മലയാളികൾക്ക് യാതൊരു മുഖവുരയുടെയും ആവശ്യമില്ലാത്ത താര കുടുംബമാണ് നടൻ സുകുമാരന്റെ കുടുംബം. കുടുംബത്തിലെ എല്ലാവരും സിനിമയുടെ വ്യത്യസ്ത മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു. ക്യാമറയ്ക്ക് പിന്നിലും മുന്നിലും വിസ്മയം തീർക്കുകയാണ് ഇപ്പോഴും ഈ കുടുംബം. പൃഥ്വിരാജും ഇന്ദ്രജിത്തും മലയാളത്തിലെ അറിയപ്പെടുന്ന യുവ നായകന്മാർ. മൂത്ത മരുമകൾ പൂർണിമ ഇന്ദ്രജിത്ത് അറിയപ്പെടുന്ന അഭിനേത്രിയും ഫാഷൻ ഡിസൈനറും. രണ്ടാമത്തെ മരുമകൾ സുപ്രിയ ചലച്ചിത്ര നിർമ്മാതാവും. കൊച്ചുമക്കളും സിനിമയിൽ സാന്നിധ്യം അറിയിച്ചു. അങ്ങനെ ഇന്ദ്രജിത്ത് പൃഥ്വിരാജ് പൂർണിമ സുപ്രിയ പ്രാർത്ഥന നക്ഷത്ര എന്നിവരെല്ലാം മലയാള സിനിമയുടെ ഭാഗമായി.
മക്കളെയും കൊച്ചുമക്കളെയും വാഴ്ത്തിപ്പാടുമ്പോൾ സുകുമാരനെയും മല്ലിക സുകുമാരനെയും പ്രേക്ഷകർ എങ്ങനെ മറക്കും. ഇന്നും സിനിമ സീരിയൽ ലോകത്ത് സജീവമാണ് മല്ലിക സുകുമാരൻ. ഓരോ ചെറിയ വേഷവും തന്റേതായ രീതിയിൽ മികവുറ്റതാക്കുന്നു. ഈ അടുത്തകാലത്താണ് ചലച്ചിത്ര ജീവിതത്തിൻറെ 50 വർഷങ്ങൾ മല്ലിക സുകുമാരൻ പൂർത്തിയാക്കിയത്.
ഇന്നത്തെ കുടുംബ ജീവിതങ്ങളിൽ വന്ന മാറ്റത്തെക്കുറിച്ചും മല്ലിക സുകുമാരൻ അഭിമുഖത്തിൽ പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. ഇന്ന് മക്കളേക്കാളും പ്രാധാന്യം ഭാര്യക്കാണ്. അതൊരു പൊസസീവ്നെസാണ്. അവരെ കുറ്റം പറയാനും പറ്റില്ല. കാലത്തിന്റെ പോക്ക് അങ്ങനെയാണ്. പ്രേമിച്ച് കല്യാണം കഴിച്ചാൽ എന്റെ അവകാശവും സ്വത്തുമാണ് ഭർത്താവ് എന്ന രീതിയാണെന്നും മല്ലിക സുകുമാരൻ പറയുന്നു.
സുകുമാരന്റെ അമ്മയെക്കുറിച്ചുള്ള ഓർമകളും മല്ലിക സുകുമാരൻ പങ്കിട്ടു. തന്നെ വിവാഹം ചെയ്യുന്ന കാര്യം സുകുമാരൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അമ്മയ്ക്ക് അതൃപ്തി തോന്നിയിരുന്നെന്ന് മല്ലിക സുകുമാരൻ പറയുന്നു. രണ്ട് കൊല്ലം അവർ മകന് കല്യാണം ആലോചിച്ചു. ഇപ്പോൾ വേണ്ടെന്നാണ് പറഞ്ഞത്. അത് കഴിഞ്ഞ് നാല് മാസം കഴിഞ്ഞാണ് തന്നെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു എന്ന് പറയുന്നത്.
സ്വാഭാവികമായും ഒരു അമ്മയ്ക്ക് തോന്നുന്ന വിഷമവും സങ്കടവും ആണതെന്ന് മല്ലിക സുകുമാകൻ പറയുന്നു. ആ പ്രയാസമൊന്നും അധികം നീണ്ടു നിന്നില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം എന്റെ അച്ഛനും അമ്മയും അദ്ദേഹത്തിന്റെ അമ്മയുമായി സംസാരിച്ചു. ഞങ്ങൾ അങ്ങോട്ട് പോയി. പൂർവാധികം സന്തോഷത്തോടെയും സ്നേഹത്തോടെയും സ്വീകരിച്ചു. എന്റെ കുട്ടൻ ഒരുപാട് മാറി, ഒരുപക്ഷെ മല്ലികയുടെ പങ്ക് അതിൽ ഉണ്ടാവാം.
എനിക്കതിൽ സന്തോഷമേയുള്ളൂയെന്ന് അമ്മ മരിക്കുന്നത് വരെ പറയുമായിരുന്നു. അമ്മ മരിക്കുന്നത് ഞങ്ങളുടെ കൂടെ ഒന്നര മാസം വന്ന് നിന്നപ്പോഴാണ്. ആറ്റുകാൽ പൊങ്കാലയുടെ അന്നാണ് സുകുവേട്ടന്റെ അമ്മയുടെ മരണം. പൊങ്കാലയ്ക്ക് പോകുമ്പോൾ അമ്മ എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നു. അച്ഛൻ ഒന്നര വർഷം മുമ്പ് മരിച്ചു. എന്നെയും കൂടെ അച്ഛന്റെയടുത്ത് കൊണ്ട് പോകണം, ഇപ്പോൾ ഞാൻ നല്ല സന്തോഷത്തിലാണ്. ഈ സന്തോഷത്തിലങ്ങ് പോകണമെന്ന് അമ്മ പറഞ്ഞിരുന്നു.
പൊങ്കാലയുടെ തലേദിവസം ഞാൻ വീട് കഴുകുന്നത് അമ്മ നോക്കുന്നുണ്ട്. സാധാരണ ഞങ്ങളുടെ വടക്കോട്ടാണ് ഇത്ര വലിയ ശുദ്ധ വൃത്തിയൊക്കെ. മല്ലിക ഇതൊക്കെ നോക്കുമായിരുന്നോ എന്ന് അമ്മ ചോദിച്ചു. എന്റെ അമ്മ പഠിപ്പിച്ചതാണെന്ന് താൻ മറുപടി നൽകിയെന്നും മല്ലിക സുകുമാരൻ ഓർത്തു. വൈകുന്നേരം പൊങ്കാലയുടെ പ്രസാദവുമായി എത്തി.
സുകുവേട്ടന്റെ അനിയന്റെ ഭാര്യയെ കൂട്ടിനിരുത്തിയിട്ടുണ്ട്. വിളിച്ചിട്ട് എണീക്കുന്നില്ല, കൂർക്കം വലിക്കുന്നെന്ന് അവർ പറഞ്ഞു. സാധാരണ ഇല്ലാത്തതാണ്. ഞാൻ ചെന്ന് അമ്മയെ വിളിച്ചപ്പോൾ അമ്മ അനങ്ങുന്നില്ല. ഡോക്ടറെ വിളിച്ചപ്പോൾ അമ്മ മരിച്ചിട്ട് മുക്കാൽ മണിക്കൂറോളമായല്ലോ എന്ന് പറഞ്ഞു. കൂർക്കം വലിച്ചത് പോലെ തോന്നിയത് അമ്മ ശ്വാസം വലിച്ചതാകാം.
മല്ലിക പ്രസാദം കൊണ്ട് വരുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്ന് കിടക്കാൻ നേരം അമ്മ പറഞ്ഞിരുന്നു. ശരിയോ തെറ്റോ ആകട്ടെ ശകലം പ്രസാദം അമ്മയുടെ നെറ്റിയിൽ തൊടീച്ച് പായസം ചുണ്ടിൽ വെക്കാൻ എന്റെ അമ്മ പറഞ്ഞു. പരമഭാഗ്യവതിയായി ഒരു വേദനയും അറിയാതെയാണ് തന്റെ ഭർതൃ മാതാവ് മരിച്ചതെന്നും മല്ലിക സുകുമാരൻ ഓർത്തു.