നടൻ കലാഭവൻ ഷാജോണിന്റെ മകൻ സിനിമയിലേക്ക്. രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലൂടെയാണ് യോഹാൻ ഷാജോൺ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. സിനിമയുടെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഷാജോൺ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.
‘‘എന്റെ മകൻ യോഹാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്…(ബാഗ് പിടിച്ചു നിൽക്കുന്ന ആളാണ് കക്ഷി. ധനുസ്, ഇർഫാൻ, ശ്രീലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങൾക്കൊപ്പം സിജുവും, മാത്യൂസും അടങ്ങുന്ന പ്രിയ താരങ്ങളും ഉണ്ട്..എല്ലാവരുടെയും പ്രാർഥനകളും, പിന്തുണയും ഉണ്ടാവണം.’’– ഷാജോൺ കുറിച്ചു.
സ്കൂൾ വിദ്യാർത്ഥികളുടെ ജീവിതം പറയുന്നതാണ് ചിത്രം. സിപി ശിവന്, ആദി, രവീഷ് നാഥ് എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരിയാണ് നിർമാണം. സിജു വിൽസൻ, ജെയിംസ് ഏലിയ,മാത്യു തോമസ്, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും.