History

കടലിനും കായലിനും നടുവിലുള്ള അത്ഭുത ക്ഷേത്രം; പേരാലില്‍ മണികെട്ടിയാല്‍ ഏതാഗ്രഹവും സാധിക്കും

കടലിനും കായലിനും നടുവിലുള്ള തുരുത്തില്‍ വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവി.പേരാലില്‍ മണികെട്ടിയാല്‍ ഏതാഗ്രഹവും സാധിച്ചു തരുന്ന കാട്ടിൽ മേക്കതിൽ ദേവിയാണിവിടെ കുടികൊള്ളുന്നത്. കടലില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലത്തില്‍ ക്ഷേത്രത്തിന് കിഴക്ക് വടക്കായി സ്ഥിതി ചെയ്യുന്ന കിണറ്റിലെ വെള്ളം പോലും തെളിഞ്ഞതും ഉപ്പുരസമില്ലാത്തതുമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങൾ അതിപുരാതനവും ക്ഷേത്ര ഐതീഹ്യമായി വളരെയധികം ബന്ധമുള്ളതാണ്. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയും കിഴക്ക് മധുരയും ഉൾപ്പെട്ട പഴയ ചേര രാജ്യത്തിന്റെ ആദിമഹാരാജാവ് ചേരൻ ചെങ്കുട്ടവൻ മുതൽ ശ്രീ പത്മനാഭദാസന്മാരായ തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ വരെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് കാട്ടിൽമേക്കതില്‍ ക്ഷേത്രം എന്നാണ് വിശ്വാസം.

കൊല്ലം ജില്ലയിലെ ചവറ -പൊന്മാന കാട്ടില്‍മേക്കത്തില്‍ ക്ഷേത്രത്തില്‍ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഭദ്രകാളിയമ്മയുടെ രൂപത്തിലാണ് ഭക്തര്‍ക്ക് ദേവി ദര്‍ശനം നല്‍കുന്നത്.ദാരികനെ വധിച്ച ഉഗ്രമൂര്‍ത്തിയുടെ ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെയെത്തി ദേവിയോട് മനസിലുളള ആഗ്രഹം പറഞ്ഞു, ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങുന്ന മണി ക്ഷേത്ര മുറ്റത്തെ ആല്‍മരത്തില്‍ ഭക്തജനങ്ങള്‍ കെട്ടുന്നു. ആ മണികിലുക്കം ദേവിയുടെ അടുക്കല്‍ ചെന്നെത്തുമെന്നും അതിലൂടെ അവര്‍ പ്രാര്‍ത്ഥിച്ച കാര്യം നടക്കുമെന്നുമാണ് വിശ്വാസം.ഓരോ ദിവസവും ക്ഷേത്രമുറ്റത്തെ ആല്‍മരത്തില്‍ നിന്നുയരുന്ന മണികിലുക്കങ്ങള്‍ ഇത് ശരി വെയ്ക്കും. ഒരിക്കല്‍ വൃശ്ചിക മഹോത്സവത്തിന് കൊടിയേറിയ സമയത്ത് അതില്‍ നിന്ന് ഒരു മണി താഴെ വീണുവെന്നും ഇത് കണ്ട ക്ഷേത്ര പൂജാരി ആ മണിയെടുത്തു തൊട്ടടുത്തുള്ള പേരാലില്‍ കെട്ടിയെന്നും അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത അഭിവൃദ്ധിയുണ്ടായി എന്നുമാണ് ഐതീഹ്യം. കൂടാതെ ദേവപ്രശ്‌നത്തില്‍ പേരാലില്‍ മണി കെട്ടുന്നത് ദേവീപ്രീതിക്ക് ഉത്തമമാണെന്ന് തെളിയുകയും ചെയ്തു.

ക്ഷേത്രത്തിനുള്ളിലെ വഴിപാട് കൗണ്ടറിൽ നിന്നും മുപ്പത് രൂപ നല്കിയാൽ രസീത് ലഭിക്കും. ഒരാള്‍ക്ക് എത്ര മണി വേണമെങ്കിലും കെട്ടാം. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പൂജിച്ചു തരുന്ന മണിയുമായി പേരാലിനെ ഏഴുതവണ പ്രദക്ഷിണം വയ്ക്കുക. അതിനു ശേഷം ദേവിയെ മനസ്സിൽ ധ്യാനിച്ച് ആലിന്റെ കൊമ്പിലോ ആലില്‍ കെട്ടിയിരിക്കുന്ന ചുവന്ന ചരടുകളിലോ കെട്ടുന്നതാണ് ആചാരം. ഏഴു മാസമോ , ഏഴു ആഴ്ചയോ , ഏഴു ദിവസമോ തുടര്‍ച്ചയായി മണികെട്ടിയാല്‍ ഏതു ആഗ്രഹവും സഫലമാകും എന്നാണ് ഭക്തര്‍ പറയുന്നത്. ആഗ്രഹം സാധിച്ച ശേഷം ദേവിക്ക് ക്ഷേത്രമുറ്റത്ത് പൊങ്കാലയിടുന്ന പതിവുമുണ്ട്. മണികെട്ടുന്ന ചടങ്ങിൽ പ്രത്യേകിച്ച് എണ്ണമോ ഇത്രദിവസം വന്ന് മണി കെട്ടണമെന്നോ നിഷ്ഠയില്ല . ഒരാൾക്ക് എത്ര മണി വേണെമെങ്കിലും കെട്ടാം. ഒന്ന് തൊട്ട് ആയിരം മണികൾ കെട്ടുന്നവർ ഉണ്ട്. ഭക്തന്റെ വിശ്വാസമാണ് പ്രധാനം. ഓരോ പ്രാർഥനകളും ആഗ്രഹങ്ങളുമാണ് ഓരോ മണിയും അതിനാൽ ഒരിക്കൽ കെട്ടുന്ന മണി അഴിച്ചെടുക്കാറില്ല. ചരട് ദ്രവിച്ചു വീഴുന്ന മണികൾ യഥാ സമയം മാറ്റും.

കടലിനും കായലിനും ഇടയ്ക്കുള്ള തുരുത്തിലാണ് ക്ഷേത്രം. ആഞ്ഞടിച്ച സുനാമി തിരകളെ അതിജീവിച്ച ക്ഷേത്രം കൂടിയാണിത്. അന്ന് ഈ ഭാഗങ്ങളെ മുഴുവന്‍ സുനാമി തിരകള്‍ വിഴുങ്ങിയിട്ടും ക്ഷേത്രത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. ഇത് കാട്ടിലമ്മയുടെ സാന്നിധ്യം കൊണ്ടാണെന്നാണ് വിശ്വാസം. മുമ്പ് കെഎംഎംഎല്‍ കമ്പനി ഖനനത്തിനായി സ്ഥലം ഏറ്റെടുക്കുംമുമ്പ് നിരവധി കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവന്നത്. എന്നാല്‍ ഇവരുടെയെല്ലാം വീടുകളിലെ കിണറുകളില്‍ ഉപ്പുവെള്ളമായപ്പോഴും ക്ഷേത്രക്കിണറ്റില്‍ ശുദ്ധജലം സുലഭം. വൃശ്ചികോത്സവ കാലയളവില്‍ ക്ഷേത്രത്തില്‍ ഭജനം പാര്‍ക്കുന്നതിനും വണങ്ങാനുമായി എത്തുന്ന ആയിരങ്ങള്‍ ആശ്രയിച്ചതും ഈ കിണറ്റിലെ വെള്ളമാണ്. പ്രദേശത്ത് ദേവിചൈതന്യം കുടികൊള്ളുന്നതിനാലാണ് കടലിനോട് ചേര്‍ന്ന കിണറ്റില്‍ ശുദ്ധജലം ലഭിക്കുന്നതെന്നാണ് വിശ്വാസം.

ക്ഷേത്രത്തില്‍ എത്തുന്നവര്‍ തീര്‍ത്ഥമായി കിണറില്‍ നിന്നും വെള്ളം കോരിക്കുടിക്കുന്നു. മനകളുടെ നാട് എന്നാണ് പന്മന അറിയപ്പെടുന്നത്. അതിൽ കാട്ടിൽപടീറ്റ എന്ന കുടുംബമാണ് ദേവീചൈതന്യം ചമ്പക്കുളത്തു നിന്ന് എത്തിച്ചതെന്നാണ് വിശ്വാസം . ദേവി മാലയിൽ എന്ന തറവാട്ടിലെ കെടാവിളക്ക് കണ്ടു തൊഴുതു എന്നൊരു വിശ്വാസവും നിലനിൽക്കുന്നതിനാൽ ഇപ്പോഴും ഈ കെടാവിളക്കിനെ തൊഴുത ശേഷമാണ് ഭക്തർ ശ്രീകോവിലിൽ പ്രവേശിക്കുന്നത്. വൃശ്ചിക മാസത്തിലെ ഒന്നുമുതൽ പന്ത്രണ്ടുദിവസങ്ങള്‍ ആണ് ഇവിടുത്തെ ഉത്സവം. ആയിരത്തിയൊന്നുകുടിലുകള്‍ ആ നാളുകളില്‍ ക്ഷേത്രമുറ്റത്ത് ഉയരും. കുടുംബസമേതം കുടിൽകെട്ടി ഭജനമിരിക്കുന്ന ഭക്തർ മൂന്നു നേരം ദേവിയെ തൊഴുതു ക്ഷേത്രത്തിൽ നിന്ന് തന്നെ ഭക്ഷണവും കഴിക്കണമെന്നാണ് ചിട്ട.ഗണപതി, ദുര്‍ഗ്ഗാ ദേവി, മാടന്‍ തമ്പുരാന്‍, യക്ഷിയമ്മ, നാഗ ദൈവങ്ങള്‍, യോഗീശ്വരന്‍, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകള്‍. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളായ വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവും അധികം തിരക്കുളളത്.

Latest News