ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഈ നഗരമാണ് മെക്സിക്കോയിലെ ചിചെൻ ഇറ്റ്സ. 2007 മുതൽ പുതിയ ഏഴു ലോകാദ്ഭുതങ്ങളിൽ ഒന്നാണിത്. മായൻ സംസ്കാര കാലത്ത് നിർമിക്കപ്പെട്ട ഈ ചരിത്രനഗരം മെക്സിക്കോയിലാണ് സ്ഥിതി ചെയ്യുന്നത് . അത്ഭുതങ്ങളുടെയും , അമ്പരപ്പിക്കുന്ന വസ്തുതകളുടെയും നാടാണിത് . ഗവേഷകര്‍ക്ക് പോലും ഉത്തരം കിട്ടാത്ത നിരവധി സംഭവ വികാസങ്ങള്‍ നടക്കുന്ന നഗരം
പടികളുള്ള പിരമിഡ്, ആരാധനാലയങ്ങൾ, കച്ചവടകേന്ദ്രങ്ങൾ, കല്ല് കൊണ്ടുള്ള മറ്റു നിർമിതികൾ തുടങ്ങി പരിഷ്‌കൃതമായ നഗരമായിരുന്നു ഇത്. എൽ കാസ്റ്റിലോ എന്നറിയപ്പെടുന്ന ടെംപിൽ ഓഫ് കുകുൽക്കൻ ആണ് ചിച്ചെൻ ഇറ്റ്സെയിൽ അവശേഷിക്കുന്ന പ്രധാനപ്പെട്ട നിർമിതി. ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തിൽ പണികഴിപ്പിച്ചിരിക്കുന്ന, പടികളുള്ള ഈ പിരമിഡിൽ നിന്ന് മായൻ ജ്യോതിശാസ്ത്രതിന്റെ കൃത്യതയും പ്രാധാന്യവും വ്യക്തമാണ്.
ചിചെൻ ഇറ്റ്സയിലെ പ്രധാന ദൈവസങ്കല്‍പ്പമാണ് കുകുല്‍ക്കന്‍. ചിറകുള്ള ഒരു പാമ്പായി പിറന്ന കുകുല്‍ക്കന്‍ എന്ന തന്‍റെ സഹോദരനെ ഒരു പെണ്‍കുട്ടി ഗുഹയില്‍ ഒളിപ്പിച്ചു. മറ്റാരും കാണാതെ എല്ലാ ദിവസവും അവള്‍ ഗുഹയില്‍ പോയി സഹോദരന് വേണ്ട ഭക്ഷണവും മറ്റും എത്തിച്ചുകൊടുത്തു. കാലക്രമേണ കുകുല്‍ക്കന്‍ വളര്‍ന്ന് ഭീമാകാരം പ്രാപിച്ചു. പിന്നീട് ഗുഹയില്‍ നിന്നും കടലിലേക്ക് പറന്നു പോയി എന്നാണു കഥ. താന്‍ ജീവനോടെ ഉണ്ടെന്നു കാണിക്കാനായി എല്ലാ വര്‍ഷവും ജൂലൈ മാസത്തില്‍ കുകുല്‍ക്കന്‍ ഭൂമി കുലുക്കും എന്നാണ് സങ്കൽപം. വര്‍ഷംതോറും ജൂലൈ മാസത്തില്‍ ഇവിടെ ഉണ്ടാകുന്ന ഭൂകമ്പം കുകുല്‍ക്കന്‍റെ ഉണ്ടാക്കുന്നതാണ് എന്നാണ് നാട്ടുകാരുടെ വിശ്വാസം. ചിചെൻ ഇറ്റ്സയില്‍ കുകുല്‍ക്കനായി സമര്‍പ്പിച്ച ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രത്തിൽ പുരാതനമായ ഒരു പിരമിഡ് ഉണ്ട്. ഇത് വര്‍ഷങ്ങളായി ഗവേഷകരെ ആകർഷിക്കുന്നു.
ഈ പിരമിഡിനടിയില്‍ മായന്മാരുടെ പുരാതന വിശ്വാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ഭൂഗര്‍ഭ രഹസ്യ പാത ഈയിടെ അവര്‍ കണ്ടെത്തി. ഗവേഷകർ പറയുന്നതനുസരിച്ച്, ഈ രഹസ്യ പാത ഭൂഗർഭജലം നിറഞ്ഞ ഒരു ഗുഹയിലേക്കാണ് നയിക്കുന്നത്. ഈ ഗുഹകള്‍ക്കുള്ളില്‍ മായന്മാര്‍ മനുഷ്യബലി പോലുള്ള ചടങ്ങുകള്‍ നടത്തിയതായാണ് ഗവേഷകരുടെ നിഗമനം. ഇതിന് ഒരു സഹസ്രാബ്ദത്തില്‍ അധികം പ്രായം കണക്കാക്കിയിട്ടുണ്ട്. എല്‍ കാസ്റ്റിലോ എന്ന് പേരുള്ള ഈ ക്ഷേത്രം സന്ദര്‍ശിക്കാനായി വര്‍ഷംതോറും നിരവധി ആളുകള്‍ ഇവിടെക്കെത്തുന്നു.പ്രത്യേക ജ്യോതിശാസ്ത്ര പ്രാധാന്യമുള്ള നിർമ്മിതിയാണിത്.
ഇതിന്റെ ഓരോ മുഖത്തിനും 91പടികളുണ്ട് . അവ ഏറ്റവും മുകളിലുള്ള കരിങ്കൽപടികളുമായി സംയോജിച്ചു 365 പടികൾ ഉണ്ടാക്കുന്നു , അതായത് വർഷത്തിലെ ഓരോ ദിവസത്തിനും ഒരു പടി എന്ന കണക്കിലാണിത്. വസന്തകാലത്തും ശരത്കാലത്തും വെളിച്ചവും നിഴലും ചേർന്ന് താഴേക്കുള്ള ഗോവണിവശത്ത് ത്രികോണങ്ങളുടെ ഒരു നിരയായി മാറുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഈ നിഴലുകൾക്ക് ചലിക്കുന്ന പാമ്പിന്റെ രൂപം കൈവരുന്നു എന്നത് അതിശയകരമായ ഒരു കാഴ്ചയാണ് .പിസ്റ്റെ എന്ന ചെറുപട്ടണത്തിനടുത്താണ് ഈ കൂറ്റൻ ഘടന സ്ഥിതിചെയ്യുന്നത്. 2007 ൽ ലോകമെമ്പാടും നടത്തിയ വോട്ടെടുപ്പിന് ശേഷം, ചിചൻ ഇറ്റ്സയിലെ കുകുൽകൻ ക്ഷേത്രമായ എൽ കാസ്റ്റിലോ ലോകത്തെ പുതിയ ഏഴ് അദ്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു . സഞ്ചാരികൾക്ക് ഈ ക്ഷേത്രം പുറമേ നിന്നു കാണാം.പക്ഷേ അകത്തു കയറാൻ അനുമതിയില്ല