ജിയോ സിനിമയ്ക്ക് ചലച്ചിത്രങ്ങളുടെ ഒ.ടി.ടി അവകാശം വില്‍ക്കാമെന്ന് പറഞ്ഞ് ചില നിര്‍മ്മാതക്കളെ തട്ടിപ്പ് സംഘങ്ങള്‍ ചൂഷണം ചെയ്തായി വിവരം ലഭിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാക്കളുടെ സംഘടന. കൊച്ചിയില്‍ ചേര്‍ന്ന കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വിഷയം ജിയോ സിനിമയുടെ ശ്രദ്ധയില്‍ പെടത്തിയിരുന്നതായും, ഇത്തരത്തില്‍ ആരും ഇടനിലക്കാര്‍ ഇല്ലെന്നാണ് ജിയോ സിനിമ അറിയിച്ചത്. അടുത്തിടെ ഒ.ടി.ടി അവകാശം വില്‍ക്കാമെന്ന് അവകാശപ്പെട്ട് നിര്‍മാതാക്കളുടെ പക്കല്‍നിന്ന് ഒരു സംഘം വന്‍ തുക തട്ടിയെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിനിമാക്സ് എന്ന സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു.
സിനിമാ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന യൂട്യുബര്മാര്ക്കെതിരെ ശക്തമായ നടപടി എടുക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികളെ സമീപിക്കാനും കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് യോഗത്തില്‍ ധാരണയായി. ഇതിനു പുറമെ സിനിമ കളക്ഷന്‍ സംബന്ധിച്ച് വ്യാജ കണക്കുകള്‍ പ്രചരിപ്പിക്കുന്ന പിആര്‍ ഏജന്‍സികള്‍ക്ക് താക്കീത് നല്‍കും. യഥാര്‍ത്ഥ കണക്ക് മറച്ചുവച്ച് കളക്ഷന്‍ കൂട്ടിക്കാണിക്കുന്നതിനായി ആളെക്കയറ്റുന്നത് സിനിമയ്ക്ക് ഗുണം ചെയ്യുന്ന പ്രവണതയല്ലെന്നും അതിനെതിരെ നടപടി എടുക്കുമെന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.
നിലവില്‍ ഒടിടി, സാറ്റ്ലൈറ്റ് അവകാശങ്ങള്‍ വാങ്ങുന്ന കമ്പനികളുടെ പേരിലും, ഇത്തരത്തില്‍ രംഗത്ത് വരാനിരിക്കുന്ന കമ്പനികളുടെയും പേരിലാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കോടികള്‍ മുടക്കി ചലച്ചിത്രം എടുത്തിട്ടും സാറ്റ്ലൈറ്റ്, ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോകാത്ത നിര്‍മ്മാതാക്കളെയാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. ഒ.ടി.ടിക്ക് വിറ്റാല്‍ മുടക്ക് മുതല്‍ തിരികെ വാങ്ങി നല്‍കാമെന്നും അതിനായി നിശ്ചിത ഫീസ് പോലെ കമ്മീഷന് നല്‍കണമെന്നുമാണ് സംഘത്തിന്റെ കരാര്‍. സിനിമ തീയേറ്ററില്‍ ചലനം സൃഷ്ടിക്കാതെ മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയില്‍ ഇത്തരം ഓഫറുമായി എത്തിയാല്‍ പാവപ്പെട്ട നിര്‍മ്മാതാക്കള്‍ കൈക്കൊടുക്കുന്നത് സ്വാഭാവികമാണെന്നും സംഘടന വ്യക്തമാക്കി. കോവിഡ് കാലത്തിനുശേഷം ഒ.ടി.ടി ബിസിനസ് ഒട്ടും ലാഭത്തിലല്ലെന്ന് കമ്പിനികള്‍ തന്നെ അവകാശപ്പെടുന്ന സാഹചര്യത്തില്‍ അവര്‍ വ്യക്തമാക്കുന്നത് എല്ലാ സിനിമയും എടുക്കില്ലെന്നാണ്. രണ്ടു വര്‍ഷത്തിനിടയ്ക്ക് നൂറിന് മുകളില്‍ ചിത്രങ്ങള്‍ ഒ.ടി.ടികള്‍ വാങ്ങിയിരുന്നില്ല. മലയാള സിനിമയിലേക്ക് കാല് കുത്തിയിട്ടില്ലാത്ത ജിയോ പോലുള്ള സ്ഥാപങ്ങളുടെ പേര് പറഞ്ഞാണ് തട്ടിപ്പ്. അതേസമയം ഒരു സിനിമ തീയറ്ററില്‍ ഇറക്കിയാലും. അതിന്റെ തീയറ്ററിലെ പ്രദര്‍ശനത്തിന് ശേഷം അതിന് ഒരു ലൈഫ് നല്കുന്ന റിലീസായിരുന്നു ഒ.ടി.ടി റിലീസുകള്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കും ഒടിടി റിലീസ് വലിയ ആശ്വാസമായിരുന്നു. ഒരു വലിയ വരുമാനം ആ വഴിയും വരുന്നു. ചിലപ്പോള്‍ തീയറ്ററില്‍ വലിയ ലാഭം ഉണ്ടാകാതിരുന്ന ചിത്രങ്ങള്‍ക്ക് ഒടിടി വില്‍പ്പന വലിയ ലാഭം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒടിടിയുടെ ഈ നല്ലകാലം മലയാളത്തില്‍ കഴിഞ്ഞുവെന്നാണ് അടുത്തിടെ പല ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെട്ടത്. ഇത് സംബന്ധിച്ച് വിവിധ മീഡിയകളിലും റിപ്പോര്‍ട്ടുകളും വന്നിരുന്നു.
വന്‍ ഹിറ്റായ മലയാള ചിത്രങ്ങള്‍ പോലും വലിയ വിലപേശലിന് ശേഷമാണ് അടുത്തിടെ ഒടിടിയില്‍ വിറ്റുപോയതെന്ന് വാര്‍ത്തയുണ്ടായിരുന്നു. വലിയ താരങ്ങള്‍ ഉണ്ടായിട്ടും പല വന്‍ ചിത്രങ്ങളും ഇതുവരെ ഒടിടിയില്‍ വന്നിട്ടും ഇല്ല. ഇത്തരം ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഇത് മുതലെടുക്കാന്‍ മലയാള സിനിമ രംഗത്ത് ചില തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കുന്നത്. ഒ.ടി.ടിയുമായി കരാര്‍ എടുത്തിട്ട് തട്ടിക്കൂട്ട് സിനിമകള്‍ എടുത്ത ഒരു സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങളില്‍ നിന്നും കമ്പിനി മാറിയത് ഈയടുത്തായിരുന്നു. നാല് ചിത്രങ്ങള്‍ കരാര്‍ ചെയ്തിട്ട് ഒരു നല്ല സിനിമ പോലും ചെയ്തു നല്‍കിയില്ലെന്നത് കൊച്ചിയിലെ സിനിമാ മേഖലയിലെ പാട്ടാണ്. രണ്ടു സിനിമ ഒ.ടി.ടിയില്‍ വന്ന് വന്‍ വിമര്‍ശനം നേരിട്ടതോടെ ആ നടന്റെ ബാക്കി സിനിമകള്‍ ഒ.ടി.ടി കമ്പിനി റദ്ദാക്കിയിരുന്നു. പിന്നീട് തീയേറ്ററില്‍ റിലീസ് ചെയ്തിട്ടും ആ ചിത്രത്തിന് അവിടെയും പിടിച്ചു നില്ക്കാനിയില്ല. ഇത്തരം കാരണം കൊണ്ടാണ് സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് പോലും ഒ.ടി.ടിക്കാര് വലിയ വില നല്‍കാത്തത്. സാറ്റ്ലൈറ്റ് റൈറ്റും ഇപ്പോള്‍ ഇടിഞ്ഞ അവസ്ഥയിലാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.