History

കൊല്ലം കണ്ടവന് ഇല്ലം വേണ്ടങ്കിൽ വേണ്ട ; കൊല്ലത്തിന് വയസ്സ് 75 ആയി!! | 75 years old kollam city

പപ്പടത്തിനും ലെയ്സിനും അടികൂടുന്ന കൊല്ലം ജില്ലയെ മാത്രമല്ലേ നമുക്ക് അറിയൂ.. എന്നാൽ ഇനി കൊല്ലത്തെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാം.. എന്താ ഇന്ന് ഒരു കൊല്ലം കഥ എന്നല്ലേ.. ഇന്ന് അവളുടെ പിറന്നാൾ ആണ്..75-ാം പിറന്നാൾ ദിനം.

പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. കാടും കായലും കടലും മലനിരകളും ഉൾപ്പെടെ എല്ലാ പ്രകൃതി സൗഭാഗ്യങ്ങളും ദൈവം കനിഞ്ഞ് അനുഗ്രഹിച്ചു നൽകിയ… 1949 രൂപീകൃതമായ കൊല്ലം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാൾ ആണ്.

കൊല്ലം കേരളത്തിലെ ഒരു നഗരമാണ്. കൊല്ലം ജില്ലയുടെ ആസ്ഥാനം. മുൻപ് ക്വയ്‍ലോൺ എന്നും ദേശിങ്ങനാട് എന്നും താർഷിഷ് എന്നും അറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായ ഈ നഗരം പ്രശസ്തിനേടി. പ്രാചീനകാലം മുതലേ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം. അറബികൾ, റോമാക്കാർ, ചൈനാക്കാർ, ഗ്രീക്കുകാർ, ഫിനീഷ്യന്മാർ, പേർഷ്യാക്കാർ തുടങ്ങിയവർ പുരാതന കാലം മുതൽക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലർത്തിയിരുന്നു. പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നെന്നും അവിടത്തെ അങ്ങാടികൾ ഇൻഡ്യയിൽ വച്ചേറ്റവും മികച്ചതായിരുന്നു എന്നും ആദ്യകാലസഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ടു്. ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയുടെ ചക്രവർത്തി കുബ്ലൈഖാനുമായി കൊല്ലത്തിനു് രാഷ്ട്രീയ ബന്ധമുണ്ടായിരുന്നു. മനോഹാരിതയിലും പ്രശസ്തിയിലും ഉയരങ്ങളിൽ നില നിന്നിരുന്ന കാലമുണ്ടായിരുന്നു. കൊല്ലത്തിനെ ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്ന് വിളിക്കാറുണ്ട് കൊല്ലം നഗരത്തിനു് കൊല്ലവർഷത്തേക്കൾ പഴക്കമുള്ളതായി വിശ്വസിക്കുന്നു. ഇതിനു ആരംഭം കുറിച്ചതു് കൊല്ലത്തു നിന്നാണ്.

കേരളത്തിന്‍റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ജില്ലയാണ് കൊല്ലം. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ലയും ആലപ്പുഴയും, കിഴക്ക് തമിഴ്‌നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്‍റെ അതിർത്തികൾ. കശുവണ്ടി സംസ്‌കരണവും കയർ നിർമ്മാണവുമാണ് പ്രധാന വ്യവസായങ്ങൾ. പോർച്ചുഗീസ് കാലം മുതല്‍ കശുവണ്ടി വ്യവസായത്തിന് പേരുകേട്ട കൊല്ലത്ത് ഇപ്പോഴും നൂറുകണക്കിന് കശുവണ്ടി സംസ്‌കരണ ഫാക്‌ടറികളാണ് പ്രവർത്തിക്കുന്നത്. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചുവന്നിരുന്നെങ്കിലും സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ നമകരണം ചെയ്‌തു. വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് കൊല്ലം ജില്ല. തീരപ്രദേശം, ഇടനാട്‌, മലനാട് എന്നിങ്ങനെ മൂന്നായി കൊല്ലം ജില്ലയിലെ ഭൂപ്രകൃതി വേര്‍തിരിക്കാന്‍ കഴിയും.

 

കൊല്ലം ബീച്ചില്‍ തുടങ്ങി പാലരുവി വെള്ളച്ചാട്ടം വരെ ബീച്ചുകള്‍ക്കും വനാന്തരമേഖലകള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള ജില്ലയാണ്. തെന്മല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ, മൺറോത്തുരുത്ത് തുടങ്ങിയവ ഈ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായി ഉയര്‍ന്ന… ആകാശത്തേക്ക് തലയുയര്‍ത്തി ചിറകു വിടര്‍ത്തി കിടക്കുന്ന ജഡായു പക്ഷിയുടെ ഭീമാകാരമായ ശില്‍പ്പം സ്ഥാപിച്ചിരിക്കുന്ന ജഡായുപ്പാറ. ലോകത്തെ തന്നെ ഏറ്റവും വലിയ പക്ഷി ശില്‍പ്പമാണ് ചടയമംഗലത്തിലേത്. പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിര്‍മ്മിച്ച കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും ഹെലികോപ്റ്റര്‍ റൈഡുമൊക്കെ ഇവിടത്തെ വിനോദങ്ങളില്‍ ചിലത് മാത്രമാണ്. ഓഫ് റോഡിംഗ് പ്രേമികളുടെ ഇഷ്ട ഡെസ്റ്റിനേഷനായ റോസ്മല. പുനലൂരില്‍ നിന്ന് 35 കിലോമീറ്റര്‍ സഞ്ചരിച്ച് ആര്യങ്കാവ് വനത്തിനുള്ളിലൂടെ 9 കിലോമീറ്റര്‍ യാത്ര ചെയ്താൽ റോസ്മലയിലെത്താം. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മല, പാലിന്റെ നിറമുള്ള പാലരുവി വെള്ളച്ചാട്ടം, അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്നിടത്ത് ചെമ്മീന്‍ കെട്ടും കണ്ടല്‍കാടും പാലങ്ങളും കായലിലേക്ക് ചാഞ്ഞു കിടക്കുന്ന വെള്ളത്താല്‍ ചുറ്റപ്പെട്ട് അനവധി ചെറു തോടുകളാല്‍ സമ്പന്നമാക്കപ്പെട്ട മണ്‍റോതുരുത്ത്, 8 കൈവഴികളായി ഒഴുകുന്ന അഷ്‌ടമുടി കായലില്‍ ചെറുതും വലുതുമായ അനേകം ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതി ചെയ്യുന്നത് കൊല്ലം ജില്ലയിലെ തങ്കശേരിയിൽ ആണ്.

കൃഷിയോഗ്യവും ചെമ്മണ്ണ് നിറഞ്ഞതും വനസമൃധവുമാണ് കൊല്ലം ജില്ല. കൊല്ലത്തിന്‍റെ ഏകദേശം 30 ശതമാനം ഭാഗം അഷ്‌ടമുടി കായൽ ആണ്. തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ അതിന്‍റെ വാണിജ്യ തലസ്ഥാനമായിരുന്നത് കൊല്ലമായിരുന്നു. പ്രാചീനകാലം മുതലേ പ്രധാന തുറമുഖമായിരുന്നു കൊല്ലം. ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായിരുന്നു കൊല്ലം തുറമുഖം എന്നും അവിടത്തെ അങ്ങാടികൾ ഇന്ത്യയിൽ വച്ച് ഏറ്റവും മികച്ചതായിരുന്നു എന്നുമാണ് ആദ്യകാല സഞ്ചാരികൾ രേഖപ്പെടുത്തിയിരുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെ റെയില്‍പ്പാത കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈനായിരുന്നു. രാജ്യത്തിന്‍റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങളും സ്ഥാപിച്ചിട്ടുണ്ട്. തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് ഒന്നിനാണ് കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്ത് കൊല്ലം ജില്ല രൂപീകൃമായത്. 1956ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്‌നാടിനോട് ചേർക്കപ്പെട്ടു. തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു. പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും കൂട്ടിച്ചേർത്തു. 1957ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ആലപ്പുഴയോട് ചേർത്തു. പത്തനംതിട്ടയും കുന്നത്തൂർ താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ലയും 1982-ൽ നിലവിൽ വന്നു.

Content Highlight : 75years-old-kollam-city