മലയാള സിനിമയും സംഗീതവും നിലനിൽക്കുന്നിടത്തോളം കാലം സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ ഗാനങ്ങളും മലയാളികൾ ഓർക്കും. ഇന്ന് സംഗീത സംവിധാന രംഗത്ത് അദ്ദേഹം അത്ര സജീവമല്ല. മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു പിടി ഗാനങ്ങളാണ് അദ്ദേഹത്തിൽ നിന്ന് പിറവിയെടുത്തത്. കാലം എത്ര കഴിഞ്ഞിട്ടും അദ്ദേഹത്തിൻറെ പാട്ടുകൾക്ക് ഇന്നും ഒരു പുതുമയുണ്ട്. പുതുതലമുറയുടെ പോലും ഉള്ളു തൊടുന്ന പാട്ടുകളാണ് അദ്ദേഹം ചെയ്തുവെച്ചത്.
1986 ല്‍ പുറത്തിറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെയാണ് മോഹന്‍ സിത്താര സംഗീത സംവിധായകനായി മാറുന്നത്. രാരി രാരീരം രാരോ, നീര്‍മിഴി പീലിയില്‍, ഇല കൊഴിയും ശിശിരത്തില്‍, കാനനകുയിലിന്, പ്രമഥവനിയില്‍ വീമ്ടും, ഉള്ളി വാവാവോ, മേലെ വെള്ളിത്തിങ്കള്‍, കണ്ണീര്‍ മഴയത്ത്, ഇന്ദ്രനീലം ചൂടി, കാണുമ്പോള്‍ പറയാമോ തുടങ്ങി മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി പാട്ടുകള്‍ക്ക് അദ്ദേഹം ഈണമൊരുക്കി.
ഇപ്പോഴിതാ ഒരു പാട്ട് റെക്കോർഡ് ചെയ്ത ശേഷം ഗായകനെ മാറ്റേണ്ടി വന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് മോഹൻ സിത്താര. എം ജി ശ്രീകുമാറിനെ മാറ്റി പകരം കെ ജെ യേശുദാസിനെക്കൊണ്ട് പാടിക്കേണ്ടി വന്നതിനെക്കുറിച്ചാണ് മോഹന്‍ സിത്താര സംസാരിക്കുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആ സംഭവത്തെക്കുറിച്ച് പറഞ്ഞത്. എംജി ശ്രീകുമാര്‍ പാടിയ ശേഷമായിരുന്നു അദ്ദേഹത്തെ മാറ്റി യേശുദാസിനെക്കൊണ്ട് പാടിക്കുന്നത്. ദിനേശ് ബാബു സംവിധാനം ചെയ്ത മഴവില്ല് എന്ന സിനിമയിലായിരുന്നു ആ സംഭവം.
ചിത്രത്തിലെ ശിവദം ശിവ നാമം എന്ന പാട്ടിനെക്കുറിച്ചാണ് മോഹന്‍ സിത്താര സംസാരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നു പാട്ടിന് വരികളെഴുതിയത്. അന്ന് നടന്നത് എന്തെന്ന് എംജിയ്ക്കും അറിയാമെന്നും തനിക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നുമാണ് മോഹന്‍ സിത്താര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
‘അതിമനോഹരമായി കൈതപ്രം എഴുതിയ ഒരു ഗാനമായിരുന്നു ‘ശിവദം ശിവ നാമം’ എന്നത്. ഈ ഗാനം പാടാന്‍ ഞാന്‍ ആലോചിച്ചത് യേശുദാസിനെ വെച്ചായിരുന്നു.ആസ്വദിച്ചാണ് ആ വര്‍ക്ക് ചെയ്തത്. എന്നാല്‍ യേശുദാസിനെ വിളിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, മോനെ എനിക്ക് ഭയങ്കര തിരക്കാണ്. ഒരാഴ്ച കഴിഞ്ഞേ ഫ്രീയാകു എന്നാണ്. പക്ഷെ ദിനേശിനാണെങ്കില്‍ ഷൂട്ടിന് സമയം ആവുകയും ചെയ്തു. ഷൂട്ടില്‍ പാട്ടിന്റെ ലിപ് മൂവ്‌മെന്റ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ പാട്ട് എത്രയും വേഗം തന്നെ റെക്കോഡ് ചെയ്യണമായിരുന്നു. അങ്ങനെയാണ് എം.ജിയെ കൊണ്ട് പാടിപ്പിച്ചത്. അങ്ങനെ ശ്രീക്കുട്ടന്‍ അത് പാടി. ഭയങ്കര രസായിട്ട് തന്നെ ശ്രീക്കുട്ടന്‍ അത് പാടുകയും ചെയ്തു” മോഹന്‍ സിത്താര പറയുന്നു.
പക്ഷെ വിഷമിച്ചു പോയത് അവിടെയൊന്നുമല്ല, പാട്ടിന്റെ റെക്കോര്‍ഡും കഴിഞ്ഞ് പുറത്തുവരുമ്പോഴുണ്ട് ഒരു ഫോണ്‍ കോള്‍ വരുന്നു. എടാ ഇത് ഞാനാ എന്ന് പറഞ്ഞ് വന്ന ഫോണ്‍ കോള്‍ ദാസേട്ടന്റെ ആയിരുന്നു എന്നാണ് മോഹന്‍ സിത്താര പറയുന്നത്. എടാ നീ ഫ്രീയാണോ, നമുക്ക് പാടാം എന്നായിരുന്നു ദാസേട്ടന്‍ പറഞ്ഞത്. ഞാന്‍ സത്യത്തില്‍ എന്താ ചെയ്യണ്ടേ എന്ന് അറിയാത്ത അവസ്ഥയായി. ഒരു പിടിയും കിട്ടാത്ത അവസ്ഥയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പിന്നീട് ശ്രീക്കുട്ടന്‍ പാടിയ ആ ട്രാക്ക് മാറ്റി ദാസ് സര്‍ പാടുകയായിരുന്നു. എനിക്കൊന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു അത്. ശ്രീ കുട്ടനും അതറിയാം എന്നും അദ്ദേഹം പറയുന്നുണ്ട്. എന്തായാലും പാട്ട് പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ഹിറ്റായി മാറുകയും ചെയ്തു. യേശുദാസ് മനോഹരമായി തന്നെ ആ ഗാനം ആലപിച്ചിരിക്കുകയും ചെയ്യുന്നു. എന്നാല്‍ എംജി ശ്രീകുമാറായിരുന്നുവെങ്കില്‍ ആ പാട്ട് എങ്ങനെയായിരിക്കും വന്നിരിക്കുക എന്ന ആകാംഷ കേള്‍വിക്കാരില്‍ ബാക്കിയാക്കുകയാണ് മോഹന്‍ സിത്താരയുടെ ഈ തുറന്നു പറച്ചില്‍.