പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, കമൽഹാസൻ എന്നിവർ നിറഞ്ഞാടുന്ന കല്‍ക്കി 2898 എഡി എന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. ചിത്രം തിയേറ്ററുകളിലെത്തിയപ്പോഴാവട്ടെ, ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിനെ ഹോളിവുഡ് ലവൽ പടമെന്നാണ് ചിത്രം കണ്ടിറങ്ങിയവർ വിശേഷിപ്പിക്കുന്നത്.
ലോകം രക്ഷിക്കാന്‍ വരുന്ന അവതാര പിറവിയും, അത് തടയാന്‍ ശ്രമിക്കുന്ന ദുഷ്ടശക്തികളും എന്ന തീമിനെ ഒരു അപ്പോക്ലാലിപ്റ്റോ ബാക്ഗ്രൗണ്ടില്‍ അവതരിപ്പിച്ച് അതില്‍ ഇന്ത്യന്‍ മിത്തോളജിയെ സമന്വയിപ്പിച്ചാണ് കൽക്കി കാണികളിലേക്ക് എത്തിയിരിക്കുന്നത്. എഡി 2898ൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
ബൗണ്ടി ഹണ്ടര്‍ ആയി ചിത്രത്തിൽ ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ് പ്രഭാസ്. അശ്വത്ഥാമാവായി അമിതാഭ് ബച്ചനും തകർത്ത് അഭിനയിച്ചിരിക്കുന്നു. സുപ്രീം ലീഡര്‍ യാഷ്കിന്‍ എന്ന വില്ലന്‍ റോളിലാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്. ശക്തയായ കഥാപാത്രമായി ദീപികയും തന്റെ ഭാഗം മികച്ചതാക്കിയിട്ടുണ്ട് എന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ ആദ്യഘട്ട പ്രതികരണം.
“കൽക്കി അവിശ്വസനീയമാണ്, ഇതുവരെ കണ്ടിട്ടില്ലാത്ത, മിസ്റ്റിക് പ്ലസ് ഫ്യൂച്ചറിസ്റ്റിക് മിത്തോളജിക്കൽ ചിത്രം, ഇത് ഇന്ത്യൻ സിനിമയ്ക്ക് പുതിയ മാനദണ്ഡമേകും,” എന്നാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട റിവ്യൂകളിൽ ഒന്ന്.
“സ്റ്റാർ വാർ പോലെ, മാഡ് മാക്സ് പോലെ, ഡ്യൂൺ പോലൊരു ചിത്രം നമുക്കുണ്ടെന്ന് ഇനി ലോകത്തോടു നമുക്കു വിളിച്ചുപറയാം. അതെ, ഇതാ ഒരു പാൻ ഗ്ലോബൽ സിനിമ പിറന്നിരിക്കുന്നു,” മറ്റൊരു പ്രേക്ഷകന്റെ പ്രതികരണമിങ്ങനെ.
നടി അന്ന ബെന്നും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പശുപതി, ശോഭന എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ക്യാമിയോ റോളിൽ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിലുണ്ട്.