ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമന് മുകേഷ് അംബാനിയുടെ മകളാണ് ഇഷ അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇഷ. എന്നാല്‍ തന്റെ വേറിട്ട രീതിയിലുളള വസ്ത്രധാരണം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ ആകെ നിറഞ്ഞ് നില്‍ക്കുകയാണ് ഇഷ ഇപ്പോള്‍. ഇറ്റലിയില്‍ നടന്ന അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷത്തിലെ ഇഷ അംബാനി ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
രണ്ട് റോബോട്ടിക് കുഞ്ഞുങ്ങളുമായാണ് ഇഷ പുത്തന്‍ വേഷത്തില്‍ എത്തിയത്. ഫാഷന്‍ സ്റ്റൈലിസ്റ്റ് അനൈത ഷ്രോഫ് അഡജാനിയയാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇഷ അംബാനിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘ഇഷയും അവളുടെ റോബോട്ടിക്ക് കുഞ്ഞുങ്ങളും @ സ്കിയാപരെല്ലി കസ്റ്റം ഹോട്ട് കോച്ചറില്‍’ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ്് നല്‍കിയത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുളള ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പോണിടെയില്‍ സ്റ്റൈലിലാണ് ഇഷ മുടി സെറ്റ് ചെയ്തത്. വളരെ ലളിതമായ കമ്മലുകളും ബ്ളാക്ക് ഹീല്‍സുമാണ് ധരിച്ചിരുന്നത്. കൂടാതെ കൈകളില്‍ രണ്ട് കുട്ടികളും ഉണ്ടായിരുന്നു.
എന്നാല്‍ നിരവധി ചോദ്യങ്ങളാണ് ഇഷ അംബാനിയുടെ ഈ പുതിയ ലുക്കിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇഷ അംബാനിയുടെ സ്വന്തം കുട്ടികളെ തന്നെ റോബോട്ടിക് സ്റ്റൈല്‍ ഡ്രസ്സില്‍ കൊണ്ടുവന്നതാണോ എന്നുള്ള ചോദ്യവും ഏറെയുണ്ട്. ഇത്തരത്തില്‍ റോബോട്ടിക് ഡ്രസ്സില്‍ സ്റ്റൈല്‍ ചെയ്തിരിക്കുന്ന കുട്ടികള്‍ ഒറിജിനല്‍ ആണോ എന്ന് ചോദ്യവും ഉയരുന്നുണ്ട്. റോബോട്ടിക് വസ്ത്രത്തിന്റെ ഡീറ്റെയില്‍സ് ചോദിച്ചും ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്ത് വിട്ടിരിക്കുന്ന ചിത്രത്തിന്റെ കളര്‍ ഫോട്ടോയ്ക്കായി എന്തായാലും ആരാധകര്‍ കാത്തിരിക്കുകയാണ്.