Human Rights

ഒരു KSRTCക്കാരന്റെ വേദനയും ഗതികേടിന്റെയും പ്രതിഷേധം; വായിക്കാതെ പോകരുതീ കുറിപ്പ്, മന്ത്രിപോലും (സ്‌പെഷ്യല്‍ സ്റ്റോറി)

ചിലതൊന്നും ശരിയല്ലെന്ന് ഇപ്പോഴും പറയുന്നു. അപ്പോഴും, മനസ്സിനെ നൊമ്പരപ്പെടുത്തുന്ന, വല്ലാതെ കുത്തിനോവിക്കുന്ന ചിലതൊക്കെ എങ്ങനെയാണ് പറയാതിരിക്കാനാകുന്നത്. മഴക്കാലം രൗദ്രഭാവത്തില്‍ പെയ്‌തൊഴിയാതെ നില്‍ക്കുന്നു. കുരുന്നുകള്‍ കടയും പിടിച്ച് ബാഗും തൂക്കി യൂണിഫോമുമിട്ട് സ്‌കൂളിലേക്ക് പോകുന്നു. എല്ലാ കുരുന്നുകള്‍ക്കുമൊപ്പം അവരും പോകാനാഗ്രഹിക്കുമ്പോള്‍ എന്തു പറയാന്‍. അച്ഛന്റെ നെഞ്ചുനീറുന്നതും, അമ്മയുടെ നീണ്ട മൗനവും കണ്ട് കണ്ണു കലങ്ങുന്ന ഒരു കുഞ്ഞിനെ ഓര്‍മ്മ വരുന്നു. അത് മറ്റാരുടേയും കുഞ്ഞല്ല, KSRTC ജീവനക്കാരന്റെ കുഞ്ഞാണ്.

ശമ്പളത്തിന്റെ പാതി വരുന്നതും കാത്തിരിക്കുന്ന അച്ഛനും, വീടു പുകയാന്‍ കടം വാങ്ങി അരിവാങ്ങാന്‍ ഓടുന്ന അമ്മയുമാണ് ഓരോ KSRTCക്കാരന്റെയും ഗൃഹാതുരത. വീട്ടിനുള്ളിലെ വിഷമം പറയാന്‍ മറ്റാരുമില്ലാതായപ്പോള്‍ ഒരു KSRTC ജീവനക്കാരന്‍ അയാളുടെ സഹപ്രവര്‍ത്തകരോട് വിഷമങ്ങള്‍ പറയുകയാണ്. KSRTC ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളിലും അത് സജീവമായി നില്‍ക്കുന്നു. ദുഖം തളംകെട്ടി നില്‍ക്കുന്ന വാക്കുകളിലൂടെ കണ്ണോുമ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു പോയേക്കാം. സ്വന്തം ജീവിതത്തെ എഴുതി വെച്ചിരിക്കുന്നതു പോലെ തോന്നിയേക്കാം. പക്ഷെ, ഇത് പറയാതെ പോകാനാവില്ല.

ജീവനക്കാരന്റെ വേദനയും ആത്മഗതവും:

എന്റെ കുഞ്ഞിന് നാളെ +1 ക്ലാസ്സ് തുടങ്ങുകയാണ്. അടുത്ത വീട്ടില്‍ നിന്നു കൊടുത്ത ബാഗ് ഉണ്ട്. എന്നാലും അവള്‍ക്കു എന്തൊക്കെ വേണം. Depo വരെ ഒന്ന് പോകുവാ. ഡ്യൂട്ടി കിട്ടിയാല്‍ പോകണം. കാലില്‍ നീരാണ്. ബൈക്ക് ഒന്ന് സ്ലിപ് ആയത്രേ. ഷുഗര്‍ ഉള്ളത് കൊണ്ട്, മുറിവ് പഴുത്തു. ശനിയാഴ്ച എങ്കിലും ബാക്കി പൈസ കിട്ടുമെന്ന് കരുതി. ഇനി നോക്കി ഇരിക്കാന്‍ പറ്റില്ല. കുഞ്ഞ് ഒന്നും ചോദിച്ചില്ല. അവള്‍ക്കു എല്ലാം അറിയാലോ. മൂത്തവള്‍ പ്രസവത്തിനു വന്നിട്ടുണ്ട്. അവള്‍ക്കു നല്ല ഭക്ഷണം കൊടുക്കണ്ടേ. നൊമ്പരവാക്കുകള്‍ ഒരു തുള്ളി കണ്ണുനീര്‍ പൊടിച്ചു നിന്നു എന്നെ ഒന്ന് നോക്കി. ഞാനും ഒന്ന് മുഖം താഴ്ത്തി.

പ്രിയപ്പെട്ട തൊഴിലാളി സര്‍ക്കാരെ, നിങ്ങള്‍ക്ക് എന്റെ കണ്ണീര്‍ അഭിവാദ്യങ്ങള്‍?. പാവപ്പെട്ടവന് അന്നം നല്‍കേണ്ടവര്‍ രാഷ്ട്രീയമെന്ന സംവിധാനത്തില്‍ ഉടക്കിയിട്ട് ലാഭവും നഷ്ടവും തുലാസില്‍ ഇട്ടു. നിങ്ങള്‍ തൊഴില്‍ ചെയ്തവനോട് ബാര്‍ഗയിന്‍ ചെയ്യുന്നു. വ്യക്തിപരമായി ഇഷ്ടമുള്ള തൊഴിലാളി നേതാക്കളോട് പോലും വെറുപ്പ് തോന്നുന്ന നിമിഷങ്ങള്‍. ഞാനടക്കമുള്ള മുഴുവന്‍ പേരും നിങ്ങളോടുള്ള കടപ്പാടുകളില്‍ നിന്നു മുഖംതിരിച്ചു നില്‍ക്കുകയാണ്. മനുഷ്യത്വം മരവിച്ച കൈകളില്‍ പണവും പ്രതാപവും നെറികെട്ട ആദര്‍ശവും ചേര്‍ത്തുവച്ച് പാവപ്പെട്ടവന്റെ മുഖത്തു നോക്കി മാസവരി ചോദിക്കുന്ന തുക്കടാ നേതാക്കള്‍ അടക്കം ഉള്ളവരോട്, നിങ്ങള്‍ ശരിക്കും ആരായിരുന്നു.

നിങ്ങളുടെ ഉള്ളിലുള്ള ആദര്‍ശങ്ങള്‍ എന്തായിരുന്നു. നിങ്ങള്‍ ശരിക്കും തൊഴിലാളികള്‍ക്കു വേണ്ടി നിലകൊള്ളാന്‍ ആണോ നേതാക്കള്‍ ആയത്?. അതോ രാഷ്ട്രീയ വഴികളില്‍ വന്മരങ്ങളില്‍ ഊഞ്ഞാല്‍ ആടാന്‍ കൊച്ചു ചെടികളെ ചവിട്ടി കടന്നുപോകാന്‍ ഉള്ള മാനസിക ധൈര്യം ഉണ്ടാക്കി എടുക്കുക ആയിരുന്നോ. ആരും മിണ്ടുന്നില്ല. ഒരു നേതാക്കളും. ഇവര്‍ എവിടെ?. ഇലക്ഷനും റഫറണ്ടവും ആണോ ഇവരുടെ ഉദ്ദേശം. തൊഴിലാളി ആരും ആകട്ടേ. ഏതു രാഷ്ട്രീയ മത ജാതി ഒക്കെ കൊണ്ടു നടക്കട്ടെ. അവനില്‍ വിശക്കുന്ന മനുഷ്യന്‍ ഉണ്ടെന്നു കരുതാത്ത ഭരണകൂടത്തെ ചരിത്രത്തില്‍ ഇനി ഉണ്ടാകാന്‍ പോകുന്ന കുരുന്നുകള്‍ പോലും ഓര്‍മ്മിക്കും. കാരണം അവരിലേക്കു കൂടി ആ പട്ടിണി പടരുകയാണ്. ഞങ്ങളിലൂടെ.

ഭരണ വിരുദ്ധ ക്യാമ്പയിന്‍ മനപ്പൂര്‍വം ഉണ്ടാക്കുന്നതല്ല, ഇവിടെ KSRTCയില്‍ അതു താനേ ഉയരുകയാണ്. വീണ്ടും ചില വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. വ്യക്തിപരമായി ഇഷ്ടപ്പെടുന്ന ഭരണകര്‍ത്താക്കളെ പോലും വെറുക്കുകയാണ്. ശമ്പളം എന്നത് ഒരു കാരണമല്ല. അതു പിടിച്ചു മേടിക്കേണ്ട അവകാശവുമല്ല. നമ്മളെ കാണുമ്പോ നോക്കി ചിരിക്കുന്ന കൊച്ചു നേതാക്കളുടെ (സ്വന്തം വീട്ടിലും അരി ഇല്ലെങ്കിലും)ഒരു മാനസിക ഉല്ലാസമുണ്ടല്ലോ. അധികാരം കയ്യില്‍ കിട്ടുമ്പോള്‍ ഉള്ള ധാര്‍ഷ്ട്യം. ആയുധം ഇല്ലാതെ എങ്ങനെ മനുഷ്യനെ കൊല്ലാം എന്ന് പഠിപ്പിച്ചു. നിങ്ങള്‍ എല്ലാവരും കാലം കരുതി വയ്ക്കുന്ന കുരുതിയില്‍പ്പെട്ടിരിക്കും.

അതില്‍ നല്ല നേതാക്കളും വീണു പോകും. ശബ്ദിക്കാന്‍ അറിയാവുന്നവര്‍ ആകയാല്‍ അന്നവും അവകാശവും നേടി തരുമെന്ന തോന്നലും തൊഴിലാളി കുരുതി കഴിച്ചിരിക്കുന്നു. ഒരു അപേക്ഷ മാത്രം, അവരോട് ഇനി ഒന്നും പറയരുത്. പ്രത്യേകിച്ച് അവകാശങ്ങളെപ്പറ്റി. നേടി എടുത്തവ സംരക്ഷിക്കാന്‍?.
ഇല്ലാത്തതു പറഞ്ഞവരെ പറ്റിക്കരുത്.

വായിച്ചു തീരുമ്പോള്‍ മനസ്സില്‍ എന്തോ ഒരു കനം. പറഞ്ഞു പറഞ്ഞു തീരാത്ത എത്രയോ KSRTC ജീവനക്കാരാണ് ഇവിടുള്ളത്. അവരുടെ വേദനയും, സഹനവും കാണാതെയാണോ ഈ സര്‍ക്കാരിന്റെ പ്രയാണം. രണ്ടാം ഗഡു എന്നു കി്ടുമെന്നുള്ള ആശങ്കയിലിരിക്കുന്നവരോട്, ശമ്പളം ഒറ്റ ഗഡുവായി നല്‍കുമെന്ന വാഗ്ദാനമാണ് ഇട്ടു കൊടുത്തിരിക്കുന്നത്.

മറ്റൊരു ജീവനക്കാരന്റെ വേദനകൂടി:

വളരെ കഷ്ടതയിലാണ് ഒരു വിഭാഗം ജീവനക്കാരുടെ കാര്യങ്ങള്‍. ശമ്പളം കിട്ടാത്തതുകൊണ്ട് വളരെയേറെ ബുദ്ധിമുട്ടിലാണ് സ്‌കൂള്‍ തുറന്നു എന്നിട്ടും കുട്ടികള്‍ക്ക് എന്തെങ്കിലും വാങ്ങി കൊടുക്കാന്‍ ഇതുവരെ സാധിക്കാത്ത കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ ഉണ്ട് ഇന്ന് രാവിലെ എന്നെ ഒരാള്‍ ഫോണില്‍ വിളിച്ചിട്ട് കുറച്ചു പൈസ വായ്പ ചോദിച്ചു മകളുടെ ഫീസിന്റെ പൈസ കൊടുക്കാനാണെന്ന് പറഞ്ഞു എന്റെ കയ്യില്‍ ആകെ 70 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ പെരുന്നാള്‍ വന്നതുകൊണ്ടും മൂന്നു കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് കൊണ്ടും ഒരു രൂപ പോലും ഇല്ലാതായി പണയം വെക്കാനും ഒന്നും ഇല്ലായിരുന്നു ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ എങ്ങനെയെങ്കിലും സഹായിച്ചേനെ…