ലോകം ഇന്ന് രാജ്യാന്തരയോഗ ദിനം ആചരിച്ചു. യോഗ എല്ലാവരും ജീവിതചര്യ ആക്കണമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം. കശ്മീരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നൽകി. ഏഴായിരത്തോളം പേർ പങ്കെടുത്തു. യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കിയ നിരവധി താരങ്ങൾ നമുക്കുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ മുതൽ ബോളിവുഡിന്റെ ശിൽപ്പഷെട്ടി വരെ യോഗയുടെ ആരാധകരാണ്.
നിരവധി താരങ്ങൾ യോഗദിനത്തോട് അനുബന്ധിച്ച് ചിത്രങ്ങളും വിഡിയോകളും പങ്കിട്ടു. അതിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ പങ്കുവച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
യോഗാസനത്തിലിരക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. “എല്ലാവർക്കും യോഗാദിനാശംസകൾ! ശ്വസിക്കുക, ഒഴുകുക, ശക്തവും ആരോഗ്യകരവുമായിരിക്കുക” എന്ന കുറിപ്പും ലാലേട്ടൻ പങ്കുവച്ചിട്ടുണ്ട്. എല്ലാ വർഷവും യോഗ ദിനത്തിൽ ആശംസയുമായി മോഹൻലാൽ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. പതിവു പോലെ ഇത്തവണയും മോഹൻലാൽ പങ്കുവച്ച ചിത്രം ആരാധകർക്കിടയിൽ ശ്രദ്ധനേടി. മേക്കപ്പ് ഇട്ട് പ്രായത്തെ പറ്റിച്ചവനല്ല.. മെയ്യ് വഴക്കം കൊണ്ട് പ്രായത്തെ തോൽപ്പിച്ചവനാണ് എന്റെ ഹീറോ എന്നൊരാൾ കമ്മന്റ് ചെയ്തിട്ടുണ്ട്.
നിരവധി ആരാധകരാണ് താരത്തിന്റെ മെയ് വഴക്കത്തെയും ആരോഗ്യ പരിപാലനത്തെയും അഭിനന്ദിച്ച് കമന്റ് പങ്കുവയ്ക്കുന്നത്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മോഹൻലാൽ. ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. പ്രഭാസ്, അക്ഷയ് കുമാർ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവാണ് കണ്ണപ്പയിലെ നായകൻ.
മലയാളത്തിൽ, ശോഭനയ്ക്ക് ഒപ്പം മോഹൻലാൽ വീണ്ടും ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രവും പുരോഗമിക്കുകയാണ്. നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ പ്രീക്വലാണ് എമ്പുരാൻ.
‘വൃഷഭ, റാം, റംമ്പാൻ’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാലിന്റെ മറ്റു ചിത്രങ്ങൾ. അതേസമയം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ സെപ്റ്റംബറിൽ റിലീസിന് ഒരുങ്ങുകയാണ്.