മലയാളത്തിലെ യുവ നടിമാരിൽ ശ്രദ്ധേയയാണ് ശ്രുതി രാമചന്ദ്രൻ. വളരെ ചുരുക്കം സിനിമകളുടെ മാത്രം ഭാഗമേ ആയിട്ടുള്ളൂ. എങ്കിലും പ്രേക്ഷക മനസ്സിൽ എളുപ്പം സ്ഥാനം പിടിക്കാൻ ഈ നടിക്ക് സാധിച്ചു. 2014 ദുൽഖർ സൽമാൻ നായകനായ ഞാൻ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. എന്നാൽ പ്രേതം എന്ന സിനിമയ്ക്ക് ശേഷമാണ് താരത്തെ കൂടുതൽ ആളുകൾ അറിയാൻ തുടങ്ങിയത് .
മലയാളത്തിന് പുറമെ തെലുങ്കിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയിലെത്തിയതാണ് ശ്രുതി. നടി എന്നതിലുപരി ഒരു തിരക്കഥാകൃത്ത് കൂടിയാണ് താരം. ഭർത്താവ് ഫ്രാൻസിസിനൊപ്പം ചേർന്ന് പുത്തൻ പുതു കാലൈ എന്ന ആന്തോളജി സിനിമയിൽ ഇളമൈ ഇദോ ഇദോ എന്ന കഥ എഴുതിയിരുന്നു. ഇപ്പോൾ അഭിനയവും എഴുത്തുമൊക്കെയായി മുന്നോട്ട് പോവുകയാണ് ശ്രുതി.
2016 ലാണ് ശ്രുതിയും ഫ്രാൻസിസും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിനാെടുവിലായിരുന്നു വിവാഹം. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ശ്രുതി രാമചന്ദ്രനിപ്പോൾ. യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. വിവാഹ ജീവിതത്തിൽ ബോറടി തോന്നിയിട്ടില്ലെന്ന് ശ്രുതി പറയുന്നു. വ്യക്തികളെന്ന നിലയിൽ നമ്മൾ എല്ലാ ദിവസവും വളരുകയാണ്. ഇമോഷണലി ഞങ്ങൾ രണ്ട് പേരും വളരുന്നു.
അപ്പോൾ നമ്മുടെ ചിന്താഗതികൾ മാറുന്നുണ്ട്. അത് പങ്കാളി മനസിലാക്കാനും ഉൾക്കൊള്ളാനും ശ്രമിക്കുന്നു. ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സാണ്. ഒരു റൊമാന്റിക് റിലേഷൻഷിപ്പ് മാത്രമല്ല. ബെസ്റ്റ് ഫ്രണ്ടുമായി നമുക്ക് ബോറടിക്കില്ല. രണ്ട് സുഹൃത്തുക്കളായി ഒരു വീട്ടിൽ കഴിയുന്നു. വിവാഹിതരുമാണ്. ഇപ്പോൾ ഇതൊരു വർക്കിംഗ് റിലേഷൻഷിപ്പാണ്. കാരണം രണ്ട് പേരും വളരുന്നു. ഐഡിയോളജി മാറിക്കൊണ്ടിരിക്കുകയാണ്. അത് ഒന്നല്ല.
9 വർഷം ഞങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ആയിരുന്നു. ആ സമയത്ത് ഫ്രാൻസിസിന് എന്നെയോ എനിക്ക് ഫ്രാൻസിസിനെയോ മനസിലാക്കാൻ പറ്റിയോ എന്ന് ചോദിച്ചാൽ ഇല്ല. കല്യാണം കഴിഞ്ഞിട്ടാണ് ഇതാരാ എന്ന് ചിന്തിക്കുന്നത്. ഒരു റിലേഷൻഷിപ്പിലായിരിക്കുന്നതും വിവാഹിതരാകുന്നതും തീർത്തും വ്യത്യസ്തമാണ്.
ലോങ് ഡിസ്റ്റൻസാകുമ്പോൾ പൊതുവെ ഒരു മാസത്തിൽ രണ്ടോ മൂന്നോ ദിവസമേ കാണൂ. അങ്ങനെ മീറ്റ് ചെയ്യുമ്പോൾ നമ്മൾ നമ്മുടെ ബെസ്റ്റ് വെർഷനായിരിക്കും. അങ്ങനയെ പറ്റൂ. ആ രണ്ട് ദിവസം അടിച്ച് പൊളിക്കണം. എനിക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിലും ഞാൻ കാണിക്കില്ല. സോഷ്യൽ മീഡിയയുടെ കാലമായിരുന്നില്ല അത്. കുറച്ച് സംഭാഷണങ്ങൾ മാത്രമേ നമുക്ക് ഉണ്ടായിട്ടുള്ളൂ.
കല്യാണം കഴിഞ്ഞിട്ടാണ് ഒരു വീട്ടിൽ കഴിഞ്ഞത്. ഈയിടയ്ക്കാണ് ഞങ്ങൾ പരസ്പരം അറിയാൻ തുടങ്ങിയത്. അതിനാൽ വിവിാഹ ബന്ധത്തിൽ ബോറടിക്കാൻ ഇതുവരെ സമയം കിട്ടിയിട്ടില്ലെന്നും ശ്രുതി വ്യക്തമാക്കി. ഈ റിലേഷൻഷിപ്പ് എന്നെ ഡിഫൈൻ ചെയ്യുമെന്ന് കരുതുന്നില്ല. ഞാനെന്ന വ്യക്തി എന്റെ റിലേഷൻഷിപ്പ് അല്ല. സോഷ്യൽ മീഡിയയിൽ റിലേഷൻഷിപ്പിനെ ഞാൻ അധികം പോസ്റ്റ് ചെയ്യാറില്ല. ഫ്രാൻസിസ് ഒരുപാട് പോസ്റ്റിടും. കാരണം അവന് എഴുതാൻ ഇഷ്ടമാണ്.
പക്ഷെ അത് ഞങ്ങളുടെ ബന്ധത്തിന്റെ ഒരു ഭാഗം മാത്രമാണ്. എനിക്ക് എന്നിൽ സെക്യൂർ ആവണം. എന്റെ കഴിവും വ്യക്തിത്വവും ശക്തമാകണം. എന്നാലേ നമുക്കൊരു ബന്ധം ശക്തമായി കൊണ്ട് പോകാൻ പറ്റൂയെന്ന് താൻ വിശ്വസിക്കുന്നു. അല്ലെങ്കിൽ എന്റെ ഇൻസെക്യൂരിറ്റി എന്റെ റിലേഷൻഷിപ്പിൽ പ്രതിഫലിക്കും. തനിക്കത് പറ്റില്ലെന്നും ശ്രുതി രാമചന്ദ്രൻ വ്യക്തമാക്കി.