Celebrities

പിന്നീട് എപ്പോഴോ അവര്‍ പിരിഞ്ഞു; കുറച്ചുകാലം സിനിമയില്‍ നിന്നും വിട്ടുനിന്നു; ഉർവശിയുടെ മടക്കം ആ ദൗത്യത്തിനോ ?

ഒരിക്കൽ പോലും ഉർവശിയെ പഴയ കാല നടിയെന്ന് പ്രേക്ഷകർ വിളിച്ചിട്ടില്ല. മാറുന്ന സിനിമാ ലോകത്തിനൊപ്പം എന്നും ഉർവശിയുണ്ടായിട്ടുണ്ട്. തുടരെ തുടരെ ശ്രദ്ധേയ കഥാപാത്രങ്ങൾ ചെയ്ത് ഉർവശി എന്നും മലയാള സിനിമയിൽ സജീവമായി തന്നെ നിലയുറപ്പിച്ചു. അഭിനയത്തിൽ മാത്രമല്ല നിലപാടുകളിലും ഉർവശി എന്നും കയ്യടി നേടി. മിഥുനം, സ്ഫടികം, തലയണമന്ത്രം, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങി ഉർവശി നായികായായെത്തിയ സിനിമകൾക്ക് പ്രേക്ഷക മനസിൽ പ്രത്യേക സ്ഥാനമുണ്ട്. ഉളെളാഴുക്കാണ് നടിയുടെ പുതിയ സിനിമ. പാർവതി തിരുവോത്തിനൊപ്പമാണ് ചിത്രത്തിൽ നടി അഭിനയിച്ചത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

അതേസമയം ഉര്‍വശിയെ പ്രശംസിക്കുകയാണ് സംവിധായകന്‍ എം പത്മകുമാര്‍. നടിയെ ആദ്യമായി കണ്ടതും അവരുടെ കൂടെ ഒരുമിച്ച് സിനിമകള്‍ ചെയ്തതിനെ പറ്റിയും പത്മകുമാര്‍ പറയുന്നു.

ഉര്‍വശി എന്ന അഭിനേത്രിയെ ഞാനാദ്യം കാണുന്നത് ‘ഇന്‍സ്‌പെക്ടര്‍ ബല്‍റാം’ സിനിമയുടെ സെറ്റിലാണ്. ഞാന്‍ ആ സിനിമയില്‍ ഐ.വി.ശശി എന്ന ഇതിഹാസ സംവിധായകന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു. ഉര്‍വശി ശശിയേട്ടന്റെ ‘പൊടി’യായിരുന്നു. പൊടിമോളെ എന്നാണ് ഉര്‍വശിയെ വീട്ടില്‍ വിളിക്കുക.

പിന്നെയും ശശിയേട്ടന്റെ തന്നെ പല സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായി. പിന്നെ ഉര്‍വശി നിര്‍മാതാവായി, മനോജ് കെ ജയന്റെ ഭാര്യയായി, പിന്നീട് എപ്പോഴോ അവര്‍ പിരിഞ്ഞു, കുറച്ചുകാലം സിനിമ ഉര്‍വശിയില്‍ നിന്നും ഉര്‍വശി സിനിമയില്‍ നിന്നും വേറിട്ടു നിന്നു.

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്കു മടങ്ങി വന്ന ഉര്‍വശിയ്ക്ക് മറ്റൊരു രൂപവും ഭാവവും ദൗത്യവും ഉണ്ടായിരുന്നു. കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേക്കുള്ള ആ കൂടുമാറ്റങ്ങളില്‍ ഏറ്റവും ഒടുവിലത്തേതായി പ്രേക്ഷകര്‍ കണ്ടത് ‘ഉള്ളൊഴുക്കി’ലെ ലീലാമ്മയെയായിരുന്നു.

ഒരു അഭിനേത്രി തന്റെ കഥാപാത്രത്തിലൂടെ ഒരു സിനിമയെ സ്വന്തം ചുമലിലേറ്റി എങ്ങനെ മുന്നോട്ടു കൊണ്ടു പോവുകയും പ്രേക്ഷകരെ കൂടെ കൂട്ടുകയും ചെയ്യുന്നു എന്നതിന്റെ ഉപമകളില്ലാത്ത ദൃഷ്ടാന്തമാണ് ലീലാമ്മയും ഉര്‍വശിയും. ലീലാമ്മ പ്രത്യക്ഷപ്പെടുന്ന ഓരോ ഫ്രെയിമിലും ലീലാമ്മയെ അല്ലാതെ മറ്റൊരാളിലേക്കും നമ്മുടെ കാഴ്ചയോ ശ്രദ്ധയോ മാറിപ്പോകുന്നില്ല എന്ന് പറയുമ്പോള്‍ ഒരു അഭിനേത്രിക്ക് തന്റെ കഥാപാത്രത്തിനായി അതില്‍ കൂടുതലായി എന്താണു നല്‍കാനുണ്ടാവുക!

‘ഉള്ളൊഴുക്ക്’ എന്ന സിനിമയെ പറ്റി പറയുമ്പോള്‍ ക്രിസ്റ്റോ ടോമിയെയും പാര്‍വതി തിരുവോത്തിനെയും പ്രശാന്ത് മുരളിയെയും കുറിച്ച് പറയാതിരിക്കാനാവില്ല. പക്ഷേ സിനിമ കണ്ടിറങ്ങുമ്പോള്‍ എല്ലാ പേരിനും മീതെ ഒരു മഹാമേരു പോലെ ഉര്‍വശി എന്ന ശശിയേട്ടന്റെ പഴയ പൊടിമോള്‍ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു.’ എന്നും പറഞ്ഞാണ് പത്മകുമാര്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.