Celebrities

ഷോട്ട് സമയത്ത് തോന്നും പോലെ കാണിക്കും; ജഗതി കാരണം സംവിധായകന്‍ വലഞ്ഞു | actor abraham koshi about actor jagathy sreekumar

മലയാള സിനിമയിലെ നേടും തൂണെന്ന് വിശേഷിപ്പിക്കാവുന്ന നടനാണ് ജഗതി ശ്രീകുമാർ. മലയാളത്തിലെ ഹാസ്യ സാമ്രാട്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍. ഒരുകാലത്ത് മലയാള സിനിമയിലെ ചിരിയുടെ മറുവാക്കായിരുന്നു ജഗതി ശ്രീകുമാര്‍. വിധി ഒരു വാഹനാപകടത്തിന്റെ രൂപത്തില്‍ ജഗതി ശ്രീകുമാറിന്റെ അഭിനയ ജീവിതത്തിന് പോസ് ഇട്ടിട്ട് നാളുകളായി. ഒരുകാലത്ത് വിശ്രമമില്ലാതെ ഓടി നടന്ന് അഭിനയിച്ച ഒരു കാലമുണ്ടായിരുന്നു ജഗതിക്ക്. ഓരോ സിനിമകളിലും സംവിധായകർ ആഗ്രഹിക്കുന്നതിനപ്പുറം കൊടുക്കുന്ന പ്രതിഭ.അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ മുന്‍ കൂട്ടി തീരുമാനിച്ചിട്ടില്ലാത്ത ചില ഭാവങ്ങളും ഡയലോഗുകളും കയ്യില്‍ നിന്നും ഇടാനുള്ള ജഗതിയുടെ മിടുക്കിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ എബ്രഹാം കോശി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

സഹിക്കാന്‍ പറ്റാത്തത് അമ്പിളി ചേട്ടനെയാണ്. ജോഷി സാര്‍ പറഞ്ഞിട്ടുണ്ട്, എന്റെ അമ്പിളി നീ ഏതേലും ഒന്ന് ഫിക്‌സ് ചെയ്യ്, നമുക്ക് ഷോട്ട് എടുക്കണ്ടേ എന്ന്. രണ്ടോ മൂന്നോ റിഹേഴ്‌സല്‍ കാണും. ഓരോ തവണയും അദ്ദേഹം ഓരോ എക്‌സ്പ്രഷനാണ് ഇടുന്നത്. ചുറ്റും നില്‍ക്കുന്ന നമ്മള്‍, സംവിധായകന്‍ ഉള്‍പ്പടെ ചിരിക്കും. ടേക്ക് വരുമ്പോള്‍ ഇതിന്റെയൊക്കെ മുകളില്‍ വരുന്നൊരു സാധനം കാണിച്ചു. എല്ലാം ചിരിച്ചു. സാറൊന്ന് നോക്കി, ഓക്കെ റീ ടേക്ക്. രണ്ടാമത് എടുത്തു.അപ്പോള്‍ വേറൊരു സാധനം ഇട്ടു. അപ്പോഴും എല്ലാവരും ചിരിച്ചു. അങ്ങനെ മൂന്ന് നാല് ടേക്ക് ആയി. അപ്പോഴാ ജോഷി സര്‍ എടാ അമ്പിളി നീ ഏതെങ്കിലും ഒന്ന് ഫിക്‌സ് ചെയ്യ്, നമുക്ക് ഷോട്ട് എടുക്കണ്ടേ എന്ന് പറയുന്നത്. ഇല്ല ജോഷിയേട്ടാ, ഇത് ഫിക്‌സ് എന്ന് അദ്ദേഹം പറഞ്ഞു. മാറ്റമൊന്നുമില്ലല്ലോ? ഇല്ല മാറ്റമില്ല. ടേക്ക് പോയി, പുള്ളി വേറൊരു സാധനം കാണിച്ചു. ബോര്‍ അല്ലല്ലോ കാണിക്കുന്നത്. ഒന്നിനൊന്ന് മെച്ചമാണ് ഈ കാണിക്കുന്നത്. അത് എങ്ങനെ വേണ്ടാന്ന് പറയാന്‍ സാധിക്കും. ലോകത്തില്‍ അദ്ദേഹത്തെ പോലെ കോമഡി മാത്രം ചെയ്ത് മുപ്പത് വര്‍ഷം ജീവിച്ച വേറൊരു നടനില്ല. അടിമുടി നടനാണ്. തിരമാല പോലെ ഭാവങ്ങള്‍ വന്നു കൊണ്ടിരിക്കും.

അതുപോലെ ജോലിയോടുള്ള ഭക്തി. അത് അമ്പിളിച്ചേട്ടനെ കണ്ടു പഠിക്കണം ബാക്കിയുള്ളവര്‍. അമ്പിളിച്ചേട്ടനോട് രാവിലെ ആറ് മണിയ്ക്കാണ് ഷോട്ട് എന്ന് പറഞ്ഞാല്‍, അഞ്ച് മണിക്ക് കാര്‍ വിടണമെന്ന് പറയും. നമ്മള്‍ അഞ്ചരയ്ക്ക് ചെല്ലുമ്പോള്‍ കാണുന്നത് കോസ്റ്റിയൂമും ഇട്ട് മേക്കപ്പും ഇട്ട് കസരേയില്‍ ചാരിയിരിക്കുന്ന അമ്പിളിച്ചേട്ടനെയാകും. അതാണ് ഡെഡിക്കേഷന്‍. എത്ര സമയം വരെ വേണമെങ്കിലും നില്‍ക്കും. റീടേക്ക് വേണ്ടി വരില്ല. ഇതുപോലെ കയ്യില്‍ നിന്നും ഇടുമ്പോള്‍ ചുറ്റും നില്‍ക്കുന്നവര്‍ കുളമാക്കിയാല്‍ മാത്രം. ഓരോ രോമകൂപം പോലും ആര്‍ട്ടിസ്റ്റാണ് എന്നും അദ്ദേഹം പറയുന്നു.