തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച താരജോഡികളാണ് വിജയും സിമ്രാനും. ഒരുകാലത്ത് താരറാണിയായി തിളങ്ങിയ സിമ്രാന് ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിക്കാൻ സാധിച്ചിരുന്നു. അഭിനയ മികവിനൊപ്പം ഡാൻസിലെ മെയ് വഴക്കവും സിമ്രാനെ ഉയരങ്ങളിലെത്തിച്ചു. സൂപ്പർതാരങ്ങളുടെ നായികയായി തുടരെ അഭിനയിച്ച നടിയുടെ ഡേറ്റിന് വേണ്ടി ഒരു കാലത്ത് നിർമാതാക്കൾ കാത്തിരിക്കുമായിരുന്നു. 90 കളിൽ സിമ്രാൻ-വിജയ് ജോഡിയുണ്ടാക്കിയ തരംഗം ചെറുതല്ല. തുള്ളാത മനവും തുള്ളും, പ്രിയമാനവളെ തുടങ്ങിയ സിനിമകളുടെ വിജയം വലിയ തോതിൽ ആഘോഷിക്കപ്പെട്ടു.
ഒരു ഘട്ടത്തിൽ വിജയ് സൂപ്പർതാര പദവിയിലേക്ക് കുതിച്ചു. അപ്പോഴേക്കും സിമ്രാന്റെ ഗ്രാഫ് താഴ്ന്നിരുന്നു. വിവാഹ ശേഷം നടി സിനിമകളിൽ നിന്ന് മാറി നിന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴേക്കാം പഴയ താരമൂല്യം നഷ്ടമായി. വിജയ്-സിമ്രാൻ സിനിമകളോടൊപ്പം തന്നെ ആരാധകർ ആഘോഷമാക്കിയ ഇവരുടെ ഡാൻസ് നമ്പറാണ് ആൽ തോട്ട ഭൂപതി എന്ന ഗാനം. യൂത്ത് എന്ന സിനിമയിലെ ഈ ഡാൻസ് നമ്പർ ഇന്നും ഐക്കോണിക്കായി നിലനിൽക്കുന്നു.വിജയുടെയും സിമ്രാന്റെയും തകർപ്പൻ ഡാൻസാണ് ഈ ഗാനത്തിന്റെ പ്രധാന ആകർഷണം. ഈ ഡാൻസ് നമ്പർ കൊറിയോഗ്രാഫ് ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഡാൻസ് കൊറിയോഗ്രാഫർ ദിനേശ് മാസ്റ്റർ. വിജയുടെ നിരവധി ഡാൻസുകൾ കൊറിയോഗ്രാഫ് ചെയ്തത് ദിനേശ് മാസ്റ്ററാണ്. സിമ്രാനും വിജയും അതിമനോഹരമായി ഡാൻസ് ചെയ്തെന്ന് ഇവർ പറയുന്നു.
രണ്ടും പേരും അത്ര നന്നായി ഡാൻസ് ചെയ്യും. സിമ്രാനും വിജയിനെ പോലെ ഡാൻസിൽ വലിയ താൽപര്യമുണ്ട്. സെറ്റ് വിട്ട് പോകില്ല. ഞങ്ങൾ എങ്ങനെയാണ് കംപോസ് ചെയ്യുന്നതെന്ന് നോക്കും. വിജയ്ക്ക് ഒപ്പത്തിനൊപ്പം എങ്ങനെയെങ്കിലും ഡാൻസ് ചെയ്യണമെന്ന് അവർക്കുണ്ടായിരുന്നു. അവർക്കുള്ളിൽ ഒരു മത്സരമുണ്ട്. അതിനാൽ ഞങ്ങൾക്ക് ഭയമായിരുന്നു. ഗാനരംഗം തിയറ്ററിൽ കണ്ടപ്പോൾ വലിയ സന്തോഷമായി.അന്ന് തിയറ്ററുകളിൽ ഈ ഗാനം ഒന്നും കൂടെ കാണിക്കാൻ ആവശ്യങ്ങൾ വന്നെന്നും ദിനേശ് മാസ്റ്റർ ഓർത്തു. വിജയ്ക്ക് വേണ്ടി ചെയ്ത എല്ലാ ഡാൻസ് കൊറിയോഗ്രഫിയും തനിക്ക് ചലഞ്ചിംഗ് ആയിരുന്നെന്നും നടൻ അത്രയും നന്നായി ഡാൻസ് ചെയ്യുമെന്നും ദിനേശ് മാസ്റ്റർ പറയുന്നു. വിജയ്ക്ക് തമിഴകത്ത് ലഭിച്ച ജനപ്രീതിയുടെ പ്രധാന കാരണം നടന്റെ ഡാൻസിലെ മികവാണ്.
ഏത് ചുവടുകളും അനായാസം ചെയ്യാൻ വിജയ്ക്ക് സാധിക്കുമായിരുന്നു. സിനിമ വിട്ട് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. അണിയറയിൽ ഒരുങ്ങുന്ന പേരിടാത്ത സിനിമയ്ക്ക് ശേഷം നടൻ കരിയർ വിടും. അതേസമയം ഇതിന് മുമ്പ് ഗോട്ട് എന്ന ചിത്രം കൂടെ പുറത്തിറങ്ങാനുണ്ട്. രാഷ്ട്രീയ നേതാവായാണ് ഇനി വിജയിനെ ആരാധകർ കാണുക. പ്രിയ നടൻ സിനിമാ രംഗം വിടുന്നതിന്റെ വിഷമം പ്രേക്ഷകർക്കുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ 50ാം പിറന്നാൾ. താരത്തിന്റെ പിറന്നാൾ തമിഴകം ആഘോഷമാക്കി.