വേറിട്ട ശബ്ദത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ ഗായകനാണ് ജാസി ഗിഫ്റ്റ്. ഇന്നും കേരളത്തിൽ തരംഗം ആയിരിക്കുന്ന പാട്ടുകൾ ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ്. സിനിമയിലെ പിന്നണി പാടുന്നതിന് പുറമേ സ്റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. നാട്ടിലും വിദേശത്തുമായി ഒട്ടനവധി പരിപാടികളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്.
ഇരുപത് വർഷത്തിലധികമായി പാട്ടുണ്ടാക്കിയും പാടിയും മലയാളികളെ സന്തോഷിപ്പിച്ച് ജാസി ഗിഫ്റ്റുണ്ട്. ഒരൊറ്റ സിനിമയിലൂടെ അദ്ദേഹം ഉണ്ടാക്കിയ ക്രൗഡിനെ പിന്നീട് ഒരു മലയാള സിനിമ ഗാനങ്ങൾക്കും ഇന്നുവരെ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ലജ്ജാവതിയും, അന്നക്കിളിയും കേട്ടാൽ മലയാളികൾക്ക് താളം പിടിക്കാതെ ഇരിക്കാൻ കഴിയില്ല. അത്ര ഓളമുള്ള പാട്ടുകളാണ് ജാസിഗിഫ്റ്റ് മലയാളികൾക്ക് സമ്മാനിച്ചത്.
ഇപ്പോഴിതാ ലൈഫ് സ്റ്റൈലിന്റെ ഭാഗമായുള്ള കളിയാക്കലുകൾ പലപ്പോഴും നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഗായകൻ. തുടക്കകാലത്തെ കോൺട്രവേഴ്സികൾ ബാധിച്ചിട്ടില്ല. പിന്നെ ലജ്ജാവതി പാട്ടിലൂടെ കീരവാണി സാർ അടക്കമുള്ള വലിയ വലിയ ആളുകളുടെ അടുത്തേക്ക് എത്താൻ പറ്റി. പേരിന്റെ പേരിലും കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്. ഒന്നും പക്ഷെ മനസിലേക്ക് എടുക്കാതെ ഒഴിഞ്ഞ് മാറും. എന്റെ പേര് നല്ലതാണെന്ന് ഒരുപാട് മ്യുസിഷൻസ് പറഞ്ഞിട്ടുണ്ട്.
വളരെ വ്യത്യസ്തമായ പേരായതുകൊണ്ട് മാറി നിൽക്കുമല്ലോ. സോഷ്യൽമീഡിയയുടെ വരവ് സംഗീതപ്രേമികളുമായി എന്നെ കൂടുതൽ അടുപ്പിച്ചു. ലജ്ജാവതി ആ പാട്ടിന്റെ കറക്ട് ടൈം പിരീഡിൽ തന്നെയാണ് റിലീസായത്. പണ്ട് പാട്ട് പാടാൻ ആരെങ്കിലും പറഞ്ഞാൽ ഞാൻ പാടില്ലായിരുന്നു. ഇപ്പോൾ ആരെങ്കിലും പാടാമോയെന്ന് ചോദിക്കേണ്ട താമസം ഉടൻ പാടും. കാലം മാറിയപ്പോൾ ഞാനും മാറി.
ഞാൻ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയിട്ടുള്ളത് തെലുങ്കിലാണ്. കംപോസിങ് ചെയ്തിട്ടുള്ളത് കന്നഡയിലാണ്. എന്ത് പ്രശ്നം വന്നാലും ശാന്തതയാണ് എന്റെ സൊലൂഷൻ. ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ റിയാക്ട് ചെയ്യാറില്ല. ആവശ്യമുള്ള സ്ഥലങ്ങളിൽ റിയാക്ട് ചെയ്യാറുണ്ട്. ഏറ്റവും കൂടുതൽ ഹിറ്റുകൾ കിട്ടുന്ന ഇൻഡസ്ട്രിയോട് നമുക്ക് ഒരു ചായ്വ് വരും. അങ്ങനെ നോക്കുമ്പോൾ കന്നഡത്തിലാണ് അത്തരം പാട്ടുകൾ ഉണ്ടായിട്ടുള്ളതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
അടുത്തിടെ ഒരു പരിപാടിക്കിടെ അധ്യാപികയിൽ നിന്നും ജാസി ഗിഫ്റ്റിനുണ്ടായ മോസം അനുഭവം വലിയ രീതിയിൽ വിവാദവും ചർച്ചയുമായിരുന്നു. കോളേജ് ഡേ പരിപാടിയിൽ പാടുന്നതിനിടെ ജാസി ഗിഫ്റ്റിന്‍റെ മൈക്ക് പ്രിൻസിപ്പാൾ പിടിച്ചുവാങ്ങുകയായിരുന്നു. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിൽ വെച്ചാണ് സംഭവമുണ്ടായത്.
ജാസി ഗിഫ്റ്റിനൊപ്പം കോറസ് പാടാൻ പുറമെ നിന്ന് മറ്റൊരു പാട്ടുകാരനെ എത്തിച്ചിരുന്നു. എന്നാൽ ഉദ്ഘാടകനായ ജാസി ഗിഫ്റ്റിന് മാത്രം പാടാനാണ് അനുമതി നൽകിയിരുന്നതെന്ന് പ്രിൻസിപ്പാൾ നിലപാടെടുത്തു. മൈക്ക് പിടിച്ച് വാങ്ങിയതോടെ പ്രിൻസിപ്പാളിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജാസി ഗിഫ്റ്റ് വേദി വിട്ട് ഇറങ്ങിപ്പോയി.
പുറത്ത് നിന്നുള്ള ആളുകളുടെ സംഗീത നിശ കോളേജിനകത്ത് നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രിൻസിപ്പാൾ അന്ന് നൽകിയ വിശദീകരണം. ഇപ്പോഴിതാ ഇതുവരെയുള്ള സംഗീത ജീവിതത്തിലുണ്ടായ അനുഭവങ്ങൾ മൈൽ സ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ജാസി ഗിഫ്റ്റ്. കോളേജിൽ നിന്നും ഉണ്ടായ ദുരനുഭവത്തെ കുറിച്ചും ഗായകൻ സംസാരിച്ചു. എന്റെ പാട്ടിൽ കൂടുതലും സപ്പോട്ടിങ് സിങേഴ്സാണ്.
അന്ന് കോളേജിൽ ആ സംഭവം നടന്നപ്പോൾ സോളോ സിങിങ് അല്ലേയെന്നൊരു ക്വസ്റ്റനിങ്ങാണ് വന്നത്. ടീച്ചർ ടീച്ചറുടെ കടമ ചെയ്തു അങ്ങനെ കരുതിയാൽ മതി. പക്ഷെ ആ ആക്ട് പാട്ട് നിർത്തിവെപ്പിച്ചിട്ട് ചെയ്യാമായിരുന്നു. ഇനി പാടേണ്ടെന്ന് വിചാരിച്ചിട്ടാകും ടീച്ചർ മൈക്ക് പിടിച്ച് വാങ്ങിയത് എന്നാണ് മൈക്ക് പിടിച്ച് വാങ്ങിയ സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ജാസി ഗിഫ്റ്റ് നൽകിയ വിശദീകരണം.