Entertainment

മൂന്നാം ഊഴവും മോഹന്‍ലാലിന് തന്നെ ! അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു

നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കുന്നു. ഈ രണ്ടു പദവികളിലേക്കും ഇവർ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ജൂണ്‍ 30 നാണ് അമ്മ ജനറല്‍ ബോഡി ചേരുന്നത്. ഒന്നിലേറെ നാമനിര്‍ദേശ പത്രിക ലഭിച്ച സ്ഥാനങ്ങളിലേക്ക് ജനറല്‍ ബോഡിയില്‍ വോട്ടെടുപ്പ് നടക്കും.

അതേ സമയം ‌25 വർഷത്തിനു ശേഷം ഇടവേള ബാബു സ്വയം ഒഴിയുന്നുവെന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞതവണ തന്നെ ബാബു സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ വാക്കുകൾക്കുമുന്നിൽ തീരുമാനം മാറ്റുകയായിരുന്നു. 1994-ൽ അമ്മ രൂപവത്കൃതമായതിനുശേഷമുള്ള മൂന്നാമത്തെ ഭരണസമിതി മുതൽ ഇടവേള ബാബു നേതൃത്വത്തിലുണ്ട്. ഇന്നസെന്റ് പ്രസിഡന്റും മമ്മൂട്ടി ഓണററി സെക്രട്ടറിയുമായ കമ്മിറ്റിയിൽ ജോയിന്റ് സെക്രട്ടറിയായിട്ടായിരുന്നു തുടക്കം.

മമ്മൂട്ടിയും മോഹൻലാലും പിന്നീട് ജനറൽസെക്രട്ടറി സ്ഥാനത്തിരുന്നപ്പോൾ അവരുടെ ഷൂട്ടിങ് തിരക്കുകൾ മൂലം ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്ന അധികാരത്തോടെ ബാബു സെക്രട്ടറിയായി. 2018-ലാണ് ജനറൽ സെക്രട്ടറിയായത്.. 2021-ൽ നടന്ന തിരഞ്ഞെടുപ്പിൽ മോഹൻലാലും ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കും മത്സരമുണ്ടായി. മണിയൻപിള്ള രാജുവും ശ്വേത മേനോനും വോട്ടെടുപ്പിലൂടെ വൈസ് പ്രസിഡന്റായപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് ലാലും വിജയ് ബാബുവും അട്ടിമറി വിജയം നേടി. ഔദ്യോഗിക പക്ഷത്തുനിന്ന് മത്സരിച്ച നിവിൻപോളിയും ആശ ശരത്തും ഹണി റോസുമാണ് തോറ്റത്.