തിരുവനന്തപുരം: കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാളി ചലച്ചിത്ര പ്രവർത്തകർക്ക് കേരള സർക്കാരിന്റെ ആദരം. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കാനിൽ പിയർ ആഞ്ജിനോ എക്സലെൻസ് ഇൻ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവൻ, ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായൽ കപാഡിയയുടെ ‘ആൾ വി ഇമാജിൻ ആസ് ലൈറ്റ്’ ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി ഉപഹാരം സമ്മാനിച്ചു.
കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കാനിൽ ഇന്ത്യൻ സിനിമയുടെ യശസുയർത്തിയ മറ്റ് കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു- മുഖ്യമന്ത്രി കുറിച്ചു.
സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമിയും വികസന കോർപറേഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലായിരുന്നു കാന്‍ ചലച്ചിത്ര മേളയില്‍ പങ്കെടുത്ത മലയാളി താരങ്ങളെ മുഖ്യമന്ത്രി ആദരിക്കുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊതുചടങ്ങുകള്‍ ഒഴിവാക്കി സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയായിരുന്നു.
കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി ഇന്ത്യയും മലയാളി താരങ്ങളും മാറിയിരുന്നു. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്കാരം മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനായിരുന്നു. ഇത്തവണ മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. അസീസ് നെടുമങ്ങാടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
30 വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായിരുന്നു പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. 1994ൽ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ ‘സ്വം‘ എന്ന ചിത്രമാണ് അവസാനമായി പാം ഡിയോർ പുരസ്കാരത്തിനായി കാൻ ചലച്ചിത്ര മേളയിൽ മാറ്റുരച്ചത്.