നടൻ മധു എന്ന് സിനിമ നടന്റെ പേര് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചെമ്മീനാണ്. മധുവിന്റെ അഭിനയ ജീവിതത്തിലും വഴിത്തിരിവുണ്ടാക്കിയത് അത് തന്നെ. കറുത്തമ്മയെ കുടിയിരുത്തിയ പ്രണയതരളമായ മനസുമായി ജീവിച്ച പരീക്കുട്ടി മലയാളികളുടെ ഹൃദയത്തിലേക്കാണ് നടന്നു കയറിയത്.
ഇന്നിതാ 90ന്റെ നിറവിൽ നിൽക്കുമ്പോൾ അദ്ദേഹം പറയുന്ന വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
” ഞാൻ ജനിച്ചപ്പോൾ വീട്ടുകാർ മൂന്നുനാലുപേരെക്കൊണ്ട് ജാതകമെഴുതിച്ചു.
സിനിമ നടനാകുമെന്ന് ഒരു ജ്യോത്സ്യനും പറഞ്ഞില്ല.
ജാതകമെഴുതിയ ജ്യോത്സ്യന്മാരെല്ലാം 70 വയസ്സുവരെയുള്ള ജീവിതമെഴുതി നിർത്തി ശേഷം ചിന്ത്യം എന്ന് കുറിച്ചു!
ഇപ്പോൾ 90 വയസ്സായി.
70 ആയപ്പോൾ ജീവിതം തീർന്നാല്ലോ എന്നോർത്ത് ഉണ്ടായിരുന്ന പണമൊക്കെ വാരിക്കോരി ചിലവഴിച്ചു തീർത്തു. ഇപ്പോൾ കയ്യിൽ കാശില്ല.
ജ്യോത്സ്യർ പറ്റിച്ച പണിയേ “. അദ്ദേഹം ഇപ്പോഴും സിനിമ ലോകത്ത് വിലസി നടക്കുന്നുണ്ട്. നായകനായി വന്ന് വർഷങ്ങളുടെ പരിശ്രമം കൊണ്ട് ഇത്രയും കാലം അദ്ദേഹം മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്നൊരു മഹാനടനാണ്.
മലയാള ചലച്ചിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളിൽ ഒരാളാണ് മധു. തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തന്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. യഥാർത്ഥ പേര് മാധവൻ നായർ. മലയാള സിനിമയുടെ ശൈശവം മുതൽ ഒപ്പമുണ്ടായിരുന്ന ഈ നടൻ ഇപ്പോഴും അഭിനയ രംഗത്ത് സജീവം. ഇടക്ക് നിർമ്മാണ, സംവിധാന മേഖലകളിലും സാന്നിധ്യമറിയിച്ചു. 2013-ൽ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്കാരം ലഭിച്ചു. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി.
ക്വാജ അഹ്മദ് അബ്ബാസ് ഒരുക്കിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി ചിത്രത്തിൽ അരങ്ങേറ്റം കുറിച്ച മധുവിന്റെ ജൈത്രയാത്ര മലയാള സിനിമാ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. ആദ്യ മലയാള ചിത്രം രാമു കാര്യാട്ടിന്റെ മൂടുപടം ആയിരുന്നു. ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരൻ നായർനിർമിച്ച് എൻ എൻ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകൾ ആണ്.
1970-ൽ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് പതിനാലോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രൻ, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിർമിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിരുന്നു.