തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയം അവലോകനം ചെയ്യാൻ കൂടിയ യു.ഡി.എഫ്. ഏകോപനസമിതി യോഗത്തിനുശേഷം നടന്ന വിരുന്നിൽ പങ്കെടുക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മടങ്ങി.
യോഗത്തിൽ പങ്കെടുത്തെങ്കിലും സംസാരിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. വിരുന്നിൽ പങ്കെടുക്കാതെ ചെന്നിത്തല പോയതിന്റെ കാരണം ഇതാണെന്നറിയുന്നു. ഘടകകക്ഷി നേതാക്കള്‍ക്ക് ഉള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞു എന്നാണ് വിമര്‍ശനം ഉയരുന്നത്.
രാവിലെ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെയാണ് വൈകിട്ട് കണ്ടോണ്മെന്റ് ഹൗസില്‍ യുഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് വിലയിരുത്തലായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ സംസാരിച്ചെങ്കിലും യുഡിഎഫിന്റെ ക്യാംപെയ്ന് കമ്മിറ്റി ചെയര്മാന് കൂടിയായിരുന്നിട്ടും ചെന്നിത്തലയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ല.
എന്നാൽ, യോഗത്തിൽ സംസാരിക്കാൻ ചെന്നിത്തലയ്ക്ക് അവസരമുണ്ടായിരുന്നെന്നും കോൺഗ്രസിൽനിന്ന് അഞ്ചുപേർ മുന്നണിയോഗത്തിൽ സംസാരിച്ചുവെന്നുമാണ് മറുപക്ഷം വിശദീകരിക്കുന്നത്.