ഒരു കാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതിയുണ്ടായിരുന്ന രത്നമാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ. ആന്ധ്ര പ്രദേശിലെ ഗോൽക്കോണ്ടയിൽ നിന്നാണ് കോഹിനൂർ രത്നം ഖനനം ചെയ്ത് എടുത്തത്.ആദ്യകാലത്ത് 793 കാരറ്റ് ആയിരുന്നു കോഹിനൂർ രത്നത്തിന്റെ മാറ്റ്. പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്നത്തിന് നൽകിയതെന്നു കരുതുന്നു. ലോകത്തിലെ കുപ്രസിദ്ധമായ വജ്രം പിടിച്ചടക്കി സ്വന്തമാക്കാൻ നടത്തിയ ശ്രമങ്ങൾക്കിടയിൽ ജീവൻ കളഞ്ഞ ഒരുപിടി മനുഷ്യജന്മങ്ങളേയും അധികാരികളേയും കണ്ടുമുട്ടാനാകും.
ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നുപോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്ത രത്നമാണീത്. കോഹിനൂർ രത്നത്തെ പരാമർശിക്കുന്ന ഏറ്റവും പഴയ ലിഖിതം കണ്ടെത്തിയിട്ടുള്ളത് 1306ലേതാണ്. ഈ കല്ല് ആരുടെ കൈവശം എത്തിയോ ആ വ്യക്തി നശിക്കുമെന്നും അദ്ദേഹത്തിന്റെ സാമ്രാജ്യം തകരുമെന്നും ആ വ്യക്തിയുടെ അന്ത്യം വളരെ മോശമായ രീതിയിലായിരിക്കും എന്നൊക്കെയാണ് കഥ. ഇതു കുഴിച്ചെടുത്ത സമയത്ത് തന്നെ അസ്ട്രോളജി അറിയാവുന്ന പണ്ഡിതന്മാർ പറഞ്ഞിരുന്നത്രേ ഇത് എവിടെയുണ്ടോ ആ സ്ഥലം നശിക്കുമെന്നും ഇത് ദൈവത്തിനോ ക്ഷേത്രങ്ങളിലേക്കോ നൽകുക എന്നും അവർ നിർദ്ദേശിച്ചിരുന്നു എന്ന് പറയപ്പെടുന്നു
ബ്രിട്ടനിൽ നിന്നുള്ള രത്നം വീണ്ടെടുക്കാനും ശരിയായ ഉടമസ്ഥത സ്ഥാപിക്കാനും ശ്രമിക്കുന്നവരിൽ ഇന്ത്യ, ഇറാൻ, പാകിസ്താൻ, അഫ്‌ഗാനിസ്താൻ എന്നീ രാജ്യങ്ങൾ കൂടി ഉണ്ടെന്ന അറിവാണ്. കോഹിനൂർ രത്നം ആദ്യം കൈവശം വെച്ചിരുന്നത് കാകാത്തിയ രാജാക്കന്മാരായിരുന്നു. ഇന്നത്തെ ആന്ധ്രാപ്രദേശിന്റെ ഭാഗങ്ങൾ ഭരിച്ചിരുന്ന ഒരു തെക്കേ ഇന്ത്യൻ രാജവംശം ആയിരുന്നു കാകാത്തിയ രാജവംശം. എ.ഡി. 1083 മുതൽ 1323 വരെയായിരുന്നു കാകാത്തിയരുടെ ഭരണകാലം. പിന്നീട് കാകാത്തിയ സാമ്രാജ്യം ആക്രമിക്കപ്പെടുകയും അലാവുദ്ദീൻ ഖിൽജിയും മാലിക് കഫൂറും ചേർന്ന് കോഹിനൂർ രത്നം ഒരു ക്ഷേത്രത്തിൽനിന്ന് കൈക്കലാക്കി അവരത് ഡൽഹിയിലേക്ക് കൊണ്ടുപോയി.ഖിൽജി സാമ്രാജ്യത്തിലെ തകർച്ചക്ക് ശേഷം മുഗൾ രാജാക്കന്മാരുടെ കൈകളിലേക്ക് എത്തുകയായിരുന്നു കോഹിനൂർ രത്നം. പിന്നീട് മുഗൾ രാജാക്കന്മാരുടെ കൈകളിലൂടെ കൈമാറി വന്നു. അത് ലഭിച്ചതിനുശേഷം ഓരോ രാജാക്കന്മാരും തകർന്നടിയുകയാണ് ഉണ്ടായത്.
മുഗൾ സാമ്രാജ്യത്തിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ കൈകളിൽ കോഹിനൂർ രത്നം എത്തിപ്പെട്ടു. അദ്ദേഹം അത് താജ്മഹലിൽ സൂക്ഷിച്ചുവെച്ചു . പിന്നീട് കോഹിനൂർ രത്നം ലാഹോറിലെ ബാദ്ശാഹി മസ്ജിദിൽ സൂക്ഷിക്കുകയും ചെയ്തു. 1729 പേർഷ്യൻ രാജാവായിരുന്ന നാദിർഷ ഇന്ത്യ ആക്രമിക്കുകയും മയൂരസിംഹാസനം ഉൾപ്പെടെ വിലപിടിപ്പുള്ളത് എല്ലാം കൊണ്ടുപോയി അതിൽ കോഹിനൂർ രത്നവും ഉൾപ്പെട്ടിരുന്നു. അക്ക്ങ്ങനെ കൈമാറിയാണ് ഒടുവിൽ ബ്രിട്ടീഷുകാരുടെ കൈകളിലെത്തിയത് . മുഗൾ ചക്രവർത്തിയിൽ നിന്നും നാദിർ ഷാ പിടിച്ചെടുത്ത മൂന്നു വിലപിടിപ്പുള്ള വജ്രങ്ങൾ ഇന്ന് മൂന്നു വ്യത്യസ്ത രാജ്യങ്ങളിലുണ്ട്: കോഹിനൂർ ഇംഗ്ലണ്ടിലാണുള്ളത്, ഡരിയനൂർ ഇറാനിലാണ്. ഒർലോവ് ഇംപീരിയൽ സ്കെപ്പ് റഷ്യയിലും. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ എത്തിയെങ്കിലും കോഹിനൂറിന്റെ യാത്ര അവിടെ അവസാനിച്ചുവെന്നു പറയാനാവില്ല. അത് ഭൂമിയിൽ നിലനിൽക്കുന്നതുവരെ ഇനിയും പ്രയാണം തുടർന്നേക്കാം. വരാനിരിക്കുന്ന തലമുറകൾക്കായി ഈ പുസ്തകത്തിൽ കൂടുതൽ അധ്യായങ്ങൾ കൂട്ടിച്ചേർക്കാൻ ഇടയുണ്ട് ഈ അമൂല്യ വജ്രം.