ബിഗ് ബോസ് മലയാളം സിക്സിന്റെ ടൈറ്റില്‍ വിന്നറായിരുന്നു ജിന്റോ. സീസണ് സിക്സ് തുടങ്ങുമ്പോള്‍ അത്ര പരിചിതനായ മത്സരാര്‍ഥിയായിരുന്നില്ല ജിന്റോ. സെലിബ്രിറ്റികളുടെ ഫിറ്റ്നെസ് ഗുരുവെന്ന വിശേഷണമാണ് ഷോയില്‍ എത്തുമ്പോള്‍ ജിന്റോയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പതിയെ ജിന്റോ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുകയായിരുന്നു. തുടക്കത്തില്‍ മണ്ടനെന്ന് മുദ്രകുത്തപ്പെട്ട ജിന്റോ തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് പിന്നീട് വിജയി ആയിമാറിയത്. തമാശ കളിച്ചും നിഷ്കളങ്കമായ പ്രകടനം കൊണ്ടും ഹൗസിലും പുറത്തും ജിന്റോ ഒരുപോലെ കൈയ്യടി നേടി.കൂടാതെ ഫിസിക്കല്‍ ടാസ്കുകളിലെല്ലാം മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ചതോടെ ജിന്റോയ്ക്ക് ആരാധക പിന്തുണ കൂടുകയായിരുന്നു.
കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നല്കുന്ന 50 ലക്ഷം രൂപയായിരുന്നു ഒന്നാം സ്ഥാനക്കാരനുള്ള സമ്മാനം. ഇത്തവണ 5 ലക്ഷത്തിന്റെ മണി ബോക്സുമായി സായ് കൃഷ്ണ ഇറങ്ങിയതോടെ ജിന്റോയ്ക്ക് ലഭിക്കേണ്ടിയിരുന്നത് 45 ലക്ഷം രൂപയായിരുന്നു. എന്നാല്‍ 34 ലക്ഷമാണ് ജിന്റോയ്ക്ക് സമ്മാനത്തുകയായി കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ബാക്കി 15 ലക്ഷത്തോളം രൂപ ടാക്്സിനത്തില് പോയതായി കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് അറിയിച്ചു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ഡോക്ടര്‍ റോയ് താരത്തിനുളള ചെക്ക് കൈമാറി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇതിന് പിന്നാലെ ജീവിതത്തിലെ പുതിയൊരു സന്തോഷ വാര്‍ത്തകൂടി ജിന്റോ പങ്കുവെച്ചിരിരുന്നു. തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലീകരിക്കാന്‍ പോകുന്നതെന്ന് താരം പറഞ്ഞു. കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് നിര്‍മ്മിച്ച് വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തില്‍ തനിക്കൊരു മികച്ച റോളുണ്ടെന്നാണ് ജിന്റോ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്പുറമെ എന്‍എം ബാദുഷ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായകന്മാരില് ഒരാളാണ് താനെന്നും ജിന്റോ പറഞ്ഞു. അതില്‍ ലഭിച്ചിരിക്കുന്നത് മെയിന്‍ വേഷമാണെന്നും ജിന്റോ പറയുന്നു. മുന്‍പ് പല പടങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തന്റെ മുഖം രജിസ്റ്റര്‍ ആയിരുന്നില്ല. ബിഗ് ബോസ് ഷോയില്‍ എത്തിയതോടെ ജീവിതത്തിലെ വലിയ ആഗ്രഹമാണ് പൂവിട്ടിരിക്കുന്നതെന്ന് ജിന്റോ വ്യക്തമാക്കി. സിനിമയില്‍ അഭിനയിക്കണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. കപ്പ് തന്നെയാണ് തന്റെ ലക്ഷ്യമെന്ന് പലപ്പോഴും ജിന്റോ ബിഗ്ബോസ് ഹൗസില്‍ പറഞ്ഞിട്ടുണ്ട്. പണമല്ല, കപ്പ് പിടിച്ച് ലാലേട്ടന്റെ കൈപിടിച്ച് നില്‍ക്കണം എന്നതാണ് തന്റെ ആഗ്രഹം എന്നാണ് ജിന്റോ പറഞ്ഞിരുന്നത്.