തെന്നിന്ത്യൻ പ്രേക്ഷകർ മാത്രമല്ല മലയാളികളും ഒരുപോലെ നെഞ്ചേറ്റിയ താരമാണ് തമിഴ് സൂപ്പർ സ്റ്റാർ വിജയ്. ആരാധനക്കപ്പുറം വിജയ് അവർക്ക് വികാരം തന്നെയെന്ന് പറയാം. താരത്തിന്റെ പിറന്നാൾ ഒക്കെ തന്നെ വളരെ വിപുലമായാണ് ആരാധകർ ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു നടൻ വിജയുടെ 50ാം പിറന്നാൾ ദിനം. ആരാധകർ ഒന്നടങ്കം താരത്തിന്റെ പിറന്നാൾ ദിനം ആഘോഷിച്ചു. നടനെന്നതിനപ്പുറം തങ്ങളുടെ എല്ലാമായാണ് വിജയിനെ ആരാധകർ കാണുന്നത്. ഇത്രമാത്രം വൈകാരികത ഒരു നടനോട് ആരാധകർ കാണിക്കുന്നത് ഇന്ത്യൻ സിനിമാ ലോകത്ത് അപൂർവ കാഴ്ചയാണ്. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള ഒരുക്കത്തിലാണ് വിജയ്. പ്രിയ നടൻ സിനിമ ഉപേഷിക്കുന്നതിന്റെ വിഷമം ആരാധകർക്കുണ്ട്. ആരാധകർ ആഘോഷിക്കുന്ന താരമാണെങ്കിലും ഇതിനെല്ലാമപ്പുറം അന്തർമുഖനാണ് വിജയ്.
അധികമാരോടും സംസാരിക്കാറോ ഇടപഴകാറോ ഇല്ല. വിജയുടെ ഈ പ്രകൃതം സിനിമാ ലോകത്ത് നേരത്തെ ചർച്ചയായിട്ടുണ്ട്. കുട്ടിക്കാലത്ത് തന്റെ അനിയത്തി മരിച്ചതിന്റെ ആഘാതം ഏറെക്കാലം വിജയിനെ പിന്തുടരുന്നു. വിദ്യ എന്നായിരുന്നു വിജയുടെ സഹോദരിയുടെ പേര്. രണ്ട് വയസുള്ളപ്പോഴാണ് വിദ്യ മരിച്ചത്. ലുക്കീമിയ ബാധിച്ചായിരുന്നു മരണം. സഹോദരിയുടെ മരണം വിജയ്ക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ചും വിജയുടെ കുട്ടിക്കാലത്തെക്കുറിച്ചും സംസാരിക്കുകയാണ് നടനെ പഠിപ്പിച്ച ടീച്ചർ മീന. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. അഞ്ചാം ക്ലാസ് മുതൽ എന്റെ സ്കൂളിലാണ് അവൻ പഠിച്ചത്. എല്ലാ കുട്ടികളെയും പോലെ വികൃതി ആയിരുന്നില്ല. ഒരു സഹപാഠിയെ പോലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ വേദനിപ്പിച്ചിട്ടില്ല. അതുകൊണ്ട് താൻ അവനെ ഗോഡ്ലി ചൈൽഡ് എന്ന് വിളിച്ചെന്നും ടീച്ചർ പറയുന്നു.
വിജയ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരി വിദ്യ എൽകെജിയിൽ പഠിക്കുകയായിരുന്നു. വിദ്യയെ ഞങ്ങൾ പൂമ്പാറ്റ എന്ന് വിളിക്കുമായിരുന്നു. വിജയ്ക്ക് അനിയത്തിയോട് വലിയ സ്നേഹമായിരുന്നു. അവളെ ക്ലാസിലേക്ക് കൊണ്ട് വന്ന് ക്ഷമയോടെ അവളെ സമാധാനിപ്പിച്ചതെല്ലാം വിജയ് ആണ്. അന്ന് വിജയ് നന്നായി ഗിറ്റാർ വായിക്കുകയും ചിത്രം വരക്കുകയും ചെയ്യുമായിരുന്നു. വിദ്യയുടെ മരണത്തിന് ശേഷം പെട്ടെന്ന് എല്ലാം നിർത്തി. അന്ന് എസ്എ ചന്ദ്രശേഖർ അദ്ദേഹത്തിന്റെ കരിയറിലെ പീക്കിലാണ്. ശോഭ മാം സംസ്കാര ചടങ്ങ് വരെയും സംയമനത്തോടെ നിന്നു. വിജയ്ക്ക് ആ വിഷമം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു. അന്ന് മുതൽ അവൻ നിശബ്ദനായെന്നും ടീച്ചർ ഓർത്തു.
വിജയ് ഇത്ര വലിയ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ടീച്ചർ പറയുന്നു. സ്കൂളിലെ ഫംങ്ഷനുകളിലൊന്നും പങ്കെടുക്കില്ലായിരുന്നു. നാണംകുണുങ്ങിയായിരുന്നു. സ്പോർട്സിൽ വളരെ താൽപര്യമുണ്ടായിരുന്നു. വിജയ് ഒരു താരമെന്നതിനപ്പുറം നല്ല മനുഷ്യനാണ്. അവന്റെ കുട്ടിക്കാലം മുതലേ എനിക്കവനോട് വാത്സല്യമുണ്ട്. വളരെയധികം സ്നേഹിക്കും. വ്യക്തിപരമായി വിജയെ അറിയുന്നതിനാൽ നടന്റെ ഉയർച്ചയിൽ വളരെ സന്തോഷമുണ്ടെന്നും ടീച്ചർ വ്യക്തമാക്കി. ഒരിക്കൽ പിറന്നാളിന് സ്കൂളിൽ വിജയ് വന്നിരുന്നു. സാധാരണ വ്യക്തിയെ പോലെ പെരുമാറി. കുട്ടികൾ അന്ന് പരീക്ഷയെഴുതുകയാണ്. എല്ലാവർക്കും ആശംസകൾ അറിയിച്ചു. വലിയ താരമാണെങ്കിലും എളിമയുള്ള വ്യക്തിയാണെന്നും ടീച്ചർ വ്യക്തമാക്കി.