Celebrities

ഡെഡ് ബോഡി ശ്വാസം വിട്ടത് കണ്ട് പേടിച്ച് ഓടി; മാല പൊട്ടിച്ചതിന് അടി കിട്ടി! കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പങ്കിട്ട് ബിജു മേനോന്‍

മലയാളികളുടെ പ്രിയ നടനാണ് ബിജു മേനോന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. ഈയ്യടുത്തിറങ്ങിയ തലവനിൽ ശ്രദ്ധേയ കഥാപാത്രമായാണ് ബിജു മേനോന്‍ എത്തുന്നത്. ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ സിമ്പിളന്‍ ഇമേജിന്റെ പേരിലും ബിജു മേനോന്‍ കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ രസകരമായൊരു അനുഭവം പങ്കുവെക്കുകയാണ് ബിജു മേനോന്‍ പുതിയ സിനിമയായ നടന്ന സംഭവത്തിന്റെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു മേനോന്‍ ഒരിക്കല്‍ തനിക്ക് തല്ല് കിട്ടിയ സംഭവം വെളിപ്പെടുത്തിയത്. സിനിമയിലെ സഹതാരങ്ങളായ സുരാജ് വെഞ്ഞാറമൂടും സുധി കോപ്പയും ഒപ്പമുണ്ടായിരുന്നു.

”ഇരുമ്പഴികള്‍ എന്ന സിനിമ കാണാന്‍ പോയിട്ട് എനിക്ക് അടി കിട്ടി. നടന്ന സംഭവമാണ്. ഭയങ്കര തിരക്കാണ്. ഗെയ്റ്റ് തുറന്നിട്ടില്ല. ഭയങ്കര തിരക്ക്. ഭയങ്കര ചൂടായിരുന്നു. അതിനാല്‍ എന്റെ മുന്നില്‍ നിന്നയാള്‍ ഷര്‍ട്ട് തുറന്നിട്ടിരിക്കുകയായിരുന്നു. താഴെ വരെ എത്തുന്ന മാലയിട്ടിട്ടുണ്ടായിരുന്നു അയാള്‍. ഗേറ്റ് തുറന്നതും എല്ലാവരും ഓടി. ഓട്ടത്തിനിടെ അയാളുടെ മാല എന്റെ കയ്യില്‍ കുടുങ്ങി പൊട്ടിപ്പോയി. അയാള്‍ മാലപ്പൊടിച്ചതിന് എന്നെ അടിച്ചു. ഒറ്റയടി അടിച്ചിട്ട് പോയി” ബിജു മേനോന്‍ പറയുന്നു.പിന്നാലെ തനിക്ക് തല്ല് കിട്ടിയ അനുഭവം സുധി കോപ്പയും പങ്കുവെക്കുന്നുണ്ട്. സരിത തിയേറ്ററില്‍ അന്ന് പോലീസുകാരുണ്ടാകും. അടിക്കും അവര്‍. മതിലിന്റെ മുകളില്‍ നില്‍ക്കുയാകും നമ്മള്‍. കൗണ്ടര്‍ തുറക്കുന്നതും ചാടും. ഒരു തവണ ദളപതിയുടെ പടം റിലീസ്. ചാടിക്കോടാ എന്ന് പറഞ്ഞിട്ടും അവന്മാര്‍ ചാടിയില്ല. പോലീസുകാര്‍ മുതുകത്ത് അടിച്ച് തിരിച്ച് ചാടിച്ചു. പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു തല്ലു കിട്ടിയത്. അന്നാണ് ആദ്യമായി എന്റെ വില പോയത് എന്നാണ് സുധി കോപ്പ പറയുന്നത്.

പിന്നാലെ ആദ്യമായി എന്തെങ്കിലും കണ്ട് പേടിച്ച് വിറച്ചൊരു അനുഭവം പങ്കുവെക്കാന്‍ പറഞ്ഞപ്പോഴും ബിജു മേനോന്‍ കുട്ടിക്കാലത്തേക്ക് മടങ്ങി. ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തൊട്ടപ്പുറത്തെ വീട്ടില്‍ ഒരാള്‍ തൂങ്ങി മരിച്ചു. അത് കാണാന്‍ പോയി. അയാളുടെ കെട്ടഴിച്ചതും ശ്വാസം വിട്ടു. ഞങ്ങളെല്ലാ കുട്ടികളും പേടിച്ചോടിയെന്നാണ് ബിജു മേനോന്‍ പറയുന്നത്. താന്‍ പേടിച്ച അനുഭവം സുരാജും പറയുന്നുണ്ട്. ”ഞാന്‍ വാ കൊണ്ട് ടേ! എന്ന ശബ്ദമുണ്ടാക്കും. ഒരിക്കല്‍ യുഎസ്എയില്‍ ഒരു പ്രൊഗ്രാമിന് പോയി. അവിടെ അധികം ശബ്ദമൊന്നും ഉണ്ടാക്കാന്‍ പാടില്ല. പൂജയൊക്കെ കഴിഞ്ഞ് എല്ലാവരും നില്‍ക്കുമ്പോള്‍ അവിടുത്തുകാര്‍ കുറച്ച് പേര്‍ ലൈറ്റ് എന്തോ ശരിയാക്കുന്നുണ്ടായിരുന്നു. ഞാന്‍ അടുത്ത് ചെന്ന് ടേ! എന്ന് ശബ്ദമുണ്ടാക്കി. പെട്ടെന്ന് ഒന്നുമറിയാത്തത് പോലെ തിരിഞ്ഞു നിന്നു. അവന്മാര്‍ എല്ലാം ഓഫാക്കി. ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ പരിപാടി തുടങ്ങാന്‍ പറ്റൂ, എല്ലാം ചെക്ക് ചെയ്യണമെന്ന് പറഞ്ഞു. അന്ന് ഞാന്‍ പേടിച്ചു പോയി. പുറത്ത് പറഞ്ഞാല്‍ ട്രൂപ്പിന്റെ ഇടി കൊള്ളേണ്ടി വരും. പിടിക്കപ്പെടുകയും ചെയ്യുമെന്നും ബിജു മേനോൻ പറഞ്ഞു.