ന്യൂഡല്‍ഹി : യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളെ (യുലിപ്) നിക്ഷേപ പദ്ധതികള്‍ എന്ന പേരില്‍ പരസ്യം ചെയ്യരുതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) നിര്‍ദേശം. കഴിഞ്ഞ ദിവസം ഇറക്കിയ മാസ്റ്റര്‍ സര്‍ക്കുലറിലാണ് ഐആര്‍ഡിഎഐയുടെ സുപ്രധാന നിര്‍ദേശം.
യുലിപ്പുകളെയോ ഇന്‍ഡക്‌സ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളെയോ നിക്ഷേപ പദ്ധതികളായി അവതരിപ്പിക്കരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. യുലിപ്പുകളെ വിപണിയുമായി ബന്ധിപ്പിച്ച പദ്ധതികളാണെന്നും അതില്‍ നഷ്ടസാധ്യതയുണ്ടെന്നും ഉപഭോക്താക്കളെ കമ്പനികള്‍ ബോധവത്കരിക്കണം.
ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍ നഷ്ടസാധ്യത പരസ്യത്തില്‍ തന്നെ വ്യക്തമാക്കണം. ബോണസ് ഉറപ്പുള്ളതല്ലെന്ന് എന്‍ഡോവ്‌മെന്റ് പോളിസി നല്‍കുന്നവര്‍ പ്രത്യേകം പറയേണ്ടതുണ്ടെന്ന് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡാര്‍ഡ് കൗണ്‍സില്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു മാത്രമേ ലിങ്ക്ഡ് ഉത്പന്നങ്ങളുടെ പരസ്യം നല്‍കാവൂ എന്നും ഐആര്‍ഡിഎഐ നിര്‍ദേശിച്ചിട്ടുണ്ട്.