ബച്ചൻ കുടുംബത്തെ കുറിച്ചുള്ള ഗോസിപ്പുകൾ പതിവാണെങ്കിലും താര കുടുംബം ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. ബച്ചൻ കുടുംബത്തിലെ മരുമകളായ ഐശ്വര്യ റായിയെ ചുറ്റിപ്പറ്റിയാണ് നാളുകളായി ഗോസിപ്പ് പ്രചരിക്കുന്നത്. ഭർത്താവിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. പൊതുവിടങ്ങളിലെല്ലാം ഈ അകൽച്ച പ്രകടമാണ്. ഭർതൃ മാതാവ് ജയ ബച്ചനുമായുണ്ടായ പ്രശ്നങ്ങളാണ് അകൽച്ചയ്ക്ക് കാരണമെന്ന് സൂചനയുണ്ട്. ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമയിൽ നടി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതോടെയാണ് പ്രശ്നങ്ങൾ കടുത്തതെന്നാണ് പുറത്ത് വന്ന വിവരം. 2016 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഈ സിനിമ പുറത്തിറങ്ങിയ ശേഷം ഐശ്വര്യയെയും ജയ ബച്ചനെയും അപൂർവമായേ ഒരുമിച്ച് പൊതുവിടങ്ങളിൽ കണ്ടിട്ടുള്ളൂ.
മകൾ ശ്വേത ബച്ചനും കൊച്ചുമകൾ നവ്യ നവേലിക്കുമൊപ്പം ജയ ബച്ചൻ സമയം ചെലവഴിക്കുന്നുമുണ്ട്. എന്നാൽ ഐശ്വര്യയെയും മകൾ ആരാധ്യയെയും ജയ ബച്ചൻ അവഗണിക്കുന്നുണ്ടെന്ന് ആരാധകർ പറയുന്നു. ഐശ്വര്യയും ഭർതൃ മാതാവിനോടും ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചനോടും അകലം കാണിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അമിതാഭ് ബച്ചന്റെ ഇക്കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ജയ ബച്ചനും പേരക്കുട്ടികൾക്കുമൊപ്പമുള്ള ഫോട്ടോ പുറത്ത് വന്നിരുന്നു. എന്നാൽ ഈ ഫോട്ടോ ക്രോപ് ചെയ്ത് അമിതാഭിനെയും ആരാധ്യയെയും മാത്രം ഉൾപ്പെടുത്തിയാണ് ഐശ്വര്യ റായ് പങ്കുവെച്ചത്.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വൻ തിരിച്ച് വരവ് നടത്തിയിരുന്നു. നിരവധി പ്രമുഖർ ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിച്ചെങ്കിലും അഭിഷേകിന്റെ വീട്ടുകാർ മൗനത്തിലായിരുന്നു. എന്നാൽ അഭിഷേകിന്റെ മികച്ച പെർഫോമൻസുകൾ എടുത്ത് പറയാൻ അമിതാഭ് ഭച്ചൻ ശ്രദ്ധിക്കുന്നുമുണ്ട്. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ നടന്നിരിക്കുന്ന സംഭവം. ഐശ്വര്യ റായും അഭിഷേക് ബച്ചനും ഒരുമിച്ച് അഭിനയിച്ച രാവൺ എന്ന സിനിമ റിലീസ് ചെയ്തിട്ട് 14 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതോടനുബന്ധിച്ച് അമിതാഭ് ബച്ചൻ പങ്കുവെച്ച പോസ്റ്റിൽ അഭിഷേകിനെ മാത്രമേ പ്രശംസിക്കുന്നുള്ളൂ. ഐശ്വര്യയെക്കുറിച്ച് ഒരു വാക്ക് പോലും പരാമർശിച്ചില്ല. അഭിഷേകിന്റെ മറക്കാനാതാത്ത പെർഫോമൻസാണ് രാവണിലെന്ന് അമിതാഭ് ബച്ചൻ പറയുന്നു.
എന്നാൽ സിനിമയിൽ അഭിഷേകിനോളം തുല്യ പ്രാധാന്യമുള്ള വേഷമാണ് ഐശ്വര്യ റായ് ചെയ്തത്. തന്റെ കഥാപാത്രത്തെ നടി അവിസ്മരണീയമാക്കുകയും ചെയ്തു. എന്തുകൊണ്ട് ഇതൊന്നും അമിതാഭ് ബച്ചൻ പരിഗണിച്ചില്ലെന്ന് ആരാധകർ ചോദിക്കുന്നു. ഐശ്വര്യയില്ലെങ്കിൽ ആ സിനിമയില്ലെന്നും ആരാധകർ പറയുന്നു. രാവണിന്റെ ഹിന്ദി പതിപ്പിലാണ് അഭിഷേക് അഭിനയിച്ചത്. തമിഴ് പതിപ്പിൽ വിക്രമായിരുന്നു. പൊതുവെ യാഥാസ്ഥികരും സ്ത്രീകൾ തങ്ങളേക്കാൾ മുന്നിലെത്തുന്നത് അംഗീകരിക്കാൻ മടിക്കുന്നവരുമാണ് ബച്ചൻ കുടുംബമെന്ന് ആരാധകർ നേരത്തെയും വിമർശനം ഉന്നയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിന് വേണ്ടിയാണ് ഐശ്വര്യ സിനിമകളിൽ സജീവമായി തുടരാൻ തയ്യാറാകാത്തത്. അഭിഷേക് കരിയറിൽ സജീവമാണ്. എന്നാൽ അടുത്ത കാലത്തൊന്നും വലിയൊരു ഹിറ്റ് നടന് ലഭിച്ചിട്ടില്ല. താരമൂല്യം നോക്കിയാൽ അഭിഷേകിനും എത്രയോ മുകളിലാണ് ഐശ്വര്യ റായുടെ സ്ഥാനം. ഇത് ഉൾക്കൊള്ളാൻ നടിയുടെ ഭർത്താവിന്റെ കുടുബം തയ്യാറാകുന്നില്ലെന്നും വിമർശനമുണ്ട്.