വളരെ ആരോഗ്യകരമായ ഒരു റെസിപ്പി ആണ് ഇന്ന് പരിചയപ്പെടാം റാഗി മുദ്ദേ. വെറും 25 മിനിട്ട് കൊണ്ട് ഈ വിഭവം തയ്യാറാക്കാം.
ചേരുവകള്‍
റാഗിപ്പൊടി – ഒരു കപ്പ്
വെള്ളം
ഉപ്പ്
നെയ്യ്
തയ്യാറാക്കുന്ന വിധം ;
ആദ്യം ഒരു ടേബിള്‍സ്പൂണ്‍ റാഗിപ്പൊടി ഒരു ചെറിയ പാത്രത്തില്‍ എടുത്ത് അതിലേക്ക് മൂന്ന് ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് കട്ടകളില്ലാതെ നന്നായി കലക്കിയെടുക്കുക. ഇത് മാറ്റിവെക്കുക. ഇനി രണ്ട് കപ്പ് വെള്ളം ഒരു അടി കട്ടിയുള്ള പാത്രത്തില്‍ അടുപ്പത്ത് വെച്ച് ചൂടാക്കുക.
ഇതിലേക്ക് അര ടീസ്പൂണ്‍ ഉപ്പും ഒരു ടീസ്പൂണ്‍ നെയ്യും ചേര്‍ക്കുക. പരമ്പരാഗതരീതിയില്‍ ഇവ ചേര്‍ക്കാറില്ല. പക്ഷേ രുചിക്കായി ആവശ്യമെങ്കില്‍ ചേര്‍ക്കാം. വെള്ളം തിളയ്ക്കുമ്പോള്‍ കലക്കിവെച്ചിരിക്കുന്ന റാഗി ഒരു സ്പൂണ്‍ കൊണ്ട് ചേര്‍ത്ത് നന്നായി ഇളക്കുക.
തീ കുറച്ചുവെച്ച് കുമിളകള്‍ വരുന്നത് വരെ ഇത് നന്നായി വേവിക്കുക. ഇതിലേക്ക് ബാക്കിയുള്ള റാഗിപ്പൊടി കൂടി ചേര്‍ക്കുക. ഇനി ഒരു മരത്തടി കൊണ്ട് പൊടി ചപ്പാത്തിമാവ് പരുവത്തില്‍ കട്ടകളില്ലാതെ നന്നായി കുഴച്ചെടുക്കുക. ഇനി പാത്രം ഒരു അടപ്പ് വെച്ച് 5 മിനിട്ട് അടച്ചുവെക്കുക. തീ ഏറ്റവും കുറച്ചായിരിക്കണം വെക്കേണ്ടത്. അഞ്ച് മിനിട്ടിന് ശേഷം തീ ഓഫ് ചെയ്യുക. ഈ സമയം കൊണ്ട് മാവ് വെന്തിട്ടുണ്ടാകും. മാവ് ശരിക്കും വെന്തോ എന്നറിയുന്നതിനായി വിരലോ ഒരു സ്പൂണോ മാവില്‍ മുക്കുക. മാവ് അതില്‍ ഒട്ടിപ്പിടിച്ചില്ലെങ്കില് വെന്തു എന്നാണ് അര്‍ത്ഥം. ഇനി അല്‍പ്പം നെയ്യ് മാവിലേക്ക് ഒഴിച്ച് കൈ കൊണ്ട് നന്നായി കുഴയ്ക്കുക. ഇനി മാവ് വലിയ ഉരുളകളാക്കിയെടുക്കുക. റാഗി മുദ്ദെ തയ്യാര്‍.