ചെറുതെന്ന് വലുതെന്ന് വ്യത്യാസമില്ലാതെ പ്രേക്ഷകരെ എന്നും ഞെട്ടിച്ചിട്ടുള്ള നടനാണ് ഇന്ദ്രൻസ്. കോമഡി കഥാപാത്രങ്ങൾ അനായാസം ഇന്ദ്രൻസിന് വഴങ്ങും. എന്നാൽ സീരിയസ് കഥാപാത്രങ്ങൾ ഒരുപാട് കയ്യടി നേടി. വില്ലൻ കഥാപാത്രങ്ങളിൽ പോലും അദ്ദേഹം ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവച്ചു. കാൽ പതിറ്റാണ്ടോളമായി സിനിമാ മേഖലയിൽ സജീവമായ സാന്നിധ്യമാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാരകനായി വർഷങ്ങളോളം പ്രവർത്തിച്ച ശേഷമാണ് ഇന്ദ്രൻസ് അഭിനയ രംഗത്തേയ്ക്ക് എത്തിയത്.
വെള്ളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും രസകരമായ ഓർമകൾ ജീവിതത്തിൽ ഉണ്ടോയെന്ന ചോദ്യത്തിന് വെള്ളമടിച്ച ഒരു അനുഭവവും താരം പങ്കിട്ടു. ‘ജീവിതത്തിൽ വെള്ളമടിച്ച് ഉണരാൻ പറ്റാത്ത അവസ്ഥയുണ്ടായിരുന്നു. ഒരു കൂട്ടുകാരൻ തടിവെയ്ക്കുമെന്ന് പറഞ്ഞ് ഒഴിച്ചുതന്നതാണ്. അടിച്ചു, മൂന്നിന്റ അന്നാണ് കണ്ണുതുറന്നത്. 12വർഷം മുൻപാണ്. അമേരിക്കയിൽ നിന്ന് കൊണ്ടുവന്നതാണെന്നാണ് പറഞ്ഞത്. ഉണർന്നപ്പോൾ അവനെ അന്വേഷിച്ച് ഞാൻ പോയിരുന്നു’, ചിരിച്ചു കൊണ്ട് ഇന്ദ്രൻസ് പറഞ്ഞു.
ജീവിത്തിൽ മുൻപ് ചെയ്യാൻ പറ്റില്ലെന്ന് കരുതിയ എന്നാൽ പിന്നീട് ചെയ്ത് കാണിച്ച എന്തെങ്കിലും സംഭവമുണ്ടായിട്ടുണ്ടോയെന്ന ചോദ്യത്തിന് കല്യാണം കഴിച്ചത് എന്നും ഇന്ദ്രൻസ് മറുപടി നൽകി. ചെറുപ്പത്തിലെ പറ്റാത്തൊരു കാര്യമായിരുന്നു. മുതിർന്നപ്പോൾ കല്ല്യാണം കഴിച്ചു. വളർച്ചയ്ക്ക് അനുസരിച്ച് പിന്നീട് പലതും ചെയ്ത് കാണിച്ചു’, താരം പറഞ്ഞു.
ഇനിയും ഇന്ദ്രൻസ് ഫുൾടൈം കോമഡിയിലേക്ക് മാറുമോയെന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് താരം.
‘ഫുൾ കോമഡിയായിട്ടൊരു കഥാപാത്രത്തിന് ഞാൻ തയ്യാർ തന്നെയാണ്. എന്നാൽ അതിന് തയ്യാറായിട്ട് ഒരു സംവിധായകൻ വരണമല്ലോ. ഇനി അത്തരത്തിലുള്ള കഥാപാത്രങ്ങളെ മൊത്തത്തിൽ പ്രതീക്ഷിക്കാനും സാധിക്കില്ല. ആ സമയം അങ്ങ് പോയി. ആ ഒരു രീതിയല്ലല്ലോ ഇപ്പോൾ. പഴയ ഇത്തരം കോമഡി സിനിമകൾ ആസ്വദിക്കുന്നവരാണ് നമ്മുടെ പുതിയ തലമുറ സംവിധായകരിൽ പലരും. എന്നാൽ അവർ എടുക്കുന്ന സിനിമകൾ സീരിയസ് ആയിരിക്കും.
ജീവിതത്തിൽ ഞാൻ തീരെ അപ്റ്റേറ്റഡ് അല്ല. മുൻപോട്ട് അങ്ങനെ അന്വേഷിച്ച് നടക്കുന്ന ആളല്ല ഞാൻ. നിൽക്കുന്നിടത്ത് നിൽക്കും അത് ഭംഗിയായി ചെയ്യുകയെന്നതാണ്. അതുകൊണ്ട് അന്വേഷിച്ച് മുന്നോട്ട് പോകാറില്ല.. ഫോണുകളിലെ ഫീച്ചറുകളൊന്നും അറിയില്ല. ഹോം എന്ന സിനിമയിലെ കഥാപാത്രം പോലെ തന്നെയാണ് ഞാൻ. പക്ഷെ സിനിമയിലെ ആ കഥാപാത്രം സംവിധായകൻ രൂപപ്പെടുത്തിയത് അദ്ദേഹത്തിന്റെ പിതാവിനെ കണ്ടിട്ടാണ്. തൻറെ പിതാവും ഇതേ രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വീട്ടിലെ അനുഭവങ്ങളാണ് സിനിമയിൽ ഉൾപ്പെടുത്തിയത്.
വലിയ നടൻമാരുടെ കൂട്ടത്തിൽ ഇരിപ്പിടം കിട്ടുക, അവരുടെ പേരിനൊപ്പം നമ്മുടെ പേര് ചേർത്ത് പറയുക ഇതൊക്കെ വളരെ അധികം അഭിമാനം തോന്നുന്ന കാര്യമാണ്. നമ്മൾ അതുവരെയൊക്കെ എത്തിയോ എന്നൊക്കെ തോന്നും. പക്ഷെ ഒരു നിമിഷം മതി ഇതൊക്കെ മാറി മറിയാൻ. പഴയതൊന്നും മറക്കാൻ പറ്റാതിരിക്കുമ്പോൾ നമ്മുക്ക് ശരിക്കും അത്ഭുതം തോന്നും. ഇതൊക്കെ നിലനിർത്തുകയെന്നതാണ് പിന്നെത്തെ പണി’, താരം പറഞ്ഞു.