ഇന്ത്യൻ സിനിമാ ലോകത്ത് എന്നെന്നും തന്റേതായ ഇടം നേടിയ അഭിനേത്രിയാണ് ശ്രീദേവി. അകാലത്തിൽ മരണം കവർന്നെടുത്തെങ്കിലും ശ്രീദേവി എന്ന നദിയെ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. അഭിനയ മികവും വശ്യ സൗന്ദര്യവും ശ്രീദേവിയെ വളരെ വേഗത്തിൽ ഉയരങ്ങളിലെത്തിച്ചു. നായകൻമാർക്ക് ഒപ്പത്തിനൊപ്പം താരമൂല്യമുണ്ടായിരുന്നന ശ്രീദേവി തുടരെ ഹിറ്റുകൾ സൃഷ്ടിച്ചു. എന്നും ശ്രീദേവിയുടെ സിനിമകൾക്ക് പ്രേക്ഷകരുണ്ടായിരുന്നു. ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാറായി ശ്രീദേവി അറിയപ്പെട്ടു. അതേസമയം ആഘോഷിക്കപ്പെട്ട നടിയാണെങ്കിലും ശ്രീദേവിയുടെ പ്രകൃതത്തെക്കുറിച്ച് പല അഭിപ്രായങ്ങളും സഹപ്രവർത്തകർക്കുണ്ട്.
അധികം സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു ശ്രീദേവി. തന്റേതായ ചില ഈഗോകളും നടിക്കുണ്ടായിരുന്നു. തന്റെ സിനിമയിൽ മറ്റൊരു നായിക നടി തിളങ്ങുന്നത് ശ്രീദേവിക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ലായിരുന്നു. ജയപ്രദയും ശ്രീദേവിയും താര റാണിമാരായിരുന്നു കാലത്ത് ജയപ്രദയിൽ നിന്നും വലിയ അകലം ശ്രീദേവി കാണിച്ചു. ഒരുമിച്ചുള്ള സീനുകൾ കഴിഞ്ഞാൽ രണ്ട് പേരും സംസാരിക്കുക പോലുമില്ല. ഇവരെ അടുപ്പിക്കാൻ സിനിമകളിലെ അണിയറ പ്രവർത്തകർ ശ്രമിച്ചിട്ട് പോലും നടന്നില്ല. അതേസമയം പിൽക്കാലത്ത് ഇവർ സുഹൃത്തുക്കളായി. ശ്രീദേവിയുടെ ഈഗോ കാരണം പ്രത്യാഘാതം നേരിടേണ്ടി വന്ന നടിയാണ് അന്തരിച്ച റീമ ലഗൂ. ടെലിവിഷൻ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന റൂമ വളരെ പെട്ടെന്ന് ജനപ്രീതി നേടി. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ അവിസ്മരണീയമാക്കാൻ റീമയ്ക്ക് സാധിച്ചു. ശ്രീദേവി നായികയായ ഗുംര എന്ന എന്ന സിനിമയിൽ റീമ അഭിനയിച്ചിട്ടുണ്ട്.
അമ്മ വേഷമാണെങ്കിലും സുപ്രധാന വേഷമാണ് ചിത്രത്തിൽ റീമയ്ക്ക് ലഭിച്ചത്. കരൺ ജോഹറിന്റെ പിതാവ് യാഷ് ചോപ്ര നിർമ്മിച്ച ഗുംര സംവിധാനം ചെയ്തത് മുകേഷ് ഭട്ടാണ്. തനിക്ക് ലഭിച്ച സീനുകളിൽ റീമ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്നത് ശ്രീദേവിയുടെ ശ്രദ്ധയിൽ പെട്ടു. സിനിമ പുറത്തിറങ്ങുമ്പോൾ പ്രേക്ഷക പ്രശംസ ലഭിക്കുക റീമയ്ക്കായിരിക്കുമെന്ന് ശ്രീദേവിക്ക് തോന്നി. ഗുംര പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലായിരിക്കെ നിർമാതാവിനോടും സംവിധായകനോടും റീമയുടെ സീനുകൾ വെട്ടിച്ചുരുക്കുമെന്ന ആവശ്യം ശ്രീദേവി ഉന്നയിച്ചു. യാഷ് ചോപ്ര ആദ്യം ഇതിന് തയ്യാറായില്ല. എന്നാൽ ശ്രീദേവിയുടെ അന്നത്തെ താരമൂല്യം പരിഗണിച്ച് ഈ ആവശ്യം അംഗീകരിക്കേണ്ടി വന്നു. റീമ ലഗൂന് ഇക്കാര്യം മനസിലായെങ്കിലും ഇതേക്കുറിച്ച് ശ്രീദേവിയോട് ചോദിച്ചില്ല.
അഭിനയത്തിന് പുറമെ തന്റെ സൗന്ദര്യം എന്നും നിലനിൽക്കണമെന്ന് ശ്രീദേവിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒന്നിലേറെ തവണ നടി പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്. അതേസമയം വിവാദങ്ങൾക്കെല്ലാമപ്പുറം ശ്രീദേവി ആരാധകർക്ക് പ്രിയങ്കരിയായിരുന്നു. 2018 ലാണ് ശ്രീദേവി മരിച്ചത്. ദുബായിൽ ഹോട്ടൽ മുറിയിലെ ബാത്ത് ടബിൽ മുങ്ങി മരിക്കുകയായിരുന്നു. അന്ന് മരണ കാരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി. ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ അഭിനയ രംഗത്ത് സജീവമാണ്. ഇളയ മകളും അടുത്തിടെ സിനിമാ രംഗത്തേക്ക് കടന്ന് വന്നു.2017 ലാണ് റീമ ലഗൂ മരിച്ചത്. അമ്മ വേഷങ്ങളാണ് കരിയറിൽ കൂടുതലും നടി ചെയ്തത്.