1876 ന് ശേഷം ആണ് ഖുർആനിന്‍റെ ആദ്യ മലയാള തർജ്ജമ പൂർത്തിയാകുന്നത്. എന്നാൽ അതിനും ഏതാണ്ട് 100 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ വച്ച് ഖുർആൻ ഹിബ്രു ഭാഷയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ..? കുറച്ച് പാടാണല്ലേ.. എന്നാൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഹോളണ്ടിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ച ഒരു ഡച്ച് യഹൂദ പണ്ഡിതൻ ഹീബ്രൂ ഭാഷയിലേക്ക് പരിഭാഷ ചെയ്യപ്പെട്ട ഈ ഗ്രന്ഥം എഴുതി ചിട്ടപ്പെടുത്തി അതിനെ ചട്ടക്കുള്ളിൽ ആക്കിയത് ജർമനിയിൽ നിന്നും കൊച്ചിയിൽ വന്ന യഹൂദ കുടുംബത്തിലെ ഒരു അംഗമാണ് എന്നറിയാമോ..?
അറബിയിൽ നിന്നും ഫ്രഞ്ച്, ഫ്രഞ്ചിൽ നിന്നും ഡച്ച് പിന്നീട് ഡച്ചിൽ നിന്നും ഹിബ്രുവിലേക്കും മൊഴിമാറ്റത്തിന്‍റെ വഴികളിലൂടെ ഇത് താണ്ടി എന്നാണ്. എന്നാൽ അതിലും കൗതുകം ആണ് ആ ഗ്രന്ഥം നടത്തിയ ഹിജ്റയുടെ കഥ.
അറിയണ്ടേ ആ കഥ.? പല വഴികൾ താണ്ടി, പല കൈകളിലൂടെ താണ്ടി, അവസാനം ആള് യഹൂദ സൂഫിയുടെ കൈയിൽ എത്തപ്പെട്ടു.
കൊച്ചിയിൽ നിന്നും ഏതോ കാലത്ത് കടലും കരയും താണ്ടി പേർഷ്യയിലെ മശ്ഹദ്ദ് എന്ന പട്ടണത്തിലെ യഹൂദ സൂഫികളുടെ കയ്യിൽ ആണ് എത്തപ്പെട്ടത്. പിന്നീട് അവിടെ നിന്നും വീണ്ടും നീണ്ട യാത്രക്കൊടുവിൽ വാഷിംഗ്ടണിലെ ലൈബ്രറിയിലെത്തി, ശെടാ കറക്കം തന്നെ കറക്കം.
എന്നാൽ ആ ഗ്രന്ഥത്തിന് സംസാരിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ നാടായ നാട് മൊത്തം കറങ്ങിയ കഥ എന്നെക്കാളും നന്നായി വിവരിച്ചു തന്നേനെ..
വാഷിംഗ്‌ടൺ ലൈബ്രറി ഓഫ് കോൺഗ്രസിൽ എത്തിപ്പെടും മുമ്പ് ആള് പേർഷ്യയിലെ പൗരാണിക പട്ടണമായ മശ്ഹദിലെ യഹൂദ-സൂഫി മുഖ്യനായ മുല്ലാ മേശ്ശിആഖിന്‍റെ കൈവശം ആയിരുന്നു . മുഹമ്മദിയരുടെയും, യഹൂദരുടെയും ഇടയിൽ പ്രേഷിത പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട വ്യക്തി ആയിരുന്ന ജോസഫ് വോൾഫ് 1831 ൽ അവിടം സന്ദർശിച്ച വേളയിൽ മുല്ലായുടെ വീട്ടിൽ വച്ചാണ് ഈ കൈയെഴുത്ത് പുസ്തകം അദ്ദേഹം കാണുന്നതും പിന്നീട് ഇതേ പറ്റി ലോകം തന്നെ അറിയുന്നതും. എവിടെയോ കിടന്ന ഒരു മനുഷ്യൻന്റെ കൈയിൽ ഇവൻ എത്തിപ്പെടണമെങ്കിൽ എന്തെങ്കിലും കാരണം കാണുലോ..
” മുല്ലാ മേശ്ശിആഖിന്‍റെ വീട്ടിൽ ഞാൻ ഒരു ഹീബ്രൂ ഖുർആൻ കണ്ടു, അതിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു “ഖുർആൻ എന്ന് അറിയപ്പെടുന്ന യിശ്മായേല്യരുടെ നിയമം അറബിയിൽ നിന്നും ദു റിയർ ഫ്രഞ്ചിലേക്കും, അത് ഗ്ലോസ്സൻമേക്കർ ഡച്ചിലേക്കും തർജ്ജമ ചെയ്തു . ഇമ്മാനുവേൽ ജേക്കബ് വാൻ ഡോർട് എന്ന ഞാൻ ഹിബ്രുവെന്ന പരിശുദ്ധ ഭാഷയിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നു. ബെർലിനിലെ യിസ്സഹാഖ് കോഹെന്‍റെ മകനായ ദാവീദ് ഇവിടെ കൊച്ചിയിൽ വെച്ചാണ് ഇത് എഴുതിച്ചിട്ടപ്പെടുത്തിയത് ”
പേർഷ്യയിൽ ഇത് എത്തിയതെങ്ങനെ എന്നത് അജ്ഞാതമായ കാര്യമാണ് കേട്ടോ.. നേരത്തെ പറഞ്ഞത് പോലെ ആ ഗ്രന്ഥം സംസാരിക്കുമായിരുന്നുവെങ്കിൽ ഇതും കൂടി പറഞ്ഞു തന്നേനെ. കൊളോമ്പോയിലെ മിഷനറി കോളേജിലെ തീയോളജി പ്രൊഫസർ ആയ ലിയോപോൾഡ് ഇമ്മാനുവേൽ ജേക്കബ് വാൻ ഡോർട്ട് എന്ന വ്യക്തി ആയിരുന്നു ഹീബ്രുവിലേക്ക് തർജ്ജമ ചെയ്തത്. ഡച്ച്കാരനായ ഇദ്ദേഹം ഒരു യഹൂദ കുടുംബത്തിൽ ജനിച്ചു എന്നാൽ പിന്നീട് ക്രിസ്തുമതം സ്വീകരിച്ചു എന്നാണു അറിയപ്പെടാൻ ആകുന്നത്. 1750 – 1760 കാലഘട്ടത്തിൽ ആണ് ഇതിന്‍റെ ഭാഷാന്തരം നടന്നത്, കൃത്യയമായി പറഞ്ഞാൽ 1757 ൽ മൊഴിമാറ്റം പൂർത്തിയായി എന്ന് പണ്ഡിത അഭിപ്രായം. കൊച്ചിയിലെ പകർപ്പെഴുത്തു പണിക്കാരനായിരുന്ന ദാവീദിന്‍റെ സഹായത്തോടെയാണ് ഇത് എഴുതി ചിട്ടപ്പെടുത്തിയത്, ജർമനിയിൽ നിന്നും കൊച്ചിയിലേക്ക് കുടിയേറി പാർത്ത യഹൂദ കുടുംബത്തിലെ ഒരു അംഗം ആയിരുന്നു ദാവീദ് ബെൻ യിസ്സഹാഖ് കോഹെൻ. പേരിനും കുടുംബത്തിനും അപ്പുറം ഇദ്ദേഹത്തെ പറ്റി അധികം ഒന്നും തന്നെ അറിയാൻ ഇല്ല.
255 പേജുകൾ ഉള്ള ഈ ഗ്രന്ഥം ആഷ്കെനാസി കെർസീവ് ഹീബ്രൂ ലിപിയിൽ ആണ് പ്രധാനമായും എഴുതിയിരിക്കുന്നത്, എന്നാൽ ഹീബ്രൂ ചതുരാക്ഷരങ്ങൾ ശീർഷകങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നു. യിശ്മായേല്യരുടെ ആചാര മര്യാദകളെ പറ്റിയും, പ്രവാചകന്‍റെ ജീവചരിത്രവും, അദ്ദേഹം ബുറാകിന്മെൽ ഇരുന്ന് നടത്തിയ ആകാശ യാത്രയെ പറ്റിയും ഉള്ള
ചെറു ലേഖനങ്ങൾ ആണ് ആദ്യം കാണാൻ ആകുന്നത്, അതിനു ശേഷം ആണ് തർജ്ജമ കാണുന്നത്. 30 ജുസ്അ’ തിരിച്ചും, 114 സൂറത്തുകളും അക്കമിട്ട് തിരിച്ചിരിക്കുന്നു. മക്കി, മദനി സൂറത്തുകൾ പ്രത്യേകം എടുത്ത് പറഞ്ഞതിനൊപ്പം സൂറത്തുകളുടെ പേരുകൾ ഹിബ്രുവിലേക്ക് തർജ്ജമ ചെയ്തതായി കാണാം ഉദാഹരണം
അതായത് ഒന്നാമത്തെ സൂറത്തായ ഫാതിഹ എന്നതിന് “ഖുർആനിന്‍റെ തുടക്കം” എന്നാണ് കൊടുത്തിരിക്കുന്നത്. എന്നാൽ “ആലു ഇമ്രാൻ” (ഇമ്രാന്‍റെ കുടുംബം ) എന്ന സൂറത്ത് തർജ്ജമ ചെയ്തിരിക്കുന്നത് മിഷ്‌പത് യോഅഹിം (യോവാക്കീമിന്‍റെ കുടുംബം) എന്നാണ്. ക്രിസ്തീയ പാരമ്പര്യം അനുസരിച്ച് മറിയമിന്‍റെ പിതാവിന്‍റെ പേര് “യോവാക്കീം” എന്നാണ്. എന്നാൽ അദ്ദേഹത്തിന്‍റെ പേര് “ഇമ്രാൻ” എന്നാണ് ഇസ്‌ലാമിക പക്ഷം. അങ്ങനെ ഉള്ള കുറെ ഇൻട്രെസ്റ്റിംഗ് കാര്യങ്ങൾ കൂടി ഇതിലുണ്ട്.
ഖുർആനിന്‍റെ പൗരാണികമായ മൂന്ന് പ്രധാന ഹീബ്രൂ തർജ്ജമയിൽ ഒന്നാണ് ഈ കയ്യെഴുത്ത് ഗ്രന്ഥം, കൊച്ചിയിൽ വെച്ച് തർജ്ജമ ചെയ്യപ്പെട്ട ഈ ഖുർആനിനെ പറ്റി ആർക്കും തന്നെ ധാരണയില്ലതാനും. നമ്മുക്ക് കിട്ടിയ വിവരങ്ങൾ ഇങ്ങനെ അടുക്കി പെറുക്കി നിങ്ങളോട് പറയുക അത്ര തന്നെ അല്ലെങ്കിൽ പിന്നെ ആ ഗ്രന്ഥം സംസാരിക്കണം, വന്ന വഴിയും, താണ്ടിയ ദൂരവും, വായിച്ച നാവുകളെ പറ്റിയുമൊക്കെ..