കാമുകനെ പത്ത് കൊല്ലം ഭർത്താവറിയാതെ രഹസ്യ അറയിലൊളിപ്പിച്ച ഭാര്യ, ഡോളി ഓസ്റ്റെറിച്ച് . മണിക്കൂറുകളോളം ജോലി ചെയ്യുന്ന കഠിനാധ്വാനിയും എന്നാൽ അതുപോലെ മദ്യപാനിയുമായിരുന്നു ഡോളിയുടെ ഭർത്താവ് ഫ്രെഡ്. മിൽവാക്കിയിലായിരുന്നു ഡോളിയും കുടുംബവും താമസിച്ചിരുന്നത് . എന്നാൽ ഇവരുടെ ദാമ്പത്യം പലപ്പോഴും പരാജയമായിരുന്നു . ഡോളിക്ക് ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളുമുണ്ടായിരുന്നു. എന്നാല്‍, ഫ്രെഡ് എന്നും തിരക്കിലായിരുന്നു. ഡോളിയുടെ ആഗ്രഹങ്ങളൊന്നും വേണ്ട പോലെ പരിഗണിക്കാന്‍ അയാള്‍ക്കായിരുന്നില്ല. 1913 ലെ ഒരു ശരത്കാല ദിനത്തിൽ, തന്റെ തയ്യൽ മെഷീൻ ശരിയാക്കാൻ ഫാക്ടറിയുടെ റിപ്പയർമാരിൽ ഒരാളെ വീട്ടിലേക്ക് അയയ്ക്കാൻ ഡോളി ഫ്രെഡിനോട് ആവശ്യപ്പെട്ടു. 17-കാരനായ ഓട്ടോ സാൻഹുബർ ഡോളിയുടെ വീട്ടിലെത്തി. ഓട്ടോ എത്തുമ്പോള്‍ ഒരു മേല്‍ക്കുപ്പായവും സ്റ്റോക്കിംഗ്സും മാത്രം ധരിച്ച് ആകര്‍ഷകയായി നില്‍ക്കുന്ന ഡോളിയെ ആണ് കാണുന്നത്. തയ്യൽ മെഷീൻ നന്നാക്കാനുള്ള ആ വരവും അവരുടെ കണ്ടുമുട്ടലും പത്തു വര്‍ഷക്കാലം നീണ്ടുനിന്ന വിചിത്രമായ ഒരു ബന്ധത്തിന്‍റെ തുടക്കമായിരുന്നു.
ഇരുവരും തമ്മില്‍ ബന്ധം ആരംഭിച്ചു, ശാരീരികവും മാനസികവുമായ ബന്ധം. തുടക്കത്തില്‍ ഇത്തരം ബന്ധങ്ങളിലെല്ലാം കാണുന്നതുപോലെ ഹോട്ടലുകളിലായിരുന്നു ഇരുവരും കണ്ടുമുട്ടിയിരുന്നതും ബന്ധം തുടര്‍ന്നിരുന്നതും. എന്നാല്‍, അത് ബുദ്ധിമുട്ടായി തോന്നി തുടങ്ങിയപ്പോള്‍ ഓട്ടോയെ ഡോളി വീട്ടിലേക്ക് തന്നെ ക്ഷണിച്ചു തുടങ്ങി. എന്നാൽ ഒരു ചെറുപ്പക്കാരൻ ഡോളിയെ നിരന്തരം സന്ദർശിക്കുന്നതിൽ അയൽവാസികൾക്ക് സംശയം തോന്നി.അതോടെ ഡോളി ഓട്ടോയോട് തങ്ങളുടെ വീടിന്‍റെ മച്ചില്‍ രഹസ്യ അറയിൽ താമസിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ഓട്ടോ ഫാക്ടറിയിലെ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയവും ആ ഒളിത്താവളത്തില്‍ കഴിഞ്ഞു തുടങ്ങി. പകല്‍ നേരങ്ങളില്‍ ഫ്രെഡ് പോയിക്കഴിയുമ്പോള്‍ അയാള്‍ താഴെ എത്തുകയും ഡോളിയുമായി പ്രണയ സല്ലാപങ്ങളിൽ ഏര്‍പ്പെടുകയും വീട്ടുജോലികളില്‍ അവളെ സഹായിക്കുകയും ചെയ്തു. ഒപ്പം തന്റെ ചില കഥകൾ തൂലികാനാമത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അഞ്ച് വര്‍ഷം ഇത് തുടര്‍ന്നു. എന്നാല്‍, 1918 -ല്‍ ഫ്രെഡ് ഡോളിയോട് ഈ വീട് വിറ്റ് ലോസ് ഏഞ്ചല്‍സിലേക്ക് മാറാനാണ് ഇനി പദ്ധതി എന്നറിയിച്ചതോടെ സംഗതി ആകെ കുഴപ്പത്തിലായതായി ഡോളിക്ക് തോന്നി. അങ്ങനെ ഡോളി തന്നെ ഒരു മച്ചുള്ള വീട് കണ്ടെത്തി ഓട്ടോയെ നേരത്തെ അങ്ങോട്ടയച്ചു. അവിടെ അവന്‍ അവള്‍ക്കായി കാത്തിരുന്നു. എന്നാൽ അവിടെ മിൽവാക്കിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ഫ്രെഡ് കുടിക്കുകയും ദമ്പതികൾ തമ്മിലുള്ള തർക്കങ്ങൾ അക്രമാസക്തമാവുകയും ചെയ്തു. 1922 ഓഗസ്റ്റ് 22 -ന് ഡോളിയും ഫ്രെഡും വഴക്കിടുന്നത് ഓട്ടോ കേട്ടു. അയാള്‍ തന്‍റെ രഹസ്യമുറിയില്‍ നിന്നും പുറത്ത് വന്നു. ഓട്ടോയെ കണ്ടതും അയാള്‍ തന്‍റെ ഫാക്ടറിയിലുണ്ടായിരുന്നയാളാണ് എന്ന് ഫ്രെഡ് തിരിച്ചറിയുകയും ചെയ്തു.
അയാള്‍ക്ക് ക്രോധമടക്കാനായില്ല. ആളുടെ കയ്യില്‍ തോക്കുമുണ്ടായിരുന്നു. അങ്ങനെ ഫ്രെഡും ഓട്ടോയും അടിപിടിയായി. തോക്കുകള്‍ കൈവിട്ടു പോയി. ഫ്രെഡിന് വെടിയേറ്റു. ഓട്ടോയും ഡോളിയും പരിഭ്രാന്തരായി. ഓട്ടോ ഡോളിയെ ഒരു മുറിയിലിട്ട് പുറത്ത് നിന്നും പൂട്ടി. താക്കോലും തോക്കും മച്ചിലെ തന്‍റെ താവളത്തിലേക്ക് കൊണ്ടുപോയി. അയല്‍ക്കാര്‍ വെടിയൊച്ച കേള്‍ക്കുമെന്നും പൊലീസിലറിയിക്കുമെന്നും ഇരുവര്‍ക്കും അറിയാമായിരുന്നു. പൊലീസെത്തിയാല്‍ ഡോളിയെ മുറിയില്‍ അടച്ചിട്ടിരിക്കുകയാണ് അപ്പോള്‍ ഡോളിക്ക് കൊലപാതകം നടത്താനാവില്ലെന്ന് പൊലീസ് കരുതുമെന്നാണ് ഇരുവരും ധരിച്ചത്.
അയൽവാസികളിൽ ഒരാൾ പോലീസിനെ വിളിക്കുന്നതുവരെ ഡോളി നിലവിളിക്കാൻ തുടങ്ങി. പൊലീസെത്തിയപ്പോള്‍ വീട്ടില്‍ മോഷണശ്രമം നടന്നുവെന്നും അങ്ങനെയാണ് ഫ്രെഡിന് വെടിയേറ്റത് എന്നും ഡോളി അവരോട് പറഞ്ഞു. ഫ്രെഡിനെ വെടിവച്ചു വീഴ്ത്തിയ ശേഷം വിലപ്പെട്ട പലതും കൊണ്ടുപോയി എന്നും തന്നെ മുറിയിലിട്ട് പൂട്ടിയെന്നും അവള്‍ പൊലീസിനോട് പറഞ്ഞു . ഡോളിയുടെ കഥയെ സംശയിക്കാൻ പോലീസിന് ഒരു കാരണവുമുണ്ടായിരുന്നില്ല . അങ്ങനെ കേസ് ഒതുങ്ങിയെന്ന് കരുതി ഡോളി ഒരു പുതിയ വീട് വാങ്ങുകയും ചെയ്തു. ഓട്ടോയ്ക്കും അവള്‍ക്കും സാധാരണ ജീവിതം നയിക്കാനാവുമെന്ന് കരുതിയെങ്കിലും അവളയാളെ ലൈംഗിക അടിമയെപ്പോലെ കണ്ടു. ഒളിത്താവളത്തിൽ തന്നെയായിരുന്നു അയാളുടെ താമസം. എന്നാല്‍, ഓട്ടോയുടെ പള്‍പ് ഫിക്ഷനുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും അയാള്‍ ഒരു ടൈപ്പ് റൈറ്റര്‍ സ്വന്തമാക്കുകയും ചെയ്തു. അതിൽ എഴുതുകയും ചെയ്തു.
കുറച്ച് കാലത്തിനുശേഷം പോലീസ് ഇക്കഥകൾ അറിഞ്ഞു വീണ്ടും അന്വേഷണം ആരംഭിച്ചു . അയല്‍ക്കാരനും കുഴിച്ചിട്ട തോക്കെടുത്ത് പൊലീസിന് കൈമാറി. പക്ഷേ, കാലപ്പഴക്കം കൊണ്ടും മറ്റും തോക്കുകള്‍ക്ക് നാശം സംഭവിച്ചതിനാല്‍ അവയ്ക്ക് ഡോളിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായില്ല. വിചാരണ കാത്തുകിടക്കവെ ഡോളി വക്കീലായ ഷാപിറോയോട് ഓട്ടോ തന്‍റെ അര്‍ദ്ധസഹോദരനാണ് എന്നും അയാൾ മച്ചിൽ താമസിക്കുന്നുണ്ട് അയാള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്‍കണമെന്നും പറഞ്ഞു. എന്നാല്‍, ഓട്ടോ താനും ഡോളിയും തമ്മിലുള്ള ശരിക്കുള്ള ബന്ധത്തെ കുറിച്ച് ഷാപിറോയോട് പറഞ്ഞു. ഷാപിറോ അതെല്ലാം കേട്ടുവെങ്കിലും ആ സമയത്ത് അത് കാര്യമാക്കിയില്ല. ഡോളിയെ ജാമ്യത്തില്‍ വിട്ടു. തെളിവുകളൊന്നും ഇല്ലാത്തതിനാൽ ഡോളിയുടെ ശിക്ഷകളെല്ലാം ഒഴിവാക്കുകയും ഷാപിറോ അവളോടൊപ്പം തന്നെ കഴിയുകയും ചെയ്തു.
ഏഴ് വര്‍ഷം ഡോളിക്കും ഷാപിറോയ്ക്കുമിടയില്‍ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. എന്നാല്‍, പിന്നീടവര്‍ തെറ്റി. ഇതോടെ ഷാപിറോ പോയി പൊലീസിനോട് ഉള്ള സത്യമെല്ലാം അങ്ങ് തുറന്നു പറഞ്ഞു. ഡോളിക്കെതിരെ വീണ്ടും വാറണ്ട് പുറപ്പെടുവിച്ചു. ഇത്തവണ ഓട്ടോയ്ക്കെതിരെയും വാറണ്ടുണ്ടായിരുന്നു. എന്നാല്‍, ഡോളി അയാളെ അടിമയാക്കി പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്ന് പറഞ്ഞിട്ടും നരഹത്യക്ക് ഓട്ടോയ്ക്കെതിരെ കേസുണ്ടായി. ബാറ്റ് മാന്‍ കേസ്’ എന്നാണ് ഈ വിചാരണ അറിയപ്പെട്ടത്. ഓട്ടോയ്ക്ക് പത്തുവർഷത്തോളം ഒരു വീടിന്റെ മച്ചിൽ മാത്രം കഴിയേണ്ടി വന്നതിനാലാണ് ഇങ്ങനെ ഒരു പേര് വരാൻ കാരണമായത്. ഏതായാലും ശിക്ഷയുടെ കാലാവധി തീര്‍ന്നപ്പോള്‍ അയാള്‍ പുറത്തിറങ്ങി, സ്വതന്ത്രനായി. ഗൂഢാലോചനക്കുറ്റം ചുമത്തി ഡോളി ഓസ്റ്റെറിച്ചിനെതിരെ വിചാരണ നടന്നു. 1936 -ൽ ഒടുവിൽ കുറ്റപത്രം ഉപേക്ഷിക്കപ്പെട്ടു. 1961 -ല്‍ തന്റെ 80 -ാമത്തെ വയസിലാണ് ഡോളി മരിക്കുന്നത്.