മലയാള സിനിമയിൽ ഇന്ന് മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് നടിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ തനിക്ക് ഇത്തരം വേഷങ്ങൾ മാത്രമാണ് വരുന്നത് എന്നും മറ്റു വേഷങ്ങൾ ചെയ്യാൻ താൽപര്യമുണ്ടെന്നും പറഞ്ഞിരുന്നു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന്റെ വിശേഷങ്ങൾ പങ്കു വെക്കുന്നതിനിടെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. പതിനെട്ട് വർഷത്തെ സിനിമ അഭിനയത്തിലൂടെ പ്രശംസനീയമായ വേഷങ്ങളാണ് പാർവതി പ്രേക്ഷകർക്ക് സമ്മാനിച്ചത്. തുടക്കകാലത്ത് തമിഴ്, തെലുഗു, കന്നട സിനിമകളിൽ വെറും നായികാ കഥാപാത്രങ്ങളായി അഭിനയിച്ചെങ്കിലും, പിന്നീട് 2011ൽ സിറ്റി ഓഫ് ഗോഡ് എന്ന മലയാള ചിത്രത്തിലൂടെ അവിസ്മരണീയമായ അഭിനയം കൊണ്ട് ഞെട്ടിച്ചു.
അതിനു ശേഷം വന്ന എല്ലാ ചിത്രവും പാർവതിയുടെ തലവര മാറ്റി കൊണ്ടിരുന്നു. അതിനിടെ ഇർഫാൻ ഖാനൊപ്പം ഹിന്ദിയിലും അവസരമെത്തി.”റൊമാന്റിക്- കോമഡി ചിത്രങ്ങൾ തനിക്ക് അഭിനയിക്കാൻ താൽപര്യമുണ്ടെന്നും അത്തരം വേഷങ്ങളുമായി ആരും സമീപിക്കുന്നില്ലെന്നും പല ഇന്റർവ്യൂകളിലും പാർവതി പറഞ്ഞിട്ടുണ്ട്. എന്നെയൊന്ന് ഓഡീഷൻ ചെയ്യുമോയെന്ന് പല ഇന്റർവ്യൂവിലും ക്യാമറ നോക്കി പറഞ്ഞിട്ടുണ്ട്. ഖരീബ് ഖരീബ് സിംഗിൾ പോലും റോം-കോം ആയിട്ടാണ് എടുത്തത്. എന്നാൽ ഇപ്പോൾ അത്തരം സിനിമകൾ വരുന്നില്ല. എനിക്കിപ്പോൾ റോമാൻസ് പോലും കിട്ടുന്നില്ല. എനിക്കൊന്ന് പ്രണയിക്കണം ഹേ.” സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിനിടെ പാർവതി പറഞ്ഞു.
“കോമഡിയാണെങ്കിലും, ആക്ഷനാണെങ്കിലും, ആക്ഷേപഹാസ്യമാണെങ്കിലും അവസരം കിട്ടിയാൽ ഞാൻ ചെയ്യും. അത്തരം വേഷങ്ങൾ അധികം കിട്ടാത്തതു കൊണ്ട് എനിക്കതിലുള്ള സ്ട്രെങ്ത്ത് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നു കരുതി ഡ്രാമയോട് എനിക്കൊരു വിരോധവുമില്ല. ഞാൻ അതെല്ലാം നന്നായി ആസ്വദിക്കാറുണ്ട്. അതിൽ നിന്ന് ഒരുപാട് ജീവിതാനുഭവങ്ങൾ കിട്ടിയിട്ടുണ്ട്.” പാർവതി കൂട്ടിച്ചേർത്തു.സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൽ പാർവതിക്കുള്ള മെയ് വഴക്കം പറയാതിരിക്കാൻ വയ്യ. ഉള്ളൊഴുക്കിലെ മികച്ച പ്രകടനം ഇതോടെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. ഒപ്പം ഉർവശി എന്ന അഭിനേത്രിയുടെ അസാധാരണ പ്രകടനവും ചിത്രത്തിലുടനീളമുണ്ട്. നിരവധി ലെയറുകളുള്ള അഞ്ചു എന്ന കഥാപാത്രമായാണ് പാർവതി ഉള്ളൊഴുക്കിൽ അഭിനയിക്കുന്നത്.
“18 വർഷത്തെ അഭിനയത്തിനിടെ തന്നെ ഏറ്റവും പേടിപ്പിച്ച കഥാപാത്രമാണ് അഞ്ചു എന്നും ആ കഥാപാത്രത്തെ എക്സ്ട്രാ ഓർഡിനറി ആക്കുന്നത് വലിയൊരു ചലഞ്ചായിരുന്നു എന്നും പാർവതി തുറന്നു പറഞ്ഞു. ആദ്യം ആ കഥാപാത്രത്തോടെ ഞാൻ നോ പറഞ്ഞിരുന്നു, പിന്നീടാണ് മാനസികമായി തയ്യാറായത്.” പാർവതി കൂട്ടിച്ചേർത്തു. മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്കാരവും ദേശീയ അവാർഡിൽ ജ്യൂറിയുടെ സ്പെഷ്യൽ മെൻഷൻ നേടുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല പിന്നെയും നിരവധി അവാർഡുകൾ താരം നേടിയിട്ടുണ്ട്. എങ്കിലും വിവാദങ്ങൾ എന്നും പാർവതിയെ ചുറ്റിപ്പറ്റിയുണ്ടായിരുന്നു. ചില തുറന്നു പറച്ചിലുകൾ കൊണ്ട് പല അവസരങ്ങളും തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അതിൽ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല എന്നും മുമ്പൊരിക്കൽ പാർവതി സമ്മതിച്ചിരുന്നു.