Celebrities

ബിപാഷയെ അപമാനിച്ചതിന് കിട്ടിയ പ്രതിഫലം; കരീനയുടെ കരണം പുകച്ച് ബോബി ഡിയോളിന്റെ ഭാര്യ

ബോളിവുഡിലെ മുന്‍നിര നായികമാരിൽ ഒരാളാണ് കരീന കപൂര്‍. ബോളിവുഡിന് നിരവധി സൂപ്പര്‍ താരങ്ങളെ സമ്മാനിച്ചിട്ടുള്ള കപൂര്‍ താരകുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. തന്റെ സഹോദരി കരിഷ്മയുടെ പാതയിലൂടെയാണ് കരീന സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കരീനയ്ക്ക് സാധിച്ചു. അതേസമയം, ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ കരീനയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.സഹനടിമാരുമായുള്ള തന്റെ പ്രശ്‌നങ്ങളുടെ പേരിലും കരീന പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ ബോബി ഡിയോളിന്റെ ഭാര്യയുമായി ഉണ്ടായ പ്രശ്നത്തിന്റെ പേരിലും കരീന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വലിയ വിവാദമായി മാറിയ സംഭവമായിരുന്നു അത്. കരീനയ്ക്ക് കരിയറിന്റെ തുടക്കത്തിലായിരുന്നു ഈ സംഭവം നടക്കുന്നത്.

കരീനയ്ക്ക് ഏറെ ശ്രദ്ധനേടി കൊടുത്ത ചിത്രമാണ് അജ്നബി. 2001ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ സിനിമയില്‍ അക്ഷയ് കുമാര്‍, ബോബി ഡിയോള്‍, ബിപാഷ ബസു എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് കരീനയും ബോബി ഡിയോളിന്റെ ഭാര്യ താന്യ ഡിയോളും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. കരീനയെ ബോബിയുടെ ഭാര്യ താന്യ കരണത്തടിക്കുക വരെ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ബിപാഷ ബസുവാണ് ഈ സംഭവത്തിന് കാരണക്കാരിയായത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിപാഷ അന്ന് തുടക്കകാരിയായിരുന്നു. സിനിമയില്‍ മുന്‍ പരിചയമില്ലാത്ത ആളായിരുന്നു ബിപാഷ. പുതിയ ഒരാള്‍ എന്ന നിലയില്‍ തന്യ ബിപാഷയെ സഹായിക്കാന്‍ തീരുമാനിച്ചു. ധരിക്കാനുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനൊക്കെ തന്യയാണ് ബിപാഷയെ സഹായിച്ചത്. പക്ഷെ കരീന കപൂറിന്റെ അമ്മ ബബിത കപൂറിന് ഇത് ഇഷ്ടപ്പെട്ടില്ല. അവര്‍ തന്യയെ ശകാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തന്നോട് ദേഷ്യപ്പെട്ട ബബിതയോട് താന്യയും ദേഷ്യപ്പെട്ടു. സ്വാഭാവികമായും ഇത് കരീനയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതോടെ വഴക്ക് കരീനയും താന്യയും തമ്മിലായി. ഒടുവില്‍ കരീനയെ താന്യ കരണത്തടിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കരീനയെ താന്‍ അടിച്ചതായി തന്യയോ അടികൊണ്ടതായി കരീനയോ ഇതുവരെ സമ്മതിച്ചിട്ടില്ല. പക്ഷെ പിന്നീടൊരിക്കല്‍ തന്യയെ തനിക്ക് ഇഷ്ടമല്ലെന്ന് കരീന തുറന്നു പറഞ്ഞിട്ടുണ്ട്. ‘അദ്ദേഹത്തിന്റെ ഭാര്യ തന്യയുമായി എനിക്ക് ഒരു പ്രശ്നമുണ്ടായിരുന്നു. അവള്‍ എന്റെ അമ്മയോട് മോശമായി പെരുമാറി. എനിക്കത് ഇഷ്ടമായില്ല,’ എന്നാണ് കരീന പറഞ്ഞത്. എന്നാല്‍ ബോബിയോട് തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും കരീന പറഞ്ഞിരുന്നു. ബോബിയുടെ ഭാര്യയുമായി പ്രശ്നമുണ്ടായിരുന്നു എന്നത് താന്‍ നിഷേധിക്കുന്നില്ല എന്നും എന്നാല്‍ ബോബിയുമായുള്ള പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതായി ഉറപ്പുണ്ടെന്നും കരീന പറഞ്ഞിരുന്നു. കൂടാതെ തന്റെ ഭാഗത്ത് നിന്ന് തെറ്റായ ഒന്നും ഉണ്ടായിട്ടില്ലെന്നും കരീന മുമ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ബിപാഷയ്‌ക്കെതിരെ കടുത്ത ഭാഷയിലാണ് കരീന പ്രതികരിച്ചത്. ‘അവള്‍ക്ക് സ്വന്തം കഴിവില്‍ വിശ്വാസമില്ലെന്ന് മാത്രമല്ല, നാല് പേജുള്ള ഒരു അഭിമുഖത്തില്‍ അവള്‍ എന്നെ കുറിച്ച് മൂന്ന് പേജുകള്‍ സംസാരിച്ചു. എന്തുകൊണ്ടാണ് അവളുടെ ജോലിയെക്കുറിച്ച് സംസാരിക്കാത്തത്? അജ്‌നബി സമയത്ത് എന്നോട് വഴക്കിട്ടത് മാത്രമാണ് അവളുടെ പ്രശസ്തിക്ക് കാരണമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അവളെ മോശമായ പലതും വിളിച്ചു എന്ന് പറയുന്നുണ്ട് അതൊക്കെ അവളുടെ ഭാവനയാണ്,’ എന്നായിരുന്നു കരീന പറഞ്ഞത്. അതേസമയം കരീന ബിപാഷയെ കറുത്ത പൂച്ചയെന്ന് വിളിച്ച അവഹേളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രസകരമായൊരു വസ്തുത എന്തെന്നാല്‍ കരീനയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ജബ് വീ മെറ്റില്‍ നേരത്തെ നായകനായി പരിഗണിച്ചിരുന്നത് ബോബിയെ ആയിരുന്നു. പക്ഷെ കരീന ബോബിയെ മാറ്റി തന്റെ കാമുകനായിരുന്ന ഷാഹിദിനെ നായകനാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.