Entertainment

നാണമാവുന്നു മേനി നോവുന്നു; അനുരാഗം നിറഞ്ഞ പാട്ടുകളുടെ നാഥൻ

പ്രണയാർദ്രമായ ഒരുപിടി ഗാനങ്ങൾ കൊണ്ട് മലയാള സിനിമയില്‍ തൻറേതായ ഇടം അടയാളപ്പെടുത്തിയ കലാകാരനാണ് പൂവച്ചല്‍ ഖാദര്‍. അനുരാഗം നിറഞ്ഞ പാട്ടുകളിലൂടെ, പൊന്നും തേനും വയമ്പുമെല്ലാം മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹം.

കവിയും മലയാള ചലച്ചിത്ര ഗാനരചയിതാവുമായിരുന്നു പൂവച്ചൽ ഖാദർ (ജീവിതകാലം: 1948 ഡിസംബർ 25 – 2021 ജൂൺ 22). അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ പൂവച്ചൽ ഖാദർ ഏകദേശം നാനൂറിലധികം ചിത്രങ്ങളോടൊത്തു പ്രവർത്തിക്കുകയും1000 ലധികം ഗാനങ്ങളുടെയും ലളിതഗാനങ്ങളുടേയും രചന നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.[2] വിജയ നിർമ്മല സംവിധാനം ചെയ്ത് 1973 ഏപ്രിലിൽ പുറത്തിറങ്ങിയ കവിത എന്ന ചിത്രത്തിലൂടെ ഇതേ ചിത്രത്തിലെ കലാ സംവിധായകനായി പ്രവർത്തിച്ചിരുന്ന ഐ.വി. ശശിയാണ് അദ്ദേഹത്തെ ഒരു ഗാനരചയിതാവെന്ന നിലയിൽ മലയാള സിനിമാ ലോകത്ത് അവതരിപ്പിച്ചത്.[3] അതേവർഷം ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ കാറ്റുവിതച്ചവൻ എന്ന ചിത്രത്തിൽ അദ്ദേഹം രചിച്ച ‘നീ എ​ൻറെ പ്രാർത്ഥന കേട്ടു’, മഴവില്ലിനജ്ഞാതവാസം തുടങ്ങിയ ഗാനങ്ങൾ ഒരു വഴിത്തിരിവായി മാറി.

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. നിരവധി ലളിതഗാനങ്ങളും.

‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ…’ (ചാമരം), ‘ഏതോ ജന്മ കൽപനയിൽ…’ (പാളങ്ങൾ), ‘അനുരാഗിണി ഇതായെൻ…’ (ഒരു കുടക്കീഴിൽ), ‘ശരറാന്തൽ തിരിതാഴും…’ (കായലും കയറും) തുടങ്ങി ഖാദറിന്റെ ഗാനങ്ങൾ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്.

 

1948 ഡിസംബര്‍ 25ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിൽ ജനനം. പിതാവ് അബൂബക്കര്‍.

മാതാവ് റാബിയത്തുല്‍ അദബിയ ബീവി.

തൃശൂർ വലപ്പാട് പോളിയിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എഎംഐഇ പാസായി. പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു.

 

സ്കൂളിൽ പഠിക്കുമ്പോൾ

വിശ്വേശ്വരന്‍ നായരെന്ന ട്യൂഷന്‍ മാസ്റ്ററിന്‍റെ പ്രോത്സാഹനത്തില്‍ ഒരു കൈയ്യെഴുത്ത് മാസികയിൽ ‘ഉണരൂ’ എന്ന കവിതയുമായ് രചനയുടെ ലോകത്തേയ്ക്ക് പ്രവേശിച്ചു. കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ ‘കവിത’ എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ‍ഞ്ഞുനിന്നു. കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചു.

‘മൗനമേ നിറയും മൗനമേ…’ (തകര), ‘സിന്ദൂര സന്ധ്യയ്ക്ക് മൗ.നം…’ (ചൂള), ‘രാജീവം വിടരും നിൻ മിഴികൾ…’ (ബെൽറ്റ് മത്തായി), ‘മഴവില്ലിൻ അജ്‌ഞാതവാസം കഴിഞ്ഞു…’ (കാറ്റുവിതച്ചവൻ), ‘നാണമാവുന്നു മേനി നോവുന്നു…’ (ആട്ടക്കലാശം), ‘എന്റെ ജന്മം നീയെടുത്തു…’(ഇതാ ഒരു ധിക്കാരി), ‘ഇത്തിരി നാണം പെണ്ണിന് കവിളിൽ…’ (തമ്മിൽ തമ്മിൽ), ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ…’ (കായലും കയറും), ‘നീയെന്റെ പ്രാർഥനകേട്ടു…’ (കാറ്റു വിതച്ചവൻ), ‘കിളിയേ കിളിയേ…’ (ആ രാത്രി), ‘പൂമാനമേ ഒരു രാഗമേഘം താ…’ (നിറക്കൂട്ട്), ‘കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ….’ (താളവട്ടം), ‘മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ….’ (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളിൽ ചിലതുമാത്രം.

 

നാടകസമിതികൾക്കു വേണ്ടി പൂവച്ചലൊരുക്കിയ പാട്ടുകൾക്ക് ഈണമിട്ടത് ബാബുരാജ്, കണ്ണൂർ രാജൻ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ. ‘പഞ്ചമി പോലൊരു സുന്ദരിപക്ഷി…’, ‘കര തേടി ഒഴുകുന്നു കളിയോടവും…’, ‘ദുഃഖങ്ങളേ നിങ്ങളുറങ്ങൂ…’ തുടങ്ങിയ നാടകഗാനങ്ങളെല്ലാം എന്നും സംഗീതാസ്വാദകരുടെ ഓർമയിലുണ്ടാകും.

 

കോഴിക്കോട് ആകാശവാണിയ്ക്കു വേണ്ടി എഴുതിയ ലളിതഗാനങ്ങൾക്കും ധാരാളം ആസ്വാദകരുണ്ടായി. ‘നിറകതിര്‍ താലം കൊണ്ട് നിലാവിറങ്ങി…’, ‘പാടാത്ത പാട്ടിന്‍ മധുരം എന്റെ മാനസമിന്നു നുകര്‍ന്നു…’, ‘രാമായണക്കിളി ശാരികപ്പൈങ്കിളി…’, ‘ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ…’, ‘പഥികന്‍ പാടുന്നു പഥികന്‍ പാടുന്നു…’ തുടങ്ങിയ പാട്ടുകളൊക്കെ മലയാളികൾ ഏറ്റുപാടിയവയാണ്. ‘തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്…’, ‘കസവിന്‍ തട്ടം ചൂടി കരിമിഴിമുനകള്‍ നീട്ടി…’ എന്നിവയടക്കം പ്രശസ്തങ്ങളായ നിരവധി മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്. കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു.

കോവിഡ് ബാധിതനായി 2021 ജൂൺ 22 ന് അന്തരിച്ചു.