സോഷ്യൽ മീഡിയയിലൂടെ എത്തി ഒടുവിൽ സിനിമാ രംഗത്തും ചുവട് ഉറപ്പിച്ച താരമാണ് നേടാൻ അഷിക അശോകൻ. അഭിനയം പാഷനായ അഷികയ്ക്ക് ഇന്ന് സിനിമകളിൽ നിന്നും അവസരം ലഭിക്കുന്നു. പട്ടാപ്പകൽ എന്ന പുതിയ ചിത്രത്തിൽ ഡാൻസ് നമ്പർ അഷിക ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകരുണ്ടെങ്കിലും കടുത്ത സൈബറാക്രമണവും അഷികയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. വസ്ത്രത്തിന്റെ പേരിലാണ് കൂടുതൽ വിമർശനങ്ങളും വന്നത്. ഇപ്പോഴിതാ നേരത്തെ തന്റെ വിവാഹ നിശ്ചയം മുടങ്ങിയ സമയത്ത് സോഷ്യൽ മീഡിയയിൽ വന്ന കുറ്റപ്പെടുത്തലുകളെക്കുറിച്ച് സംസാരിക്കുകയാണ് അഷിക അശോകൻ.
വെറൈറ്റി മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. സൈബർ ബുള്ളിയിംഗിന്റെ അങ്ങേയറ്റം ഞാൻ കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നുണ്ട്. ഒരു വിഭാഗം ആളുകളാണത്. കൃത്യമായി ഐഡന്റിറ്റി പോലും അവർക്കൊന്നും ഇല്ല. ദയവ് ചെയ്ത് ഒരാൾ പറയാനുള്ള കാര്യം അവരുടെ സ്വന്തം പ്രൊഫെെലിൽ നിന്ന് പറയാനുള്ള ധൈര്യം കാണിച്ചാൽ നമ്മൾ സമ്മതിച്ച് കൊടുക്കും. പോസിറ്റീവാണെന്ന് പറയുന്നില്ല. മോശം വാക്കുകൾ കൊണ്ട് കമന്റ് ചെയ്യുന്നവരാണ് കൂടുതലും. അവരോട് പുച്ഛം മാത്രം. ഒരാൾ നന്നാവുന്നത് കാണാൻ താൽപര്യമില്ലാത്തവരാകും ഭൂരിപക്ഷം പേരും. ഒരാൾക്ക് ഒരാൾ നന്നാകുന്നത് കാണാൻ ഇഷ്ടമല്ല. അതൊരു മാനസികാവസ്ഥയാണ്. പറഞ്ഞ് മാറ്റാൻ പറ്റില്ല. നമ്മൾ ഇമോഷണലി ശക്തരാവുക. തന്റെ എൻഗേജ്മെന്റ് ബ്രേക്ക് ആയ സമയത്ത് തന്നെ അധിക്ഷേപിച്ച് നിരവധി കമന്റുകൾ വന്നെന്ന് അഷിക പറയുന്നു.
സെലിബ്രിറ്റി ആയതിന്റെ അഹങ്കാരം കൊണ്ട് വേണ്ടെന്ന് വെച്ചതാണെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എനിക്കും എന്റെ കുടുംബത്തിനും എന്റെ പേഴ്സണൽ സർക്കിളിനും മാത്രം അറിയുന്ന കാര്യമാണ്. കാര്യങ്ങൾ മൊത്തം അറിഞ്ഞിട്ട് ജഡ്ജ് ചെയ്യുകയാണെങ്കിൽ പോലും കുഴപ്പമില്ല. ഒന്നുമറിയാതെ അങ്ങ് ജഡ്ജ് ചെയ്യുകയാണ്. കുറച്ച് ക്ലെവേജ് കാണുന്ന വസ്ത്രമിട്ടാൽ അവൾ അങ്ങനെയാണെന്ന് പറയും. അതെനിക്ക് ഇതുവരെ മനസിലായില്ല. ഷോർട്ട് സ്കേർട്ട് ഇടുന്ന കുട്ടികളൊക്കെ മോശമാണോയെന്നും അഷിക അശോകൻ ചോദിക്കുന്നു. അതൊക്കെ പണ്ടത്തെ കാലത്തെ ചിന്താഗതിയാണെന്നും അഷിക ചൂണ്ടിക്കാട്ടി. ഒരാളെ ഇഷ്‌ടപ്പെട്ടില്ലെങ്കിൽ മിണ്ടാതെ പോകുക. അവരങ്ങനെയാണ് ഇങ്ങനെയാണ് എന്ന് പറയുന്നതിൽ കാര്യമില്ലെന്നും അഷിക വ്യക്തമാക്കി. തന്നെക്കുറിച്ച് വന്ന ഗോസിപ്പുകളെക്കുറിച്ചും അഷിക സംസാരിച്ചു.
ഞാൻ റോഡിൽ പോയി ഒരു പയ്യനോട് സംസാരിച്ചാൽ അവൻ എന്റെ ബോയ്ഫ്രണ്ടാണ്. ഞാൻ ഏത് ഷോർട്ട് ഫിലിമിൽ വർക്ക് ചെയ്താലും ഹീറോ എന്റെ ബോയ്ഫ്രണ്ടാണ്, എന്റെ കുടുംബാംഗങ്ങളോ സുഹൃത്തോ രണ്ട് മൂന്ന് കമന്റ് അധികം ഇട്ടാൽ അവൻ എന്റെ ബോയ്ഫ്രണ്ടാണെന്ന് പറയും. അതൊക്കെ കേൾക്കുമ്പോൾ എന്തൊക്കെയാണിതെന്ന് തോന്നുമെന്നും അഷിക വ്യക്തമാക്കി. ഏതെങ്കിലും ഒരു സർക്കിളിൽ ഇത് ചർച്ച ചെയ്യുമ്പോൾ കൂട്ടത്തിൽ ആരെങ്കിലും എന്റെ സുഹൃത്തിന്റെ സുഹൃത്തായിരിക്കും. എങ്ങനെയെങ്കിലും തന്റെ ചെവിയിൽ ഇക്കാര്യങ്ങൾ എത്തുമെന്നും അഷിക വ്യക്തമാക്കി. നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ച അഷിക മികച്ച സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്.