ആലുവ മണപ്പുറം എന്ന് കേൾക്കാത്തവർ കുറവായിരിക്കും അല്ലേ? ആലുവയിൽ വച്ച് പെരിയാർ രണ്ടായി പിരിഞ്ഞ് ഒഴുകാൻ കാരണമായ മഹാപ്രളയത്തെ കുറിച്ച് അറിയാമോ.?
1341വർഷകാലത്ത് ഉണ്ടായ മഹാപ്രളയം കേരളചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടതിൽ വച്ച് ഏറ്റവും വലുതാണ്.ആലുവയിലേക്ക് ഒഴുകിയെത്തുന്ന പെരിയാർ മണപ്പുറത്തിനു വടക്കുവശത്തുകൂടെ ഒഴുകി മുനമ്പത്ത് വച്ച് കടലിൽ ചേർന്നിരുന്നു .പുഴയുണ്ടായ കാലം മുതൽ ഉള്ള പെരിയാറിന്റെ ഈ ശാഖയെ മംഗലപ്പുഴ ശാഖ എന്നാണ് വിളിക്കുന്നത്.
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് പെരിയാർ [2] കേരളത്തിലെ 44 നദികളിൽ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ഈ നദിയായതിനാലും ഒരുകാലത്തും വറ്റാറില്ലെന്നതിനാലും “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താൽ കൂടി പെരിയാർ അറിയപ്പെടുന്നുണ്ട്.244 കി.മീ നീളമുള്ള ഈ നദി കേരളത്തിലെ വലിയൊരു ഭാഗം ജനങ്ങളുടെ ഗാർഹികം, വൈദ്യുതി, വിനോദസഞ്ചാരം, മത്സ്യബന്ധനം, തീർത്ഥാടനം, ജലസേചനം, മണൽഖനനം, കുടിവെള്ളം, ഉൾനാടൻ ഗതാഗതം, വ്യാവസായങ്ങൾ തുടങ്ങിയ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്നുണ്ട്. കേരളത്തിന്റെ വൈദ്യുതോർജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറിൽ നിർമിച്ച ജലവൈദ്യുതപദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്നു.
പടിഞ്ഞാറോട്ട് ഒഴുകുംതോറും മംഗലപ്പുഴ ശാഖയിൽ ചാലക്കുടിപ്പുഴയും കരുവന്നൂർ പുഴയും വന്നുചേരുന്നുണ്ട്.മഹാപ്രളയത്തെ തുടർന്ന് അധികമായി ഒഴുകിയെത്തിയ ജലം പെരിയാറിനെ രണ്ടാക്കി.മണപ്പുറത്തിനു തെക്കുവശത്തു കൂടി ഒഴുകിയ പുതിയ കൈവഴി പിൽക്കാലത്ത് മാർത്താണ്ഡവർമ്മ ശാഖയെന്നറിയപ്പെട്ടു.ഈ ശാഖ കുറച്ച് മുന്നോട്ടൊഴുകി രണ്ടായി പിരിഞ്ഞ് ഉളിയന്നൂർ ദ്വീപ് സൃഷ്ടിച്ചശേഷം വീണ്ടും ഒന്നായി പിന്നെയും പല കൈവഴികളായി പിരിഞ്ഞു വരാപ്പുഴ വഴി അവസാനം കൊച്ചിക്കായലിൽ ചേരുന്നു.പെരുന്തച്ചന്റെ ജൻമസ്ഥലം മുകളിൽ പറഞ്ഞ ഉളിയന്നൂർ ദ്വീപ് ആണ്.പരശുരാമൻ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കുന്ന 108 മഹാ ശിവക്ഷേത്രങ്ങളിൽ പെടുന്ന അതിപുരാതനമായ ഒരു ശിവക്ഷേത്രം ഈ ദ്വീപിൽ ഉണ്ട്.
വീണ്ടും വിഷയത്തിലേക്ക് വരാം.പെരിയാർ രണ്ടായതു മാത്രമല്ല ഈ മഹാ പ്രളയത്തിന്റെ ബാക്കിപത്രം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്ന മുസിരിസ്(കൊടുങ്ങല്ലൂർ)തകരുകയും അഴിമുഖം നികന്നുപോവുകയും ചെയ്തു.മാർത്താണ്ഡം ശാഖയിലൂടെ ഒഴുകിവന്ന ലക്ഷക്കണക്കിനു ടൺ മണലും എക്കലും മറ്റ് അവശിഷ്ഠങ്ങളും അടിഞ്ഞ് വൈപ്പിൻ,കടമക്കുടി,പിഴല,മൂലമ്പള്ളി എന്നീ ദ്വീപുകൾ സൃഷ്ടിക്കപ്പെട്ടു.പുതിയ അഴിമുഖം തുറക്കുകയും കൊച്ചി തുറമുഖം ഉയർന്നുവരികയും ചെയ്തു.
കൊച്ചി രാജവംശത്തിന്റെ ഉയർച്ചയ്ക്ക് കാരണമായ സംഭവം കൂടിയാണ് 1341 ലെ മഹാപ്രളയം.