Careers

പ്ലസ് ടു യോഗ്യതയുണ്ടോ ? പ്രസാര്‍ ഭാരതിയില്‍ അവസരം, ഇപ്പോൾ അപേക്ഷിക്കാം

പ്രസാര്‍ ഭാരതിയില്‍ അവസരം. മൂന്ന് ഒഴിവുകളാണുള്ളത്. പ്രസാര്‍ ഭാരതി സെറ്റ് അറേഞ്ചര്‍ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 35 വയസ് കവിയാന്‍ പാടില്ല. പ്രതിമാസം ശമ്പളമായി 25000 രൂപ ലഭിക്കും.

പ്രസ്തുത തസ്തികയില്‍ മൂന്ന് ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ദൂരദര്‍ശന്‍ കേന്ദ്രം പട്നയില്‍ നിയമിക്കും. രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനം എന്നാണ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

ജൂണ്‍ 13 ന് ആണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപേക്ഷാ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതല്‍ 15 ദിവസത്തിനുള്ളിലാണ്. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

മറ്റൊരു രീതിയിലുള്ള അപേക്ഷയും സ്വീകരിക്കില്ല. അപേക്ഷകര്‍ അംഗീകൃത ബോര്‍ഡില്‍ നിന്നോ സര്‍വകലാശാലയില്‍ നിന്നോ 12-ാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെറ്റ് ക്രിയേഷന്‍, സെറ്റ് ഇറക്ഷന്‍, സെറ്റ് ഡിസ്മാന്റ്ലിംഗ് തുടങ്ങിയ സ്റ്റുഡിയോ ഫ്‌ലോര്‍ സംബന്ധമായ ജോലികളില്‍ ഒരു വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. പൂര്‍ണമായും കരാര്‍ അധിഷ്ഠിതമായിരിക്കും ജോലി. കരാര്‍ സമയത്ത് മറ്റൊരു ജോലിയിലും ഏര്‍പ്പെടാന്‍ അനുവദിക്കുന്നതല്ല.

ഏതെങ്കിലും തരത്തില്‍ കരാറിന് വിപരീതമായ നടപടികള്‍ ഉദ്യോഗാര്‍ത്ഥിയുടെ ഭാഗത്ത് നിന്ന് സംഭവിച്ചാല്‍ ഒരു മാസത്തെ നോട്ടീസ് പിരിയഡോട് കൂടിയോ ഒരു മാസത്തെ ശമ്പളത്തോട് കൂടിയോ കരാര്‍ റദ്ദാക്കുന്നതാണ്. ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ല. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ വെച്ച് എഴുത്ത് പരീക്ഷയോ അഭിമുഖമോ നടത്തിയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക.

എഴുത്ത് പരീക്ഷക്കോ അഭിമുഖത്തിനോ ഹാജരാകുന്നതിന് യാതൊരു വിധത്തിലുള്ള ടി എ അല്ലെങ്കില്‍ ഡി എ എന്നിവ നല്‍കുന്നതല്ല. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും അറ്റാച്ച് ചെയ്യേണ്ടതുണ്ട്. ഇ-മെയില്‍ വഴി മാത്രമെ ആശയ വിനിമയം ഉണ്ടായിരിക്കുകയുള്ളൂ.

പ്രസാര്‍ ഭാരതിയില്‍ ഡയറക്ടര്‍ ജനറലാകാം

അതേസമയം പ്രസാര്‍ ഭാരതി ഡയറക്ടര്‍ ജനറല്‍ ( ദൂരദര്‍ശന്‍, ആകാശവാണി ) തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടണ്ട്. ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ച മേയ് 20 മുതല്‍ 45 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. ന്യൂഡല്‍ഹിയിലെ ഓഫീസിലേക്കാണ് നിയമനം. പരമാവധി പ്രായപരിധി 58 വയസ് ആണ്. ഒരു ഹ്രസ്വകാല കരാര്‍ ഉള്‍പ്പടെ പ്രമോഷന്‍ അല്ലെങ്കില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏഴാം സിപിസിക്ക് കീഴിലുള്ള പേ മാട്രിക്‌സിന്റെ പേ ലെവല്‍-16-ല്‍ ( 205400 മുതല്‍ 224400 രൂപ വരെ ) പ്രതിമാസ ശമ്പളം ലഭിക്കും. മീഡിയ മാസ് കമ്മ്യൂണിക്കേഷനിലോ പബ്ലിക് അഡ്മിനിസ്ട്രേഷനിലോ പരിചയമുള്ളവര്‍ക്കും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമോ തത്തുല്യമോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 20 വര്‍ഷത്തെ പരിചയമോ ലെവല്‍ 10 ന് മുകളിലുള്ള ശമ്പള സ്‌കെയിലോ ഉണ്ടായിരിക്കണം.

പ്രസാര്‍ ഭാരതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഓണ്‍ലൈനായി തന്നെ അപേക്ഷ സമര്‍പ്പിക്കാം. 2023 മാര്‍ച്ച് 17 ന് ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍, ആകാശവാണി ഡയറക്ടര്‍ ജനറല്‍ ഒഴിവുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും അപേക്ഷിക്കണം.

Latest News