തനിക്ക് കേൾവിക്കുറവ് സ്ഥിരീകരിച്ചെന്ന് വെളിപ്പെടുത്തി പ്രശസ്ത പിന്നണി ഗായിക അൽക യാഗ്നിക്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗായിക ഇക്കാര്യമറിയിച്ചത്. കുറച്ച് ആഴ്ചകൾക്ക് മുൻപ് ഒരു വിമാനയാത്രയ്ക്കിടെയായിരുന്നു തനിക്ക് കേൾവിക്കുറവ് സംഭവിച്ചതെന്ന് അൽക പറയുന്നു. അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്നും വൈറൽ ഇൻഫക്ഷൻ കാരണമെന്ന് ഇങ്ങനെ സംഭവിച്ചതെന്നും ഗായിക കുറിച്ചു.
“വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നതിനിടയിലാണ് പെട്ടെന്ന് ഒന്നുംകേൾക്കാതായത്. തുടർന്നാണ് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് സ്ഥിരീകരിച്ചത്. എല്ലാവരും പ്രാർഥനയിൽ തന്നേയും ഉൾപ്പെടുത്തണം.
ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും അൽക പറയുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്കുണ്ടാകണം”, അൽക കുറിക്കുന്നു.
ഗായകരും ആരാധകരുമടക്കം നിരവധി പേരാണ് അൽകയുടെ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നാണ് പലരും കുറിച്ചിരിക്കുന്നത്. ‘എന്തോ സംഭവിച്ചുവെന്ന് എനിക്കറിയാമായിരുന്നു…തിരിച്ചു വരുമ്പോൾ കാണാം… വേഗം സുഖം പ്രാപിക്കട്ടെ’ – എന്നാണ് സോനു നിഗം കുറിച്ചത്.
‘അൽകാജി വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു!! പതിവുപോലെ റോക്ക് ചെയ്യിക്കാൻ നിങ്ങൾ തിരികെ വരും! ഒരുപാട് സ്നേഹവും ആശംസകളും’- എന്നാണ് ഗായകൻ ശങ്കർ മഹാദേവൻ കുറിച്ചത്.
ഇങ്ങനെയൊരു വാർത്ത കേൾക്കാനിടവന്നതിൽ അതിയായ വിഷമമുണ്ടെന്ന് ഇള അരുൺ പ്രതികരിച്ചു. “ഞാൻ നിങ്ങളുടെ ഫോട്ടോ കണ്ട് റിയാക്ഷൻ ഇട്ടശേഷമാണ് ആ കുറിപ്പ് വായിച്ചത്. എന്റെ ഹൃദയം തകർന്നുപോയി. പക്ഷേ ദൈവത്തിന്റെ അനുഗ്രഹവും ഇപ്പോഴുള്ള മികച്ച ഡോക്ടർമാരും സഹായിച്ച് നിങ്ങൾ അതിവേഗത്തിൽ തിരിച്ചുവരും. ഞങ്ങൾ വീണ്ടും നിങ്ങളുടെ മനോഹരമായ ശബ്ദം കേൾക്കും.” ഇള പറഞ്ഞു.
എന്താണ് റെയർ സെൻസറിന്യൂറൽ ഹിയറിങ് ലോസ്?
ചെവിയുടെ ഉൾഭാഗത്തെയോ, ചെവിയെ മസ്തിഷ്കമായി ബന്ധിപ്പിക്കുന്ന ഞരമ്പിനോ ക്ഷതംസംഭവിക്കുന്ന അവസ്ഥയാണിത്. ഒരുചെവിയെയോ രണ്ടുചെവിയേയോ ബാധിക്കാം. പ്രായപൂർത്തിയായ തൊണ്ണൂറുശതമാനം പേരിലേയും കേൾവിക്കുറവിനു പിന്നിൽ ഈ പ്രശ്നമാണ്. ഉച്ചത്തിലുള്ള ശബ്ദം, ജനിതക തകരാറുകൾ, പ്രായമാകുന്നത് തുടങ്ങിയവയൊക്കെ രോഗകാരണമാകാം.
ലക്ഷണങ്ങളും പ്രതിരോധവും
മറ്റൊരാൾ സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ കഴിയായ്ക, ഫോണിൽ സംസാരിക്കുമ്പോൾ മനസ്സിലാകാതിരിക്കുക, വ്യക്തമായി സംസാരിക്കുന്നതുപോലും പിറുപിറുക്കുന്നതുപോലെ തോന്നുക തുടങ്ങിയവ ലക്ഷണങ്ങളാണ്. ഹെഡ്ഫോൺ വെക്കുമ്പോൾ ശബ്ദം കൂടാതിരിക്കുക, ഒരുമണിക്കൂറിലേറെ ഹെഡ്ഫോൺ വെക്കാതിരിക്കുക, ഉച്ചത്തിൽ ശബ്ദമുള്ള ഇടങ്ങളിൽ ചെവിയെ സംരക്ഷിക്കാനുള്ള മാർഗങ്ങൾ ഉപയോഗിക്കുക തുടങ്ങിയവയിലൂടെ ഇത്തരം കേൾവിക്കുറവ് ഉണ്ടാകുന്നതിനെ പ്രതിരോധിക്കാം.
ചെവിക്ക് ദോഷമില്ലാത്ത വിധം എങ്ങനെ ഇയർഫോൺ ഉപയോഗിക്കാം ?
ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ നേരം ഇയർഫോൺ ഉപയോഗിക്കാതിരിക്കുക. ചെവിക്ക് വിശ്രമം നൽകി ഇയർഫോൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
അടുത്തിരിക്കുന്നവർക്ക് കേൾക്കാൻ പാകത്തിൽ ഉച്ചത്തിൽ വെക്കാതിരിക്കുക. 85 ഡെസിബലിൽ കൂടുതൽ ശബ്ദത്തിൽ പാട്ട് കേൾക്കാതിരിക്കുക.
ഗുണനിലവാരമില്ലാത്ത ഇയർഫോണുകൾ ഉപയോഗിക്കാതിരിക്കുക.
ചെവിക്കുള്ളിലേക്ക് കൂടുതലിറങ്ങി നിൽക്കുന്ന തരത്തിലുള്ള ഇയർഫോണുകൾ ഒഴിവാക്കുക.
മറ്റൊരാളുടെ ഇയർഫോൺ ഉപയോഗിക്കുന്ന ശീലം അരുത്.
ഒരുദിവസം കൂടുതൽ സമയം ഇയർഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കഴിവതും ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.