അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു അഭിനയരംഗത്തേക്ക് എത്തുന്നു. കൊച്ചിൻ സംഗമിത്രയുടെ നാടകമായ ‘ഇരട്ടനഗര’ത്തിലൂടെയാണ് അരങ്ങേറ്റം. കോളജ് വിദ്യാര്ഥിനിയായി വേഷമിടുന്ന നാടകത്തിന്റെ റിഹേസൽ അടുത്ത ആഴ്ച ആരംഭിക്കും. ഓഗസ്റ്റ് ആദ്യ ആഴ്ചയാണ് നാടകം പ്രദർശനത്തിനെത്തുക.
നാടകത്തിൽ മാത്രമല്ല നേരത്തേ ആൽബത്തിലും രേണു അഭിനയിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന സിനിമയിലും രേണു വേഷം ചെയ്യുന്നുണ്ട്. സ്കൂൾ പഠനകാലത്തു തന്നെ നാടകങ്ങളിൽ അഭിനയിച്ചുള്ള പരിചയവും അനുഭവവും രേണുവിനുണ്ട്. നൃത്തത്തിനോടും തൽപ്പരയാണ് രേണു. വാകത്താനത്ത് വാടകവീട്ടിലാണ് രേണുവും മക്കളും താമസിക്കുന്നത്. സുധി പങ്കെടുത്തിരുന്ന സ്റ്റാർ മാജിക് പരിപാടി ഫാന്‍സുകാരാണ് വീട്ടുവാടക നല്‍കുന്നത്. ലക്ഷ്മി നക്ഷത്ര എല്ലാ മാസവും മുടങ്ങാതെ പണം അയച്ചുതരുന്നുണ്ടെന്നും രേണു പറഞ്ഞു.
വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളാണ് രേണു. സഹോദരി രമ്യ നഴ്സാണ്. മാതാപിതാക്കൾക്ക് ഒപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസം. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു കഴിഞ്ഞു. 2017 മേയിലായിരുന്നു സുധിയുമായുള്ള വിവാഹം. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്.
കൊല്ലം സുധിയുടെ വിയോഗം ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. 2023 ജൂൺ അഞ്ചിനാണ് തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ സുധി മരിച്ചത്. അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുകയാണ് ഭാര്യ രേണുവും മക്കളും. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും രേണു സുധിയെക്കുറിച്ചുള്ള ഓർമകൾ പങ്കിടാറുണ്ട്.
സിന്ദൂരം ഇട്ടുകൊണ്ടുള്ള ഫോട്ടോയാണ് വിവാഹ വാർഷിക ദിനത്തിൽ രേണു പങ്കുവെച്ചത്. ഭർത്താവ് മരിച്ച ഭാര്യമാർ സിന്ദൂരം തൊടാറില്ലെന്നും പക്ഷേ ഇന്ന് താൻ തൊട്ടുവെന്നും രേണു അന്ന് പങ്കുവെച്ച കുറിപ്പിൽ കുറിച്ചു, ഏഴാം വിവാഹ വാർഷികത്തിലായിരുന്നു രേണു സിന്ദൂരം ചാർത്തിയത്. സ്വർഗത്തിൽ ഇരുന്ന് സുധി ചേട്ടൻ എല്ലാം അറിയുന്നുണ്ടാകുമല്ലേ എന്നും രേണു കുറിച്ചിരുന്നു.
അതേ സമയം താൻ രണ്ടാം വിവാഹം കഴിക്കില്ലെന്ന് രേണു പറഞ്ഞിരുന്നു. കൊല്ലം സുധിയുടെ ഭാര്യയായി മരണം വരെ കഴിയുമെന്നാണ് രേണു പറഞ്ഞത്. ഇനിയൊരിക്കലും തന്റെ ജീവിതത്തിൽ വിവാഹം ഇല്ലെന്നും രേണു പറഞ്ഞിരുന്നു. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞു.