതിയുടെ കഥ യാഥാർഥ്യമാണ്. പക്ഷേ അതിന്റെ മറവിൽ സംഭവിക്കുന്നതൊന്നും യാഥാർഥ്യമല്ല.
സുമതി വളവ് സിനിമയാകുന്നു
മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്ന ഹൊറർ ചിത്രമാണ് ‘സുമതി വളവ്’. അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം വിഷ്ണു ശശി ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പുറത്തുവന്നത് മുതൽ ഏറെ ആകാംക്ഷയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ സുമതി വളവിന്റെ ഓൾ ഇന്ത്യ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ഡ്രീം ബിഗ് ഫിലിംസ്.
ജയ്ലർ, ജവാൻ, ലിയോ, പൊന്നിയിൻ സെൽവൻ, മഞ്ഞുമ്മല്‍ ബോയ്സ് തുടങ്ങിയ വൻ ഹിറ്റ് ചിത്രങ്ങൾ തിയേറ്ററിൽ എത്തിച്ച ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്.
സുമതി വളവിന്റെ ടൈറ്റിൽ വീഡിയോ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്ന ദൃശ്യങ്ങൾ കോർത്തിണക്കിയതായിരുന്നു വീഡിയോ.
തിരുവനന്തപുരം പാലോടിന് സമീപത്തുള്ള സ്ഥലമാണ് സുമതി വളവ്. രാത്രി വൈകി ആളുകൾ പോകാൻ ഭയക്കുന്നയിടമാണ് ഇവിടം. സുമതി എന്ന പെൺകുട്ടിയെ ജീവനോടെ ചുട്ടുകൊന്ന സ്ഥലമെന്നാണ് സുമതി വളവ് പറയപ്പെടുന്നത്. ഈ വളവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയുമാണോ ചിത്രം പറയുന്നത് എന്നറിയാനാണ് ടൈറ്റിൽ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആരാധകർ കാത്തിരിക്കുന്നത്.