മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. തന്റെ മധുരമനോഹരമായ ശബ്ദത്തിലൂടേയും കുട്ടിത്തം നിറഞ്ഞ സംസാരത്തിലൂടേയുമൊക്കെ ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ അഞ്ജുവിന് സാധിച്ചിരുന്നു. ജീവിതത്തിലേയും കരിയറിലേയും സെറ്റ് ബാക്കുകളെ പിന്നിലാക്കി ഇന്ന് സംഗീത വേദികളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അഞ്ജു. സംഗീത ലോകത്തിലെ തന്റെ നേട്ടങ്ങള്‍ക്കും ഇവിടെ വരെ എത്താന്‍ സാധിച്ചതിലുമെല്ലാം അഞ്ജു നന്ദി പറയുന്നത് അമ്മയോടാണ്. ഇപ്പോഴിതാ യെസ് എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അമ്മയെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജു. വികാരഭരിതയായാണ് അഞ്ജു അമ്മയെക്കുറിച്ച് സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
എല്ലാ പരിപാടികള്‍ക്കും അമ്മയാണ് കൂടെ വരുന്നത്. നാലഞ്ച് കൊല്ലമേ ആയിട്ടുള്ളു ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യാതായിട്ട്. എന്തിനും അമ്മയായിരുന്നു കൂടെ വന്നിരുന്നത്. ഞാനൊന്ന് നോക്കിയാല്‍ അമ്മയ്ക്ക് അറിയാം എന്തിനാണെന്ന്. എന്റെ ഫാഷന്‍ ഡിസൈനര്‍ ആണ്. ഇപ്പോഴും പല ഷൂട്ടുകള്‍ക്കും ഡ്രസ് തയ്ക്കുന്നത് അമ്മയാണ്. എന്റെ ജീവിതത്തിലെ മേജര്‍ ഫിഗറാണ് അമ്മ എന്നാണ് അഞ്ജു പറയുന്നത്. അമ്മയ്ക്ക് ഡാന്‍സ് കളിക്കണമെന്നും പാട്ട് പഠിക്കണം എന്നുമൊക്കെ ഭയങ്കര ആഗ്രഹമായിരുന്നു. പക്ഷെ അമ്മയുടെ അച്ഛനൊക്കെ ഭയങ്കര സ്ട്രിക്റ്റായിരുന്നു. അന്തകാലത്ത് പാട്ട് പാടാന്‍ പോകുന്നവരേയും ഡാന്‍സ് കളിക്കാന്‍ പോകുന്നവരെയുമൊക്കെ മോശമായിട്ടായിരുന്നു ചിത്രീകരിച്ചിരുന്നത്. അമ്മയ്ക്ക് ഭയങ്കര ആഗ്രഹമായിരുന്നു. അമ്മയെ കാണാന്‍ ഭയങ്കര സുന്ദരിയാണ്. അമ്മയെ വായ് നോക്കാന്‍ തന്നെ ഒരു ടീമുണ്ടായിരുന്നു. സ്‌കൂളിലൊക്കെ അമ്മയായിരുന്നു ഭാരത് മാതയായി നിന്നിരുന്നത്. പക്ഷെ അച്ഛന്‍ സ്ട്രിക്റ്റ് ആയിരുന്നതിനാല്‍ അതൊന്നും ചെയ്യാനായില്ല. അതിന്റെ എല്ലാം തീര്‍ത്തത് എന്നിലൂടെയാണെന്നും അഞ്ജു പറയുന്നു.
അമ്മയോട് എപ്പോഴും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എപ്പോഴും കാണുക പഠിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കുന്ന മാതാപിതാക്കളെയാകും. ആര്‍ട്ടിലേക്ക് താല്‍പര്യം ഉണ്ടെങ്കില്‍, അത് പാട്ടാകട്ടെ ഡാന്‍സ് ആകട്ടെ എന്തുമാകട്ടെ, അവരെ ആ വഴി തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധക്കുന്നത് കാണാറില്ല. എന്റെ വീട്ടില്‍ ഞാനായിരുന്നു പഠിക്കണം എന്ന് പറഞ്ഞിരുന്നത്. എന്നോട് പറഞ്ഞിരുന്നത് നീ പഠിക്കണ്ട, നീ പാടിയാല്‍ മതിയെന്നായിരുന്നു എന്നും അഞ്ജു പറയുന്നു. അന്ന് അതിന്റെയൊന്നും വില മനസിലായില്ല. ഇപ്പോള്‍ ഇവിടെയിരുന്ന് ചിന്തിക്കുമ്പോള്‍ ഞാന്‍ ഒരുപാട് ഗ്രേറ്റ്ഫുള്‍ ആണ്. അമ്മയെ ഞാന്‍ കുറേ പാടുപെടുത്തിയിട്ടുണ്ട്. അമ്മ നിന്നത് പോലെ ആരും നിന്നിട്ടില്ല. എന്റെ ചേട്ടനെ നോക്കിയതിലും കൂടുതല്‍ അമ്മ എന്നെ നോക്കിയിട്ടുണ്ട് എന്നും താരം പറയുന്നു.
തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദരോഗിയായതിനെക്കുറിച്ചുമൊക്കെ അഞ്ജു മുമ്പ് തുറന്ന് സംസാരിച്ചിട്ടുണ്ട്. തെറാപ്പിയിലൂടെയാണ് തനിക്ക് തിരികെ വരാന്‍ സാധിച്ചതെന്നാണ് അഞ്ജു പറയുന്നത്. ഡിവോഴ്‌സിന് ശേഷവും ഒരു ജീവിതമുണ്ടെന്ന് കുറച്ച് പേര്‍ക്കെങ്കിലും മനസിലാക്കി കൊടുക്കാനാണ് താന്‍ തന്റെ ജീവിതത്തിലുണ്ടായതെല്ലാം തുറന്ന് പറയാന്‍ തീരുമാനിച്ചതെന്നും അഞ്ജു നേരത്തെ പറഞ്ഞിരുന്നു. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജു പിന്നണി ഗായികയായി മാറുന്നത്. അഭിനേത്രിയായും അഞ്ജു കയ്യടി നേടിയിട്ടുണ്ട്.