ശിൽപ്പങ്ങളുടെ ദേവലോകമാണ് കാഞ്ചീപുരം . തമിഴ്നാട്ടിലെ തോണ്ടൈമണ്ഡലം എന്ന സ്ഥലത്തുള്ള ക്ഷേത്ര നഗരം. വേഗാവതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാഞ്ചീപുരത്തെ പല്ലവർ, മധ്യകാല ചോളന്മാർ,പിൽക്കാല ചോളന്മാർ, പിൽക്കാല പാണ്ഡ്യന്മാർ, വിജയനഗര സാമ്രാജ്യം, കർണാടക രാജ്യം, ബ്രിട്ടീഷുകാർ എന്നിവർ ഭരിച്ചിരുന്നു. കൈലാസനാഥർ ക്ഷേത്രവും, വൈകുണ്ഠ പെരുമാൾ ക്ഷേത്രവും നഗരത്തിന്റെ ചരിത്ര സ്മാരകങ്ങളിൽ ഉൾപ്പെടുന്നു. ചരിത്രപരമായി, കാഞ്ചീപുരം വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് കൈലാസ നാഥർ ക്ഷേത്രം. പല്ലവ രാജവംശത്തിലെ രാജസിംഹൻ എട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. സാന്റ്സ്റ്റോണിൽ പണിത ഈ പുരാണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഇപ്പോൾ നടത്തിവരുന്നു.കാഞ്ചീപുരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ചരിത്ര പ്രാധാന്യമുള്ള ഒരിടം കൂടിയാണ്. പല്ലവ വംശത്തിൽപെട്ട രാജാവ് നിർമ്മിച്ച ഇതിന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ ക്ഷേത്രം ഇന്നു സംരക്ഷിക്കപ്പെടുന്നത്.
നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകളുള്ള ഈ ക്ഷേത്രം സന്ദർശിച്ച രാജരാജചോളൻ ഇതിനു കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നു പേരു നൽകുകയും ബൃഹതീശ്വരം ക്ഷേത്രം പണിയാനുള്ള പ്രചോദനം ഉണ്ടാകുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത് .ഹൈന്ദവ വിശ്വാസമനുസരിച്ച് മൂന്നു കാഞ്ചികളാണുള്ളത്. അതിൽ ശിവ കാഞ്ചിയാണ് കൈലാസ നാഥർ ക്ഷേത്രം. മറ്റു രണ്ടു കാഞ്ചികൾ വിഷ്ണു കാഞ്ചി എന്നും ജൈൻ കാഞ്ചി എന്നും അറിയപ്പെടുന്നു. ഏകാംബര നാഥ ക്ഷേത്രം, കാഞ്ചപേശ്വരർ ക്ഷേത്രം, കാമാക്ഷി ക്ഷേത്രം, കുമാരകോട്ടം ക്ഷേത്രം,വരദരാജ പെരുമാൾ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളോടൊപ്പം നിൽക്കുന്ന പുരാതന ക്ഷേത്രം കൂടിയാണിത്. വലത് ഭാഗത്തുള്ള ഒരു ഉയരം കുറഞ്ഞ ചെറിയ വഴിയിലൂടെയാണ് ശിവലിംഗത്തിന് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കുള്ള വഴിയും ഇതുപോലെ ചെറുതാണ്.
അകത്തേയ്ക്ക് കയറാൻ ചെറുതായി കുനിയുകയും പിന്നീട് നടന്ന് വലംവയ്ക്കുകയും, അവസാനം കുനിഞ്ഞ് തന്നെ പുറത്തേയ്ക്ക് വരികയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ പ്രദക്ഷിണം ചെയ്യുന്നവർക്ക് പരമശിവൻ പുനർജന്മം നൽകി കഷ്ടപ്പെടുത്തുകയില്ലെന്ന് ഭക്തർ വിശ്വസിക്കുന്നു. അക്കാലത്ത് ക്ഷേത്ര നിർമ്മാണ രീതികളിൽ ഒരു ട്രെൻഡ് തന്നെ സെറ്റ് ചെയ്ത ക്ഷേത്രമായാണ് കൈലാസ നാഥർ ക്ഷേത്രം അറിയപ്പെടുന്നത്. ഒരു ക്ഷേത്രത്തിനു വേണ്ട രീതിയിൽ ആദ്യമായി തെക്കേ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രമാണത്രെ ഇത്. അതിനു മുൻപ് മഹാബലിപുരത്തും മറ്റും കാണുന്നതു പോലെ മരം കൊണ്ടോ അല്ലെങ്കിൽ ഗുഹയിലോ കല്ലിലോ ഒക്കെയായിരുന്നു ക്ഷേത്രം നിർമ്മിച്ചിരുന്നത്. ശിവലിംഗത്തിൽ നെടുകെ വരകളുള്ളത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കൂടാതെ വൈകീട്ട് ആറരയ്ക്ക് തന്നെ ക്ഷേത്രം അടയ്ക്കുന്നതും ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്.അക്കാലത്തെ ഭരണാധിപന്മാർർക്ക് ഒരു ആശ്രയ സ്ഥാനം കൂടിയായിരുന്നുവത്രെ ഈ ക്ഷേത്രം. ആപത്തു ഘട്ടങ്ങളിൽ ഒളിക്കുവാനും രക്ഷപെടുവാനും ഇവിടം ഉപയോഗിച്ചിരുന്നു. രക്ഷപെടുവാനുള്ള ഒരു രഹസ്യ തുരങ്കത്തിന്റെ ഭാഗം ഇന്നും ഇവിടെ കാണാം.